നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതകളെക്കുറിച്ചും പി.വി.അന്‍വര്‍ പ്രശ്നത്തെക്കുറിച്ചും സംസാരിക്കുന്നു ഐക്യജനാധിപത്യമുന്നണി കണ്‍വീനറും ലോക്സഭാംഗവുമായ അടൂര്‍ പ്രകാശ്.
? തന്നെ മറ്റു നിവൃത്തിയില്ലാത്ത സാഹചര്യത്തിലെത്തിച്ചത് യു.ഡി.എഫ് ആണെന്ന് പി.വി.അന്‍വര്‍ പറയുന്നു
അന്‍വറിനെ ഡെസ്പെറേറ്റ് ആക്കുന്ന രീതിയില്‍ യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയിക്കണം. അതിനു വേണ്ടുന്ന സഹായസഹകരണങ്ങള്‍ അന്‍വര്‍ ഉള്‍പ്പെടെ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.
? യു.ഡി.എഫില്‍ ചേര്‍ക്കാം എന്ന് പറഞ്ഞ് അന്‍വറിനെ പറ്റിച്ചിട്ടുണ്ടോ
ഞാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ. അതിനിടയില്‍ അത്തരം ഒരു കാര്യമുണ്ടായതായി എന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. ചുമതല ഏറ്റെടുക്കും മുമ്പുള്ള കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കാവില്ല.
? യുഡിഎഫില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നാലുമാസം മുമ്പ് കത്ത് നല്‍കിയിരുന്നെങ്കിലും അതില്‍ തീരുമാനമായില്ല എന്ന് അന്‍വര്‍ പറയുന്നു. കണ്‍വീനര്‍ എന്ന നിലയില്‍ തൃണമൂലിനെ മുന്നണിയില്‍ ചേര്‍ക്കുമോ
കണ്‍വീനര്‍ എന്ന നിലയില്‍ ഒറ്റക്കെടുക്കേണ്ട തീരുമാനമല്ല അത്. യുഡിഎഫ് ഒന്നിച്ചുകൂടി ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. മാത്രമല്ല, തൃണമൂലുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ അഖിലേന്ത്യാതലത്തിലും ചര്‍ച്ച നടത്തേണ്ടതുണ്ട്.
? കെ.സി.വേണുഗോപാലിനെ കണ്ട ശേഷം നിലമ്പൂരില്‍ തനിച്ചു മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്ന് അന്‍വര്‍ പറയുന്നു. കെ.സി ആണോ ഈ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്
കെ.സി.വേണുഗോപാല്‍ എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാണ്, മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തെ അന്‍വര്‍ കാണുന്നതില്‍ ഒരു തെറ്റുമില്ല. ആര്‍ക്കും ആരെയും കാണാമല്ലോ. അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ ഞങ്ങള്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. അദ്ദേഹം തീര്‍ച്ചയായും കൂടെ ഉണ്ടാവും എന്ന് തന്നെയാണ് വിചാരിക്കുന്നത്.
? ഇനി അന്‍വര്‍ കൂടെ നില്ക്കുന്നില്ല എന്ന് വിചാരിക്കുക. അത് യുഡിഎഫിന്റെ സാധ്യതകളെ എങ്ങനെ ബാധിക്കും
അത് അപ്പോഴത്തെ കാര്യമല്ലേ. അങ്ങനെ സംഭവിക്കാന്‍ സാധ്യത കാണുന്നില്ല
? നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കാണുന്നുണ്ടോ
അതില്‍ സംശയമില്ല. കേരള ജനതയുടെ മനസ്സാക്ഷി എങ്ങനെ ചിന്തിക്കുന്നു എന്ന് തിരിച്ചറിയാനുള്ള തെരഞ്ഞെടുപ്പാണിത്. അത് എല്‍ഡിഎഫിന് എതിരായിരിക്കും എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. അതിനു വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഞങ്ങള്‍ മുന്നോട്ടുപോവും.
? നിലമ്പൂരില്‍ യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്
സര്‍ക്കാരിനെതിരായ കുറ്റപത്രമാണ് പ്രധാനം. ഒന്‍പതു വര്‍ഷമായി കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന് ഒരു വന്‍കിടപദ്ധതിയും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊണ്ടുവന്ന വന്‍കിട പദ്ധതികള്‍ ഏറ്റെടുത്ത് സ്വന്തമാണെന്ന് മേനി നടiക്കുന്നതു മാത്രമാണ് നടക്കുന്നത്. കേരളത്തിലെ അമ്മമാരും സഹോദരിമാരും അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വളരെ കൂടുതലാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മയക്കുമരുന്നിന് അടിമപ്പെട്ട സംസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ കേരളത്തെ ചൂണ്ടിക്കാണിക്കുന്ന തരത്തിലാണ് ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. മയക്കുമരുന്നിന്റെ ലഹരിയില്‍ അമ്മമാരെ ചവിട്ടിക്കൊല്ലുന്നു, സഹോദരിമാരെ വെട്ടിക്കൊല്ലുന്നു എന്നിങ്ങനെ. പാവപ്പെട്ടവര്‍ക്ക് പെന്ഷന് കൊടുക്കുന്നില്ല. ഇപ്പോള്‍ രണ്ടുമാസത്തെ കുടിശ്ശിക കൊടുക്കാന്‍ തീരുമാനിച്ചത് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്.
? താങ്കളും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫും ചാര്ജെടുത്തിട്ട് ഒരു മാസം ആയിട്ടില്ല. നിങ്ങളും പ്രതിപക്ഷ നേതാവ് സതീശനും തമ്മിലുള്ള പൊരുത്തം..
ഞങ്ങള്‍ ഒന്നിച്ച് ഒറ്റക്കെട്ടായാണ് മുമ്പോട്ട് പോകുന്നത്. ഈ തെരഞ്ഞെടുപ്പ് ഞങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ആദ്യപടിയാണ്.
? കെ.പി.സി.സി പ്രസിഡണ്ട് ആകാന്‍ ആഗ്രഹിച്ചിരുന്നോ
ഇല്ലില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുത്ത് മുമ്പോട്ടു പോവുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം.
? കെ.പി.സി.സി പ്രസിഡണ്ടായി ക്രൈസ്തവനായ സണ്ണി ജോസഫ് വന്നതുകൊണ്ടാണ് നിലമ്പൂരില്‍ ജോയിക്ക് അവസരം കൊടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. ജാതിമത പരിഗണനകള്‍ വച്ചാണോ പദവികളും സ്ഥാനാര്‍ഥികളും നിര്‍ണയിക്കപ്പെടുന്നത്
അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ല. ഒരു ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍, മതേതര പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസിന് എല്ലാവരെയും പരിഗണിക്കേണ്ടതായി വരും. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കിയെടുത്തുകൊണ്ട് ആള്‍ക്കാരെ നിശ്ചയിക്കുകയല്ല ഉണ്ടായിട്ടുള്ളത്. അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടാകാന്‍ പാടില്ല.
? ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും പിജെ ജോസഫും പോലുള്ള വലിയ നേതാക്കള്‍ ഇരുന്ന കസേരയാണ് യുഡിഎഫ് കണ്‍വീനറുടേത്. ആ പദവിക്ക് ഇടക്കാലത്ത് ഇത്തിരി ഇടിവു തട്ടിയതായി പറയാറുണ്ട്. യുഡിഎഫ് കണ്‍വീനര്‍ പദവിയുടെ പ്രതാപം തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമോ
തീര്‍ച്ചയായും. എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം കുറ്റമറ്റതായി മുന്നോട്ടു കൊണ്ടുപോവുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതായി ഞാന്‍ കാണുന്നു. എല്ലാവരുമായും കൂടിയാലോചന നടത്തും, ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നിര്‍ദേശങ്ങള്‍ സ്വീകരിച്ചുുകൊണ്ട് മുന്നോട്ട് പോകാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.
? 2019-ല്‍ കോന്നിയില്‍ നിന്നും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് പോകുമ്പോള്‍ ദീര്‍ഘകാലം സംസ്ഥാനരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരും എന്ന് കരുതിയിരുന്നോ? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും മത്സരിക്കുമോ
അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മത്സരിക്കും എന്ന് പറയാന്‍ ഞാന്‍ ആളല്ല. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഏറ്റെടുത്തുകൊണ്ടാണ് ഞാന്‍ കോന്നിയില്‍ നിന്നും ആറ്റിങ്ങലിലേക്ക് വന്നത്. രണ്ടാം തവണ മത്സരരംഗത്ത് നിന്നും മാറിനില്ക്കാന് തയ്യാറാണ് എന്ന് അറിയിച്ചെങ്കിലും മത്സരിക്കാനാണ് ആവശ്യപ്പെട്ടത്. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അവിടുത്തെ ജനങ്ങള്‍ എന്നെ അംഗീകരിച്ചു, രണ്ടാം തവണയും ജയിക്കാനുള്ള ഭാഗ്യമുണ്ടായി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റുക എന്നുള്ളതാണ് എന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
? ചിലര്‍ കളിയായി പറഞ്ഞിരുന്നു, രണ്ടാം തവണ ആറ്റിങ്ങലില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തോല്‍ക്കണമെന്നാണ് അടൂര്‍ പ്രകാശ് ആഗ്രഹിച്ചത്.
അതില്‍ ഒരു കാര്യവുമില്ല!
? ശശി തരൂര്‍ എംപിയെ ഹൈക്കമാന്‍ഡ് കൈകാര്യം ചെയ്ത രീതിയെപ്പറ്റി
ആ കാര്യത്തില്‍ ഒരുപാട് അഭിപ്രായങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു. ഇനിയിപ്പോള്‍ എന്തെങ്കിലും പറയാന്‍ ഞാനില്ല. എന്റെ ആദ്യത്തെ ദൗത്യം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം.
Content Highlights: Adoor Prakash, UDF convener, discusses Nilambur bypoll prospects, PV Anvar issue
Published: 28 May 2025, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented