
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം. സേനാപതി, കംജോങ് ജില്ലകളിൽ നടന്ന ആക്രമണത്തിൽ രണ്ട് കുക്കി വംശജർ കൊല്ലപ്പെട്ടു. ബന്ദികളാക്കപ്പെട്ട ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെത്തിയതിനുപിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള കംജോങ് ജില്ലയിലെ കുൽതു ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാതരായ തോക്കുധാരികൾ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ആക്രമികൾ ഗ്രാമത്തിലെ പള്ളിയും ഉൾപ്പെടെ ഏഴ് കെട്ടിടങ്ങൾക്ക് തീയിട്ടു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേൺ കുക്കി ചീഫ്സ് അസോസിയേഷൻ ആരോപിച്ചു.
എന്നാൽ, അതിർത്തി മേഖലയിലെ ആധിപത്യത്തെച്ചൊല്ലി രണ്ട് കുക്കി സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഈസ്റ്റേൺ കമാൻഡ് നാഗാ വില്ലേജ് ഗാർഡ് പറഞ്ഞു.
മെയ് 9-ാം തീയതി നാഗാവിഭാഗം മൂന്ന് കുക്കി വൈദികരെ കൊലപ്പെടുത്തിയതോടെയാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ഇതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും എതിർചേരിയിൽപ്പെട്ട ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി. ഇവരിൽ ഭൂരിഭാഗം പേരെയും ഇരുവിഭാഗങ്ങളും ചർച്ചകളിലൂടെ വിട്ടയച്ചെങ്കിലും, ആറ് നാഗാ വംശജരെ കാണാതായിരുന്നു. ഇവർക്കായി പോലീസ്, സിആർപിഎഫ്, അസം റൈഫിൾസ് എന്നിവരുടെ നേതൃത്വത്തിൽ 450-ഓളം ഉദ്യോഗസ്ഥർ ആഴ്ചകളായി തിരച്ചിൽ നടത്തിവരികയായിരുന്നു.
ഈ ആറുപേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെടുത്തതിനെത്തുടർന്ന് സേനാപതി ജില്ലയിൽ വൻ പ്രതിഷേധമുണ്ടായി. നാഗാ ഭൂരിപക്ഷ പ്രദേശമായ സേനാപതിയിൽ ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിക്കുകയും തീയിടുകയും ചെയ്തു. ബുധനാഴ്ച രാത്രി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചപ്പോഴും വൻ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നാഗാ വംശജരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നാഗാ കൗൺസിൽ വ്യാഴാഴ്ച സംസ്ഥാനത്ത് 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
Content Highlights: Six Naga individuals found dead in Senapati district following abduction., Two Kuki individuals killed by unidentified gunmen in Kamjong district., Widespread protests and NPF office vandalism reported in Senapati., 24-hour bandh called by United Naga Council across Naga-inhabited areas., Ongoing security operations involving CRPF and Assam Rifles to restore order.
Published: 11 Jun 2026, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented