2015 ഒക്ടോബറിലാണ് രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശവപ്പെട്ടി കുംഭകോണം മുന്‍ എന്‍ഡിഎ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. 'എനിക്ക് ക്ലീന്‍ ചിറ്റിന്റെ ആവശ്യമില്ല, കാരണം മന്ത്രിയായിരിക്കെ എന്റെ മേശപ്പുറത്ത് എത്തിയ ഫയലുകളിലൂടെയല്ല ശവപ്പെട്ടി ഇടപാട് നടന്നത്' എന്നായിരുന്നു വിധിക്ക് പിന്നാലെ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതികരിച്ചത്. അഴിമതി ആരോപണം ഉയര്‍ന്ന അന്നുമുതല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ആവര്‍ത്തിച്ച വിശദീകരണത്തിന്റെ തുടര്‍ച്ചയായിരുന്നു ഇതെങ്കിലും രാജ്യത്തിനുവേണ്ടി ധീരത്യാഗം ചെയ്തവര്‍ക്കുള്ള ശവപ്പെട്ടിയില്‍ പോലും അഴിമതി നിറയ്ക്കുന്നവര്‍ എന്ന പഴി ജോര്‍ജ് ഫെര്‍ണാണ്ടസിനേയും വാജ്പേയ് നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനേയും ദശാബ്ദത്തിലേറെക്കാലം വേട്ടയാടി. 2004ലെ തിരഞ്ഞെടുപ്പിനെ പോലും അഴിമതി വിവാദങ്ങള്‍ ചൂഴ്ന്നു. ശവപ്പെട്ടി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് വര്‍ഷത്തിനിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ദയനീയമായി പരാജയപ്പെട്ടു. എന്‍ഡിഎയെ തോല്‍വിയിലേക്ക് നയിച്ച പ്രബലമായ തിരഞ്ഞെടുപ്പ് പ്രചാരണവിഷയങ്ങളിലൊന്ന് ശവപ്പെട്ടി അഴിമതിക്കേസായിരുന്നു. എങ്ങനെയാണ് ശവപ്പെട്ടി കേസ് 2004ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്? കേസിന്റെ ഭാവിയെന്തായിരുന്നു? ഗുരുതരമായ ആരോപണങ്ങളെ എങ്ങനെയാണ് ബിജെപി നേരിട്ടത്? 

To advertise here,

ശവപ്പെട്ടി ഇടപാടും ആരോപണങ്ങളും 

കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സര്‍ക്കാരിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണമായിരുന്നു ശവപ്പെട്ടി കുംഭകോണം. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് വേണ്ടി യുഎസ്സില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ അലുമിനിയം ശവപ്പെട്ടികള്‍ വിലകൊടുത്ത് വാങ്ങിയെന്നായിരുന്നു ആരോപണം. ശവപ്പെട്ടി വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ കരാറില്‍ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന സി.എ.ജി റിപ്പോര്‍ട്ട് 2001ലാണ് പുറത്തുവന്നത്. 

കാര്‍ഗില്‍ യുദ്ധകാലത്തിന് മുന്‍പുതന്നെ സൈനികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി അലുമിനിയം പെട്ടികള്‍ ശേഖരിക്കണമെന്ന നിര്‍ദേശം വെസ്റ്റേണ്‍ കമാന്‍ഡ് മുന്നോട്ടുവെച്ചിരുന്നു. സൈനികരുടെ മൃതദേഹങ്ങള്‍ തടികൊണ്ടുള്ള ശവപ്പെട്ടിയില്‍ അയക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. ഇത് മൃതദേഹം അഴുകുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാവുന്നു എന്നതിനാലായിരുന്നു അലുമിനിയം പെട്ടികള്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. ഇതുപ്രകാരം ഗുണമേന്മയും ഭാരക്കുറവുമുള്ള പെട്ടികള്‍ ആവശ്യമുണ്ടെന്ന് 1995 ജൂലായ് 12ന് വെസ്റ്റേണ്‍ കമാന്‍ഡ് പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചു. തുടര്‍ന്ന് അലുമിനിയം ശവപ്പെട്ടികളുടെ ലഭ്യതയെ കുറിച്ച് പ്രതിരോധമന്ത്രാലയം വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം നടത്തുകയും വാഷിങ്ടണിലെ ബ്യൂട്രോണ്‍ ആന്റ് ബൈസ് എന്ന കമ്പനിയില്‍ നിന്ന് ക്വട്ടേഷന്‍ ലഭിക്കുകയും ചെയ്തു. ശവപ്പെട്ടികള്‍ക്ക് 2118 മുതല്‍ 2500 ഡോളര്‍ വരെയാണ് കമ്പനി വില ആവശ്യപ്പെട്ടത്. എന്നാല്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയില്ല. പിന്നീട് കാര്‍ഗില്‍ യുദ്ധകാലത്ത് വീരചരമം പ്രാപിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കേടുകൂടാതെ നാട്ടിലേക്കെത്തിക്കാനായി അലുമിനിയം പെട്ടികള്‍ക്കായി പ്രതിരോധമന്ത്രാലയം വീണ്ടും അമേരിക്കന്‍ കമ്പനിയെ സമീപിച്ചു. ഓരോ ശവപ്പെട്ടിക്കും 2665 ഡോളറായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. പിന്നീട് ചര്‍ച്ചകളെ തുടര്‍ന്ന് ഇത് 2500 (1.09 ലക്ഷം രൂപ) ഡോളറായി കുറച്ചു. തുടര്‍ന്ന് 1999 ഓഗസ്തില്‍ 6.55 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചു. 18 കിലോഗ്രാം തൂക്കമുള്ള പെട്ടികള്‍ക്കായിരുന്നു മന്ത്രാലയം കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ 54 കിലോഗ്രാമിന്റേതാക്കി മാറ്റണമെന്ന് കമ്പനി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ നിര്‍ദേശം മന്ത്രാലയം അംഗീകരിച്ചില്ല. അതിനിടെ 150 പെട്ടികള്‍ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ഇതിന്റെ ആകെ തുകയുടെ 90 ശതമാനം, 337,500 ഡോളര്‍ തുക മന്ത്രാലയം കമ്പനിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ കമ്പനി ഇന്ത്യയിലെത്തിച്ച പെട്ടികള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ഭാരമുള്ളവയും ഗുണനിലവാരം കുറഞ്ഞവയുമായിരുന്നു. 18 കിലോ തൂക്കമുള്ള പെട്ടികളാണ് പറഞ്ഞതെങ്കിലും 54 കിലോ തൂക്കമുള്ള പെട്ടികളണ് ഇന്ത്യയിലെത്തിച്ചത്. ഇത് സൈന്യം പൂര്‍ണമായും നിരസിച്ചു. ആവശ്യത്തിന് ചേരുന്ന പെട്ടികളല്ലെന്ന് അറിയിച്ച് കരാര്‍ റദ്ദാക്കി. പണം തിരിച്ചുനല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. 

കരാറിന്റെ പേരില്‍ വന്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ കമ്പനികളെ പരിഗണിക്കുക പോലും ചെയ്യാതെയാണ് അമേരിക്കയിലെ കമ്പനിയുമായി മന്ത്രാലയം കരാര്‍ ഉണ്ടാക്കിയത്. 1.2 ലക്ഷം രൂപയുടെ 500 ശവപ്പെട്ടികളും 3000 ബോഡി ബാഗുകളും ഇറക്കുമതി ചെയ്യാനായിരുന്നു ധാരണ. ഒരൊറ്റ കമ്പനിയില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കീഴ്​വഴക്കങ്ങള്‍ക്ക് വിരുദ്ധമായാണ് മന്ത്രാലയത്തിന്റെ കരാര്‍ നടപടികള്‍. പുതിയ കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ വേണ്ടത്ര പരിശോധനയോ വിലയിരുത്തലോ നടത്തിയില്ല. ഗുണമേന്മയില്ലാത്ത പെട്ടികളാണ് ഇന്ത്യയിലെത്തിച്ചത്. സമാനമായ ഇടപാടില്‍ യാതൊരു മുന്‍പരിചയും പ്രസ്തുത കമ്പനിക്കില്ല. ഇന്ത്യയുടെ കരാര്‍ ലഭിച്ചതിനുശേഷം മാത്രമാണ് ശവപ്പെട്ടി കമ്പനിയുടെ വിതരണക്കാരായി കമ്പനി മാറിയത്. കാര്‍ഗില്‍ കരാറിന് അഞ്ച് വര്‍ഷം മുന്‍പ് സൊമാലിയയിലെ യു.എന്‍ സമാധാനസേനയുടെ ഭാഗമായിരുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി 172 ഡോളറിനാണ് ശവപ്പെട്ടികള്‍ വാങ്ങിയത്. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ ഇതേ ശവപ്പെട്ടികള്‍ മറ്റൊരു പേരിലുള്ള കമ്പനി 2500 ഡോളറിനാണ് വില്‍പന നടത്തിയത്. ഇത് മന്ത്രാലയം പരിശോധിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ശവപ്പെട്ടി കേസിനൊപ്പം കാര്‍ഗില്‍ യുദ്ധകാലത്ത് നടന്ന പ്രതിരോധ ഇടപാടുകളില്‍ വേറേയും നിരവധി ക്രമക്കേടുകള്‍ സി.ഐ.ജി കണ്ടെത്തിയിരുന്നു. തെര്‍മല്‍ ഇമേജറുകള്‍, സ്നൈപ്പറുകൾ, ബൊഫേഴ്സ് തോക്കിന്റെ ഭാഗങ്ങള്‍ വാങ്ങാനുള്ള 2163 കോടി രൂപയുടെ ഇടപാടുകളിലും അഴിമതിയുണ്ടെന്ന് സി.ഐ.ജി റിപ്പോര്‍ട്ട് ചെയ്തു.

placeholder
സോണിയയും രാഹുലും

രാഷ്ട്രീയ കോളിളക്കങ്ങള്‍

ശവപ്പെട്ടികള്‍ വാങ്ങിയതിലെ അഴിമതി ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സിഎജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിലൂടെയായിരുന്നു ആദ്യം പുറത്തുവന്നത്. അതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുക തന്നെ ചെയ്തു. ഈ കേസ് സൃഷ്ടിച്ചത് രാഷ്ട്രീയ കോളിളക്കമായിരുന്നു. വാജ്പേയി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനേയും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനേയും ശവപ്പെട്ടി കേസ് വിവാദത്തിലേക്കെത്തിച്ചു. സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പാര്‍ലമെന്റില്‍ വലിയ ബഹളങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. അഴിമതി കേസിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ബഹളം. പ്രതിരോധമന്ത്രി രക്തസാക്ഷികളുടെ രക്തം കുടിച്ചെന്ന് പോലും ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ തനിക്ക് കരാറില്‍ പങ്കില്ലെന്നായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് വ്യക്തമാക്കിയത്. സൈന്യത്തിന്റേയും പ്രതിരോധ സെക്രട്ടറിയുടേയും തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഇടപാടായിരുന്നു ശവപ്പെട്ടി കരാറെന്നും അദ്ദേഹം പലകുറി വിശദീകരിച്ചെങ്കിലും പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയില്ല. വിവാദം ചൂടുപിടിച്ചതോടെ കാര്‍ഗില്‍ യുദ്ധസമയത്തെ ഇടപാടുകള്‍ മുഴുവന്‍ സിഎജിയുടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫെര്‍ണാണ്ടസ് പ്രഖ്യാപിച്ചു. കരാര്‍ റദ്ദാക്കിയെങ്കിലും ഇടപാടില്‍ സംശയമുണര്‍ത്താനും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുതന്നെ അത് രാഷ്ട്രീയപരമായി ഉപയോഗിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. 

ശവപ്പെട്ടി അഴിമതി അടക്കം യുദ്ധകാലത്തെ നിരവധി പ്രതിരോധ ഇടപാട് ആരോപണങ്ങളില്‍ എന്‍ഡിഎ സര്‍ക്കാര്‍ മുങ്ങിനില്‍ക്കുന്ന കാലത്താണ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാറിന് അധികാരം നഷ്ടപ്പെട്ടു. കേന്ദ്രഭരണത്തിലെത്തിയ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ 2004ല്‍ ശവപ്പെട്ടി ഇടപാട് കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് 2006 ജൂണിലാണ് ശവപ്പെട്ടി ഇടപാട് അഴിമതി കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനിടെ കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുടെ വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് അന്വേഷണത്തിനിടെ ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചു. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 2009 ഓഗസ്തില്‍ ഡല്‍ഹിയിലെ സിബിഐ കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ആര്‍മിയിലെ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്ന മേജര്‍ ജനറല്‍ അരുണ്‍ റോയി, കേണല്‍ എസ്.കെ. മാലിക്, എഫ്.ബി. സിങ് എന്നിവരെയും യുഎസ് കമ്പനി പ്രതിനിധി വിക്ടര്‍ ബൈസ പ്രതികളാക്കിക്കൊണ്ടായിരുന്നു കുറ്റപത്രം. സെക്ഷന്‍ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 420 ഐപിസി (വഞ്ചന), അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമൊന്നും ഉണ്ടായില്ല. ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരേ കേസെടുക്കാന്‍ മതിയായ തെളിവുകളൊന്നുമില്ലെന്നായിരുന്നു സിബിഐ ചൂണ്ടിക്കാട്ടിയത്. നാല് വര്‍ഷത്തിനിപ്പുറം 2013ല്‍ പ്രത്യേക സിബിഐ കോടതി ജോര്‍ജ് ഫെര്‍ണാണ്ടസിനും വാജ്പേയിക്കും ക്ലീന്‍ ചിറ്റ് നല്‍കി. ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി 2015 ഒക്ടോബര്‍ 13-ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തള്ളുകയും കുറ്റാരോപിതരെയെല്ലാം വെറുതേവിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

98ലെ തിരഞ്ഞെടുപ്പും എന്‍ഡിഎയുടെ ഉദയവും

1999ൽ അത് കേന്ദ്ര ഭരണത്തിൽ ബി.ജെ.പിയുടെ മൂന്നാം ഊഴമായിരുന്നു എൺപത്തിനാലിനുശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുന്നത്. കാലാവധി തികച്ച ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരുമായിരുന്നു ഇത്. 96ൽ  എ.ബി.വാജ്പെയിയുടെ നേതൃത്വത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻ.ഡി. എ സർക്കാർ അധികാരത്തിൽ വന്നെങ്കിലും ആ മന്ത്രിസഭയ്ക്ക് 13 ദിവസം മാത്രമായിരുന്നു ആയുസ്സ്. വിശ്വാസവോട്ടിന് തൊട്ടുമുൻപ് മായാവതിയാണ് പാലം വലിച്ചത്. പിന്നീട് 98ൽ ബി.ജെ.പി. വീണ്ടും വാജ്​പെയിയുടെ നേതൃത്വത്തിൽ ഒരിക്കൽക്കൂടി അധികാരത്തിൽ വന്നെങ്കിലും ആ മന്ത്രിസഭയ്ക്ക് 13 മാസം മാത്രമായി ആയുസ്സ്. 1999 ഏപ്രില്‍ 17-ന് ജയലളിത നയിക്കുന്ന അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചത് രണ്ടാം വാജ്പേയി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും കഴിഞ്ഞില്ല. അതോടെ അന്നത്തെ രാഷ്ട്രപതിയായ കെ.ആര്‍ നാരായണന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെയാണ് 1999ലെ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

ഫെബ്രുവരിയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലം. എങ്കിലും തെലുങ്കുദേശം പാര്‍ട്ടിയുടെ പിന്തുണയോടെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയുടെ അടല്‍ ബിഹാരി വാജ്പേയിക്ക് കഴിഞ്ഞു. 543 എംപിമാരില്‍ 272 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

20 രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ രൂപീകരിച്ച എന്‍ഡിഎ സഖ്യത്തിന്റെ നേതാവായാണ് ബിജെപി 1999ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റുണ്ടാക്കി. ബിജെപി 182 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 269 സീറ്റില്‍ വിജയിച്ചു. 29 സീറ്റില്‍ മത്സരിച്ച തെലുഗ് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നില്ലെങ്കിലും മുന്‍പത്തെ തിരഞ്ഞെടുപ്പിലെടുത്ത അതേ നിലപാടാണ് സ്വീകരിച്ചത്. ടിഡിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. 1984ന് ശേഷം ആദ്യമായി ഒരു പാര്‍ട്ടിയോ സഖ്യമോ കേവലഭൂരിപക്ഷം നേടുന്ന തിരഞ്ഞെടുപ്പായിരുന്നു 99ലേത്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി അധികാരത്തിലേറി. ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അഞ്ച് വര്‍ഷം അധികാരത്തില്‍ തികച്ചുവെന്ന റെക്കോഡും ഈ വാജ്പേയി സര്‍ക്കാരിനായിരുന്നു. അതിന് മുന്‍പ് 1977ലും 1989ലും 1996ലുമെല്ലാം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിരുന്നെങ്കിലും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കപ്പുറം അധികാരത്തില്‍ തുടരാന്‍ സാധിച്ചിരുന്നില്ല. 

അതേസമയം അതുവരെയുണ്ടായ തിരഞ്ഞെടുപ്പ് ചരിത്രങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും ദാരുണമായി തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 114 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് നേടിയത്. കയ്യിലുണ്ടായിരുന്ന 23 സീറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഉത്തര്‍പ്രദേശ് അടക്കമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രകടമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നത്. തിരഞ്ഞെടുപ്പിലെ മോശം ഫലത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷകൂടിയായ സോണിയ ഗാന്ധി പ്രവര്‍ത്തകരെ വിളിച്ചുചേര്‍ന്ന് സ്വയം വിലയിരുത്താന്‍ ആവശ്യപ്പെടുക പോലുമുണ്ടായി. 1998ല്‍ ആദ്യമായി കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സോണിയയുടെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു 99ലേത്. ഇറ്റാലിയന്‍ പൗരത്വമുള്ള സോണിയയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കകത്തു നിന്നുതന്നെ ശരത് പവാര്‍ അടക്കമുള്ള നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പുകാലത്തും പ്രകടമായ ഈ അസ്വാരസ്യങ്ങള്‍ മുതലെടുക്കാനും ബിജെപിക്ക് സാധിച്ചു. വിദേശി സോണിയ നയിക്കുന്ന കോണ്‍ഗ്രസും സ്വദേശി വാജ്പേയി നയിക്കുന്ന ബിജെപിയും തമ്മിലുള്ള മത്സരമാണ് തിരഞ്ഞെടുപ്പെന്ന് പോലും പ്രചാരണങ്ങളിലുയര്‍ന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ച കാര്‍ഗില്‍ യുദ്ധത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി കൈകാര്യം ചെയ്ത രീതിയും ബിജെപിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ അനുകൂലഘടകമായിരുന്നു. വാജ്പേയി കാലത്തുണ്ടായിരുന്ന സാമ്പത്തിക-സാമൂഹിക-വ്യാവസായിക മുന്നേറ്റങ്ങളും ബിജെപി പ്രചാരണവിഷയങ്ങളാക്കി. പ്രാദേശികപാര്‍ട്ടികളുമായിപ്പോലും സഖ്യം ചേര്‍ന്നത് എല്ലാമേഖലകളിലേയും എല്ലാത്തരം പ്രശ്നങ്ങളേയും പരിഗണിക്കാനും വഴിയൊരുക്കി. ഇതെല്ലാമായിരുന്നു എന്‍ഡിഎ സഖ്യത്തിന്റെ വലിയ വിജയത്തിലേക്ക് നയിച്ചത്. 

എന്‍ഡിഎയെ കൈവിട്ട 2004 തിരഞ്ഞെടുപ്പ്

2004 ഏപ്രില്‍ 20 മുതല്‍ മെയ് 10 വരെ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സഖ്യം 219 സീറ്റിലും എന്‍ഡിഎ 186 സീറ്റിലുമാണ് വിജയിച്ചത്. 272 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഇടതുപാര്‍ട്ടികളടക്കമുള്ളവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1999ലെ പൊതുതിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 62 സീറ്റാണ് 2004ലെ തിരഞ്ഞെടുപ്പില്‍ യു.പി.എ സഖ്യം നേടിയത്. കോണ്‍ഗ്രസ് 145 സീറ്റുകള്‍ നേടിയപ്പോള്‍ 138 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ആകെ 335 അംഗങ്ങളുടെ പിന്തുണയാണ് യു.പി.എ സഖ്യത്തിന് ലഭിച്ചത്. കോണ്‍ഗ്രസിന് പുറമെ ബഹുജന്‍ സമാജ്​വാദി പാര്‍ട്ടി, സമാജ്​വാദി പാര്‍ട്ടി, കേരള കോണ്‍ഗ്രസ്, ഇടതുസഖ്യം എന്നിവരായിരുന്നു യു.പി.എ സഖ്യത്തിലെ പ്രബലര്‍. ബിജെപിക്കൊപ്പം ശിവസേന, അകാലിദള്‍, ജനതാദള്‍, ബിജു ജനതാദള്‍, നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ,  ഐഎഫ്ഡിപി, പ്രോഗ്രസീവ് ജനതാദള്‍, ടി.ഡി.പി എന്നിവരായിരുന്നു സഖ്യം ചേര്‍ന്നത്. 

തൊട്ടുമുന്‍പുള്ള ലോക്സഭ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകര്‍ന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിടത്തുനിന്നാണ് കോണ്‍ഗ്രസ് അപ്രതീക്ഷിത ഊര്‍ജത്തോടെ തിരിച്ചുവരവ് നടത്തിയത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയെന്ന് വിളിക്കപ്പെട്ട ഗുജറാത്തില്‍ പോലും ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് സീറ്റ് ഇരട്ടിപ്പിച്ചു. ആറിൽ നിന്ന് 12 സീറ്റ് കോണ്‍ഗ്രസ് നേടി. കേരളത്തിലൊഴികെ മറ്റെല്ലാം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തി. അതേസമയം 1999ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേരോട്ടമുണ്ടാക്കിയ ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപി ഒരു സീറ്റ് പോലും നേടാതെ തകര്‍ന്നടിഞ്ഞു. എന്‍ഡിഎയ്ക്ക് ശക്തിപകര്‍ന്നിരുന്ന ടിഡിപി, ജനതാദള്‍ യു, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരും കനത്ത പരാജയം നേരിട്ടു. അകാലിദളും ബിജുജനതാദളും മാത്രമായിരുന്നു പിടിച്ചുനിന്നത്.

2003 ഡിസംബറില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് നിയമസഭകളില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആശ്വാസത്തിലായിരുന്നു ബിജെപിയും എന്‍ഡിഎയും ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അമിത ആത്മവിശ്വാസം വിനയായി. തിരഞ്ഞെടുപ്പ് സാഹചര്യം അനുകൂലമാണെന്നായിരുന്നു എന്‍ഡിഎ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 'ഫീല്‍ ഗുഡ്' എന്ന ഘടകം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഭാഗങ്ങളിലും ദൃശ്യമാണെന്ന് പോലും ബിജെപി മുതിര്‍ന്ന നേതാാവ് എല്‍.കെ അദ്വാനി പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ സഖ്യകക്ഷികളില്‍ പലരും വിട്ടുപോകുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പി നേതാക്കളെ അലോസരപ്പെടുത്തിയില്ല. എങ്കിലും തിരഞ്ഞെടുപ്പിലേക്ക് കടന്നപ്പോള്‍ നിലവിലുള്ള സഖ്യങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുകയും പുതിയ സഖ്യകക്ഷികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. ഒഡിഷയിലെ ബിജെഡി, മഹാരാഷ്ട്രയിലെ ശിവസേന, ആന്ധ്രാപ്രദേശില്‍ ടിഡിപി, ബിഹാറിലും മേഘാലയയിലും ജെഡി (യു), പഞ്ചാബിലെ അകാലിദൾ , മിസോറാമില്‍ എംഎന്‍എഫ്, സിക്കിമില്‍ എസ്ഡിഎഫ്, ഐഎഫ്ഡിപി തുടങ്ങിയ സ്വാധീനമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുമായി ബിജെപി സഖ്യം നിലനിര്‍ത്തി. അരുണാചല്‍ പ്രദേശ്, അസം, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്  എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ളതിനാല്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അയോധ്യയും  രാമക്ഷേത്രവും ദേശീയ വിഷയമായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു എന്‍ഡിഎയുടെ പ്രകടനപത്രികയും. 

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശവപ്പെട്ടി അഴിമതി ആരോപണം മുഖ്യവിഷയമായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസും 2002ലെ ഗുജറാത്ത് കലാപവുമെല്ലാം  പ്രചാരണവിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. 

placeholder
Representational Image

ബിജെപിയെ തിരിച്ചടിച്ച 'ഷൈനിങ് ഇന്ത്യ'

തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി രാജ്യത്ത് ജനകീയമാക്കിയ മുദ്രാവാക്യമായിരുന്നു ഇന്ത്യ തിളങ്ങുന്നു 'ഇന്ത്യ ഷൈനിങ്' എന്നത്. ഇന്ത്യയുടെ വികസന-സാമ്പത്തിക നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഷൈനിങ് ഇന്ത്യ കാമ്പയിൻ. സാമ്പത്തിക വളര്‍ച്ച, വിലനിയന്ത്രണം, അടിസ്ഥാനസൗകര്യ വികസനം, ടെലികോം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലേയും സര്‍ക്കാര്‍ നേട്ടങ്ങളെ ഈ കാമ്പയിൻ ഉയര്‍ത്തിക്കാട്ടി. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മിനിറ്റ് വീഡിയോ ആണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്. ഇത് പിന്നീട് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു. ആഭ്യന്തര-അന്താഷ്ട്രതലങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപി ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യം പ്രചാരണത്തിനായി ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഗ്രേ വേള്‍ഡ് പരസ്യ ഏജന്‍സിയുടെ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രതാപ് സുതന്‍ ആണ് ധനമന്ത്രാലയവുമായി കൂടിയാലോചിച്ച് ഇത്തരമൊരു കാമ്പയിൻ തയ്യാറാക്കിയത്. ഈ പ്രചാരണങ്ങള്‍ക്ക് വേണ്ടി 65 കോടി രൂപയാണ് സര്‍ക്കാര്‍ അന്ന് ചെലവഴിച്ചത്. 

തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാണിച്ച ഇന്ത്യ ഷൈനിങ് മുദ്രാവാക്യത്തിനെതിരേ  കോണ്‍ഗ്രസ് അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നായിരുന്നു പ്രധാന കുറ്റപ്പെടുത്തല്‍. വിവാദങ്ങളെ തുടര്‍ന്ന് ഈ മുദ്രാവാക്യം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും ബിജെപി സ്ഥാനാര്‍ഥികളില്‍ പലരും ഇതുപയോഗിക്കുന്നത് തുടര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം പരാജയപ്പെട്ടു. അതേസമയം 2004ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പതനത്തിലേക്ക് നയിച്ചതും ഇതേ പ്രചാരണങ്ങളാണെന്ന വാദങ്ങളും ചില രാഷ്ട്രീയനിരീക്ഷകര്‍ മുന്നോട്ടുവെച്ചിരുന്നു. ഇന്ത്യ ഷൈനിങ് പ്രചാരണങ്ങള്‍ വാസ്തവവും യുക്തിസഹജവുമാണെങ്കിലും തിരഞ്ഞെടുപ്പ്  കാമ്പയിനിനുവേണ്ടി അത് ഉപയോഗിച്ചത് ഫലത്തെ പ്രതികൂലമായാണ് ബാധിച്ചതെന്ന് അന്നത്തെ ഉപപ്രധാനമന്ത്രി ആയിരുന്ന എല്‍.കെ അദ്വാനി അഭിപ്രായപ്പെടുക പോലുമുണ്ടായി. ബിജെപി പ്രചരിപ്പിച്ച ഇന്ത്യ ഷൈനിങ് മുദ്രാവാക്യം, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമൂഹിക അസമത്വങ്ങള്‍ തുടങ്ങിയ രാജ്യത്തിന്റെ മോശം വശങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് അവസരം കൊടുക്കുകയും അത് സര്‍ക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യാനുമിടയാക്കിയെന്നാണ് അദ്വാനി തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം വിലയിരുത്തിയത്.