
2008-ലെ ജൂലായ് മാസം, അതുവരെ രാജ്യം കണ്ടിട്ടില്ലാത്ത രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും നാടകീയതകള്‍ക്കുമാണ് ദേശീയ തലസ്ഥാനം സാക്ഷ്യംവഹിച്ചത്. ആണവക്കരാറുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മന്‍മോഹന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ജൂലായ് എട്ടിന് എ.കെ.ജി ഭവനില്‍ ഇടതുപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. 62 എം.പിമാരുള്ള ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ പ്രതിസന്ധിയിലായി. പിന്നീട് നടന്ന കരുനീക്കങ്ങള്‍ക്കും സംഭവബഹുലതകള്‍ക്കുമൊടുവില്‍ ജൂലായ് 22-ന് പാര്‍ലമെന്റില്‍ യു.പി.എ. സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി.
ബി.ജെ.പി. അംഗങ്ങള്‍ ഉള്‍പ്പടെ ഒമ്പത് പ്രതിപക്ഷ എം.പിമാര്‍ സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യുകയുണ്ടായി. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങള്‍ക്ക് കോഴ ലഭിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി. എം.പിമാര്‍ ലക്ഷങ്ങള്‍ വരുന്ന നോട്ടുകെട്ടുകള്‍ ലോക്സഭയിലെത്തി ഉയര്‍ത്തിക്കാട്ടുന്ന കാഴ്ച രാജ്യം ഞെട്ടിത്തരിച്ചു കണ്ടുനിന്നു. അന്ന് രാജ്യത്തിന്റെ അധികാരം നിര്‍ണയിച്ചിരുന്ന സി.പി.എമ്മും ഇടതുപാര്‍ട്ടികളും ഇന്ന് എത്തിനില്‍ക്കുന്നത് അതിജീവന പാതയിലാണ്.
43 സീറ്റുകളുമായി 2004-ല്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന സി.പി.എമ്മിന് ഇന്ന് മൂന്ന് ലോക്സഭാ അംഗങ്ങള്‍ മാത്രമാണുള്ളത്. മറ്റു ഇടതുപാര്‍ട്ടികള്‍ അതിനേക്കാള്‍ ക്ഷയിച്ചിരിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലിരുന്ന സി.പി.എം. ഇന്ന് കേരളത്തില്‍ മാത്രമാണ് ഭരണത്തിലുള്ളത്. പശ്ചിമ ബംഗാളിലും ത്രിപുരയിലും രണ്ടാംസ്ഥാനത്ത് പോലുമില്ല. അധികാരമുള്ള കേരളത്തില്‍ അവസാനമായി ഒറ്റ സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. തമിഴ്നാട്ടില്‍ ഡി.എം.കെ. മുന്നണിയില്‍ മത്സരിച്ചാണ് രണ്ട് സീറ്റുകള്‍ നേടിയെടുത്തത്. പാര്‍ട്ടിയുടെ നിലനില്‍പ്പ് ഭീഷണിയാകുന്ന സ്ഥിതിയിലേക്ക് പോകാതിരിക്കാന്‍ ഇത്തവണ സീറ്റുനില ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലാണ് ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗം നടത്തിയിട്ടുള്ളത്. വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി നില്‍ക്കുമ്പോള്‍ മുന്‍കാലങ്ങളിലെ ഇടതുപാര്‍ട്ടികളുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
സിപിഎമ്മിന്റെ സുവര്‍ണ കാലഘട്ടം
ഇടുതുപാര്‍ട്ടികളുടെയും സി.പി.എമ്മിന്റെയും സുവര്‍ണ കാലഘട്ടമായിരുന്നു 2004. ഇടതുപാര്‍ട്ടികള്‍ക്കാകെ 62 എം.പിമാര്‍. സി.പി.എമ്മിന് മാത്രം 43 ലോക്സഭാ അംഗങ്ങള്‍. സി.പി.എം. ലോക്സഭാ ചരിത്രത്തില്‍ നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു അത്. എന്നാല്‍ ഏറ്റവും ഒടുവിലായി കഴിഞ്ഞ 2019-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം. അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ എംപിമാരുമായിട്ടാണ് പാര്‍ലമെന്റിലേക്ക് പോയത്. മൂന്ന് പേര്‍. രാജ്യത്ത് പോള്‍ചെയ്ത വോട്ടുകളില്‍ 6.5 ശതമാനം വരെ വിഹിതം നേടിയിരുന്ന സി.പി.എമ്മിന്റെ കഴിഞ്ഞ തവണത്തെ വോട്ട് വിഹിതം 1.75 ശതമാനം മാത്രമായിരുന്നു.
43 സീറ്റുകള്‍ നേടിയ 2004-ല്‍ 5.7 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് 26 ഉം കേരളത്തില്‍ നിന്ന് 12 ഉം ത്രിപുരയില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നും രണ്ട് വീതവും ആന്ധ്രയില്‍ നിന്ന് ഒരാളും സി.പി.എം. എം.പിമാരായി പാര്‍ലമെന്റിലെത്തി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കേവലഭൂരിപക്ഷംനേടാനായിരുന്നില്ല. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് സഖ്യരൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ നടന്നു. മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജീതിനെ ആശ്രയിച്ചു. സി.പി.എം. നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ചേര്‍ന്ന് ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കിയാണ് ഒന്നാം യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. സര്‍ക്കാരില്‍ ചേരാന്‍ വിസമ്മതിച്ച സി.പി.എം. പുറത്ത് നിന്ന് പിന്തുണ നല്‍കുകയാണ് ചെയ്തത്. എന്നാല്‍ മുതിര്‍ന്ന നേതാവ് സോമനാഥ് ചാറ്റര്‍ജിയെ സ്പീക്കറാക്കുന്നതിന് പാര്‍ട്ടി അനുമതി നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധം വഴിപിരിഞ്ഞപ്പോള്‍ സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ പദവി രാജിവെക്കാന്‍ തയ്യാറാകാതിരുന്നതും തുടര്‍ന്ന് അദ്ദേഹത്തെ സി.പി.എം. പുറത്താക്കിയതും ചരിത്രം.
വര്‍ഷം | CPM | CPI |
| 2019 | 3 | 2 |
| 2014 | 9 | 1 |
| 2009 | 16 | 4 |
| 2004 | 43 | 10 |
| 1999 | 33 | 4 |
| 1998 | 32 | 9 |
| 1996 | 32 | 12 |
| 1991 | 35 | 14 |
| 1989 | 33 | 12 |
| 1984 | 22 | 6 |
| 1980 | 37 | 10 |
| 1977 | 22 | 7 |
| 1971 | 25 | 23 |
| 1967 | 19 | 23 |
ചരിത്രപരമായ മണ്ടത്തരങ്ങളും വീഴ്ചയും
1980 മുതല്‍ 2004 വരെ നടന്ന എട്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന് 30ന് മുകളില്‍ സീറ്റുകള്‍ ലഭിച്ചിരുന്നു. ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന 1996-ലെ തിരഞ്ഞെടുപ്പിലും ലഭിച്ചു 32 സീറ്റുകള്‍. സി.പി.എം. നേതാവായിരുന്ന ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കി കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പൊതുഅഭിപ്രായം ഉയര്‍ന്നു. നയങ്ങളുടെ പേരില്‍ സി.പി.എം. ആ ഓഫര്‍ നിരസിച്ചു.
ചരിത്രപരമായ മണ്ടത്തരമെന്ന് പിന്നീട് അതിനെ വിശേഷിപ്പിക്കപ്പെട്ടു. 1996-ല്‍ പാര്‍ട്ടിക്ക് പിഴച്ചുവെന്ന തിരിച്ചറിവിലൂടെയാണ് 2004-ല്‍ യു.പി.എയ്ക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിലേക്ക് സി.പി.എം. എത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശനിക്ഷേപം, ആണവ കരാര്‍ തുടങ്ങി വിഷയങ്ങളില്‍ ഭിന്നത ഉടലെടുത്ത് യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. സി.പി.എമ്മിന്റെ മറ്റൊരു മണ്ടത്തരമായിരുന്നു ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ലെന്നും വിദേശ നിക്ഷേപം സര്‍ക്കാരുകള്‍ക്ക് ഒഴിച്ച്കൂടാന്‍ ആകാത്തതാണെന്നും ഇന്ന് കേരളത്തില്‍ സി.പി.എം. നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തിരിഞ്ഞുകുത്തുക സ്വാഭാവികം.

2008-ല്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തില്‍നിന്ന് സി.പി.എം. പതുക്കെ അപ്രത്യക്ഷമാകാന്‍ തുടങ്ങിയതും യാദൃശ്ചികമാണ്. തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സി.പി.എമ്മും ഇടതുപാര്‍ട്ടികളും അതുവരെയുള്ള അവരുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലേക്കൊതുങ്ങി. 2004-ല്‍ 43 സീറ്റ് ലഭിച്ച സി.പി.എമ്മിന് 2009-ല്‍ 16 സീറ്റുകളേ ലഭിച്ചുള്ളൂ. പശ്ചിമ ബംഗാളിലാണ് സി.പി.എം. ഏറ്റവുംവലിയ തിരിച്ചടി നേരിട്ടത്. 1977 മുതല്‍ മൃഗീയ ആധിപത്യം തുടരുന്ന സംസ്ഥാനത്ത് ഒമ്പത് സീറ്റുകള്‍ മാത്രമാണ് നേടിയത്. 19 സീറ്റുകള്‍ പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ആസന്നമായ മാറ്റത്തിന്റെ സൂചന തിരഞ്ഞെടുപ്പിലൂടെ നല്‍കി. 2004-ല്‍ ഒരു സീറ്റില്‍ മാത്രമാണ് തൃണമൂലിന് ജയിക്കാനായിരുന്നത്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകള്‍ സി.പി.എമ്മിന് കയ്‌പേറിയതായിരുന്നു. ബംഗാളിലും ത്രിപുരയിലും അധികാരവും നഷ്ടമായി. ബംഗാളില്‍ പേരിന് പോലും ഒരു എം.എല്‍.എയോ എം.പിയോ ഇല്ലാത്ത അവസ്ഥയിലേക്ക് സി.പി.എം. ഇന്ന് മാറി.
ഇടതുപാര്‍ട്ടികള്‍
സി.പി.എമ്മിനോടപ്പം തന്നെയായിരുന്നു ഉയര്‍ച്ചയിലും താഴ്ചയിലും രാജ്യത്തെ പ്രധാന ഇടതുപാര്‍ട്ടികളുണ്ടായിരുന്നത്. സി.പി.എം., ആര്‍.എസ്പി., സി.പി.ഐ., ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളായിരുന്നു പ്രധാനമായും സഖ്യത്തിലേര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇടതുസഖ്യത്തിന് കാര്യമായ മേധാവിത്വമുള്ള കേരളത്തില്‍ ഈ നാല് പാര്‍ട്ടികളും രണ്ട് മുന്നണികളിലായിട്ടാണുള്ളത്. ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും യു.ഡി.എഫിനൊപ്പം നില്‍ക്കുന്നു. ആര്‍എസ്പിക്ക് രാജ്യത്ത് ഏക എംപിയുള്ളത് എന്‍.കെ. പ്രേമചന്ദ്രനാണ്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് പാര്‍ലമെന്റില്‍ പ്രതിനിധിയില്ല. സി.പി.ഐക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് എം.പിമാരുണ്ട്. സി.പി.എമ്മിനെ പോലെതന്നെ ഡി.എം.കെ. മുന്നണിയുടെ ഭാഗമായി ലഭിച്ചതാണ് രണ്ട് സീറ്റുകള്‍. ഇടതുപാര്‍ട്ടികളുടെ സുവര്‍ണ കാലഘട്ടമായിരുന്ന 2004-ല്‍ സി.പി.എമ്മിന് 43 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സി.പി.ഐക്ക് പത്ത് എംപിമാരുണ്ടായിരുന്നു. ആര്‍എസ്പിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും മൂന്ന് വീതം എം.പിമാരുമുണ്ടായിരുന്നു. ആര്‍എസ്പിയും ഫോര്‍ കേരളത്തില്‍ യു.ഡി.എഫിനൊപ്പമാണെങ്കിലും ത്രിപുരയിലും ബംഗാളിലും ഇപ്പോഴും ഇടത് സഖ്യത്തിന്റെ ഭാഗമാണ്.
2019-ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി
കേരളത്തിലടക്കം തകര്‍ന്നടിഞ്ഞപ്പോള്‍ ആറ് പതിറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് 2019-ല്‍ ഇടതുപക്ഷം കാഴ്ചവെച്ചത്. ബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. 2014-ല്‍ ലഭിച്ചത് 23 ശതമാനമായിരുന്നെങ്കില്‍ ഏഴ് ശതമാനത്തിലേക്ക് ഇടതുപാര്‍ട്ടികളുടെ വോട്ട് വിഹിതം കൂപ്പുക്കുത്തി. ഒരു സ്ഥാനാര്‍ഥിക്കൊഴികെ ബംഗാളിലെ മറ്റു സീറ്റുകളിലെല്ലാം ഇടതുസ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം പോലും ലഭിച്ചില്ല.

കേരളത്തില്‍ ഒരു സീറ്റിലൊതുങ്ങി. 1952ന് ശേഷം ആദ്യമായിട്ടാണ് ഇടതുപാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റില്‍ രണ്ടക്ക എം.പിമാരെ ലഭിക്കാതിരിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായി ജയിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ അടക്കം ആറ് സീറ്റുകളാണ് 2019-ല്‍ ഇടതുപാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതില്‍ നാലും തമിഴ്‌നാട്ടിലായിരുന്നു. സി.പി.എമ്മിനും സി.പി.ഐക്കും ഡി.എം.കെ. മുന്നണിയുടെ ഭാഗമായി മത്സരിച്ച് രണ്ട് വീതം സീറ്റുകള്‍ ലഭിച്ചു.
തിരിച്ചുവരവിനുള്ള പ്രതീക്ഷകള്‍
കേരളം-
വീണ്ടുമൊരു തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി നില്‍ക്കുമ്പോള്‍ നിലമെച്ചപ്പെടുത്തുക എന്നതാണ് ഇടതുപാര്‍ട്ടികളുടെ ഇത്തവണത്തെ പ്രധാനലക്ഷ്യം. അധികാരത്തിലുള്ള കേരളം തന്നെയാണ് സി.പി.എമ്മിന്റെ മുഖ്യ ആശ്രയം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ശബരിമലയടക്കമുള്ള വിഷയങ്ങളും കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. അധികാരത്തിലിരുന്നിട്ടും 19 സീറ്റുകളിലും കനത്ത തോല്‍വിയാണ് ഉണ്ടായത്.

എന്നാല്‍ ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടാകില്ലെന്നാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മുഖ്യമന്ത്രിയുടെ നവകേരള യാത്ര ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ഏഴ് മാസത്തോളം കുടിശ്ശികയുള്ള ക്ഷേമ പെന്‍ഷനില്‍ രണ്ട് മാസത്തെ തുക തിരഞ്ഞെടുപ്പിന് മുമ്പായി നല്‍കാന്‍ സാധിച്ചാല്‍ അത് ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ചരിത്രത്തിലാധ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും വന്യമൃഗ ആക്രമണമടക്കം പൊതുവിഷയങ്ങളും ഉയര്‍ത്തി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ ജനഹിതത്തില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
പശ്ചിമ ബംഗാള്‍-
സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത വംദഗേശത്ത് 2019-ല്‍ പാര്‍ട്ടിക്കുണ്ടായത് ദയനീയ പരാജയമായിരുന്നു. അവശേഷിക്കുന്ന ഇടതുവോട്ട് ബാങ്കും പൂര്‍ണ്ണമായും ബി.ജെ.പി. പാളയത്തിലെത്തിയെന്ന് വിലയിരുത്തപ്പെട്ടു. മോദി-ദീദി പോര് എന്ന ദ്വന്ദ്വത്തിലേക്ക് ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി നിന്നപ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസും കാഴ്ചക്കാരുടെ റോളിലായി. മമതയെ നേരിടുന്നതില്‍ ഒരു പരിധിവരെ വിജയിച്ചപ്പോള്‍ ഇത്തവണയും സമാനമായ തലത്തിലേക്ക് ബി.ജെ.പി. പ്രചാരണങ്ങള്‍ കൊണ്ട് പോകുന്നത്. സന്ദേശ്ഖലി ഉയര്‍ത്തി മോദി-ദീദി പോര് ആവര്‍ത്തിക്കപ്പെട്ടാല്‍ 2019-ലേതിന് സമാനമായ റോളാകും ഇത്തവണയും ഇടതുപക്ഷത്തിനുണ്ടാകുക. എന്നാല്‍ അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് നേരിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. 2019-ല്‍ ബി.ജെ.പി. കവര്‍ന്നെടുത്ത വോട്ട്ബാങ്കുകളെ തിരികെ കൊണ്ടുവരാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനായെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ 51.5 ശതമാനം വോട്ടുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരിയപ്പോള്‍ പ്രതിപക്ഷ വോട്ടുകളിലാണ് വിള്ളല്‍ വീണത്. 2019-ല്‍ 18 സീറ്റുകളും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായി മാറുകയും ചെയ്ത ബി.ജെ.പിക്ക് ആശങ്ക നല്‍കുന്ന ഫലമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10% മാത്രമായിരുന്ന ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെയും (ISF) സംയുക്ത വോട്ട് വിഹിതം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 20% കടന്നു. 2019-ല്‍ 40 ശതമാനവും 2021-ല്‍ 38 ശതമാനവുമായിരുന്ന ബി.ജെ.പിയുടെ വിഹിതം 23 ശതമാനമായി കുറയുകയും ചെയ്തു.
എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാകും. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം സഖ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ബംഗാളില്‍ തങ്ങളുടെ പ്രധാന ശത്രുവായ മമതയ്‌ക്കൊപ്പം നിലകൊള്ളുന്നത് ആത്മഹത്യപരമായിരിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

ത്രിപുര-
ബംഗാളിലേതിന് സമാനമായ സാഹചര്യമാണ് ത്രിപുരയിലും സി.പി.എം. നേരിടുന്നത്. സി.പി.എം. കോട്ടയായിരുന്ന ത്രിപുരയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ സീറ്റുകളും കഴിഞ്ഞ തവണ ബി.ജെ.പി. കവര്‍ന്നെടുക്കുകയുണ്ടായി. രണ്ടിടത്തും സിപിഎം പരാജയപ്പെടുക മാത്രമല്ല, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സി.പി.എം. മത്സരിച്ചത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ സീറ്റിലും ഇരുപാര്‍ട്ടികളും മത്സരിച്ചേക്കും. പ്രധാന പ്രതിപക്ഷകക്ഷിയായ തിപ്രമോത്തയുമായി സഖ്യശ്രമത്തിന് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിച്ചിരുന്നു. എന്നാല്‍ തിപ്രമോത്ത ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം അവര്‍ സര്‍ക്കാരില്‍ ചേരുകയും ചെയ്തു.
Content Highlights: cpim-left parties-loksabha election perfomance-history
Published: 08 Mar 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented