തൃശ്ശൂർ: തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തിൽ ഇത്തരം വോട്ടുകളുള്ള ബൂത്തുകളിലെ ബിഎൽഒമാരുടെ രാഷ്ട്രീയം അന്വേഷിച്ച് എൽഡിഎഫ്. മിക്കയിടങ്ങളിലും ബിഎൽഒമാർ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് നേതാക്കൾ പറയുന്നത്.

To advertise here,

ഇവരെ തിരഞ്ഞെടുത്തതുമുതൽ വ്യാജവോട്ടു ചേർത്തതുവരെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഒാഫീസറുടെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശ്ശൂർ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ വ്യാജവോട്ടിനായി ഇടപെട്ടെന്ന് സിപിെഎ പരസ്യമായി ആരോപിച്ചു.

ശനിയാഴ്ച സിപിെഎ തൃശ്ശൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സിലാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. വ്യാജവോട്ടിനെപ്പറ്റി പരാതിനൽകിയിട്ടും മറുപടിനൽകാതെ തിരഞ്ഞെടുപ്പുവരെ കൃഷ്ണതേജ നീട്ടിക്കൊണ്ടുപോയതായി യുഡിഎഫിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ടി.എൻ. പ്രതാപൻ പറഞ്ഞു. ഫോണിലൂടെയാണ് മറുപടിനൽകിയത്.

മറുപടി രേഖാമൂലം കിട്ടിയിരുന്നെങ്കിൽ അപ്പീൽ നൽകാൻ സാധിക്കുമായിരുന്നു. വ്യാജവോട്ടിൽ ‌കൃഷ്ണതേജയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

വ്യാജവോട്ട് ചേർത്ത ബൂത്തുകളിലെ ബൂത്ത് ലെവൽ ഒാഫീസർമാരുടെ പങ്ക് അന്വേഷിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്.