
കനവും കരുത്തുമാണ് കെ. സുധാകരന്റെ പ്രത്യേകത. പറയുന്ന വാക്കിനും ഇടപെടുന്ന രീതിക്കും അതുണ്ട്. പ്രവർത്തകർക്കൊരു പ്രശ്നംവന്നാൽ വരുംവരായ്ക നോക്കാതെ ഇടപെടും. പോലീസ് സ്റ്റേഷനിൽ ഇടിച്ചുകയറി എത്താനും സ്വന്തക്കാരെ പിടിച്ചിറക്കി പോകാനും മടികാണിക്കാറില്ല. കണ്ണൂരിൽ കോൺഗ്രസ് എന്നാൽ െക. സുധാകരൻ എന്നു നിർവചിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണ് സി.പി.എമ്മിനെ നേർക്കുനേർനിന്ന് നേരിട്ട നേതാവാണ് കണ്ണൂരിലെ കോൺഗ്രസുകാർക്ക് കെ. സുധാകരൻ. അതു കൊണ്ടുതന്നെ ഇവിടെ സി.പി.എം. ഏറ്റുമുട്ടുന്നത് കോൺഗ്രസ് എന്നതിനെക്കാൾ സുധാകരനോടാണ്. എന്നാൽ, സുധാകരന്റെ ഈ ‘എടുത്തുച്ചാട്ടം’ തന്നെയാണ് പലപ്പോഴും അദ്ദേഹത്തിന് വിനയാവുന്നത്. പ്രവർത്തനമണ്ഡലം കണ്ണൂരിൽനിന്ന് തലസ്ഥാനത്തേക്ക് മാറിയപ്പോൾ അതു പലവട്ടം ജനം കണ്ടതാണ്. ആർ.എസ്.എസ്. ശാഖയ്ക്ക് കാവൽനിന്നതടക്കം ഭവിഷ്യത്തും പരിസരവും മറന്നുള്ള പ്രതികരണങ്ങൾ അദ്ദേഹത്തിന് സൃഷ്ടിച്ച തലവേദനകൾ കുറച്ചൊന്നുമല്ല. ഈയടുത്തകാലത്ത് ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഈ പ്രായത്തിലും അദ്ദേഹം പുലർത്തുന്ന ‘ഫിറ്റ്‌നസ്’ ശീലങ്ങളാണ് അതിനുള്ള പ്രതിരോധം.
കടുപ്പം ഇരുമുന്നണികൾക്കും
അത്ര എളുപ്പം കൂടെകൂട്ടാവുന്ന മണ്ഡലമല്ല ഇരു മുന്നണികൾക്കും കണ്ണൂർ. നേതാവിന്റെ കരിസ്മാറ്റിക് ശക്തി വലിയതോതിൽ സ്വാധീനിക്കുന്ന മണ്ഡലമാണിത്. എ.കെ.ജി.യും സി.കെ. ചന്ദ്രപ്പനുമെല്ലാം മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരാണ്. പക്ഷേ, 1984-മുതൽ അഞ്ചുതവണ മണ്ഡലത്തെ കൂടെനിർത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ആറാംതവണ പക്ഷേ, എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലം എൽ.ഡി.എഫിലേക്ക് തിരിച്ചുപിടിച്ചു. പ്രവചനങ്ങളെ പലതവണ തെറ്റിച്ച അദ്‌ഭുതക്കുട്ടിയായ അദ്ദേഹം ഇപ്പോൾ ബി.ജെ.പി. പാളയത്തിലാണ്. 2009-ൽ കെ. സുധാകരൻ ഇറങ്ങിയാണ്, വീണ്ടും കണ്ണൂർ മണ്ഡലം യു.ഡി.എഫിനോട് അടുപ്പിച്ചത്. രണ്ടാംഘട്ടം പക്ഷേ, കാലിടറി. 2014-ൽ പി.കെ. ശ്രീമിതി ജയിച്ചു. 2019-ൽ ശ്രീമതി-സുധാകരൻ പോര് ആവർത്തിച്ചു. ഇടതുപക്ഷത്തിന്റെ കോട്ടകളിൽപ്പോലും സുധാകരൻ ലീഡ് നേടി ജയിച്ചു. ഇത്തവണ മത്സരിക്കാനെത്തുമ്പോൾ സുധാകരൻ കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരൻ കൂടിയാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ മത്സരത്തിന് ഗരിമയേറുമെങ്കിലും ഇത്തവണ, ഒന്നും അത്ര എളുപ്പമല്ല. സുധാകരന്റെ ശക്തിയും ദൗർബല്യവും നന്നായി തിരിച്ചറിയുന്ന സി.പി.എം., ജില്ലാ സെക്രട്ടറി എം.വി. ജയരാജനെത്തന്നെ ഇറക്കിയതിലൂടെ കണ്ണൂർ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. വാക്കിനെ വാക്കുകൊണ്ട് മൂർച്ചകുറയാതെ എതിരിടുന്ന നേതാവാണ് ജയരാജൻ. ചിരിച്ചുകൊണ്ട് പറഞ്ഞാലും കുറിക്കുകൊള്ളിക്കാൻ കഴിയുന്ന നേതാവ്. സി.പി.എം. ജില്ലാസെക്രട്ടറി.
‘പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ’ എന്നതാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട്. അതിനാൽ, ഫലം പ്രവചനാതീതമാണ്. കേരളത്തിലെ സി.പി.എം. കണ്ണൂർ സ്ക്വാഡ് എന്നാണ് പൊതുവേ പറയാറുള്ളത്. പാർട്ടി നേതൃത്വത്തിൽ നിർണായക സ്വാധീനമാണ് ജില്ലയ്ക്കുള്ളത്. പാർട്ടിയുടെ ഈ ശക്തി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രകടമാണ്. മിക്ക മണ്ഡലങ്ങളും ഇടതിനൊപ്പം നിൽക്കും. ചിലതൊക്കെ വലിയ ഭൂരിപക്ഷത്തിലും. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഈ പ്രവണത നിർബന്ധമായും പാലിക്കാറില്ല. കൂടുതൽ തവണയും ഡൽഹിക്ക് പോയത് യു.ഡി.എഫ്. സ്ഥാനാർഥികളാണ്.
ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, ധർമടം, മട്ടന്നൂർ എന്നിവയാണ് കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് എന്നിവ സി.പി.എം. ശക്തികേന്ദ്രങ്ങളാണ്. പേരാവൂർ, ഇരിക്കൂർ എന്നിവ യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളും. കണ്ണൂരിലും അഴീക്കോട്ടും ഇരുമുന്നണികൾക്കും സ്വാധീനമുണ്ട്. കോൺഗ്രസിനും മുസ്‌ലിം ലീഗിനും ഈ മണ്ഡലങ്ങളിലുള്ള സ്വാധീനം അടിത്തറയാക്കിയാണ് യു.ഡി.എഫ്. കണ്ണൂർ ലോക്‌സഭാ സീറ്റിൽ ജയം സ്വന്തമാക്കുന്നത്. ഇടതുകേന്ദ്രങ്ങളിൽ അവരുടെ ലീഡും കുറയ്ക്കുമ്പോൾ ജയം കൂടെപ്പോരും.
2019-ലെ ഞെട്ടിക്കൽ
സംസ്ഥാനത്താകെ യു.ഡി.എഫ്. തരംഗം ആഞ്ഞുവീശിയ 2019-ലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സുധാകരൻ ലീഡ് നേടി. ധർമടവും മട്ടന്നൂരും മാത്രമാണ് ഇടതിനൊപ്പം നിന്നത്. തൊട്ടുമുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,000-ലധികം വോട്ടിന് സി.പി.എമ്മിലെ ജെയിംസ് മാത്യു ജയിച്ച തളിപ്പറമ്പിൽ സുധാകരൻ 725 വോട്ടിന് മുന്നിലെത്തിയത് സി.പി.എമ്മിനെ ഞെട്ടിച്ചിരുന്നു. മട്ടന്നൂരും ധർമടത്തും ലീഡ് കുറയുകയും ചെയ്തു. എന്നാൽ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും എൽ.ഡി.എഫും. ശക്തമായി തിരിച്ചുവന്നു.
മട്ടന്നൂരിൽ കെ.കെ. ശൈലജ 60,963 വോട്ടിനും ധർമടത്ത് പിണറായി വിജയൻ 50,123 വോട്ടിനും ജയിച്ചു. തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ 22,689 വോട്ടിനും. കണ്ണൂർ നിലനിർത്തുകയും അഴീക്കോട് പിടിച്ചെടുക്കുകയും ചെയ്തു. ഇരിക്കൂറും പേരാവൂരും യു.ഡി.എഫിന് ഒപ്പംനിന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷത്തിൽ പ്രതീക്ഷയർപ്പിച്ചാണ് എൽ.ഡി.എഫ്. നീങ്ങുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ എതിർതരംഗം ഉണ്ടാവില്ലെന്നും. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ വീണ്ടും മാറിമറിയുമെന്നും സീറ്റ് വൻ ഭൂരിപക്ഷത്തിൽ കെ. സുധാകരൻ നിലനിർത്തുമെന്നും യു.ഡി.എഫ്. അവകാശവാദം ഉന്നയിക്കുന്നു.
ഇരുമുന്നണികളെയും വിറപ്പിക്കുമെന്നനിലയിൽ എൻ.ഡി.എ.യും. എൻ.ഡി.എ. വോട്ടുവിഹിതംകൂടി വരുന്നുണ്ട് മണ്ഡലത്തിൽ. അവർ കൂടുതൽ വോട്ട് സമാഹരിക്കുന്നത് യു.ഡി.എഫിന് ക്ഷീണമാകുമെന്നാണ് ഇടത് ക്യമ്പിലെ വിലയിരുത്തൽ. കണ്ണൂരിൽ നിലവിൽ തരംഗമൊന്നും കാണാനില്ല. മുൻ വർഷത്തെപ്പോലെ അടിയൊഴുക്കുകൾ ഉണ്ടാകുമോയെന്ന് പറയാനുമാവില്ല. വിജയപ്രതീക്ഷയിലാണ് യു.ഡി.എഫും എൽ.ഡി.എഫും നീങ്ങുന്നത്.
Content Highlights: lok sabha election 2024 k sudhakaran
Published: 13 Apr 2024, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented