എതിരാളിയെ വെല്ലുവിളിച്ചും പരിഹസിച്ചും ഉറച്ച ശബ്ദത്തിലുള്ള പ്രസംഗം. കൊടുങ്കാറ്റുവന്നാലും കൂസാത്ത ഭാവം. ജയന്റ് കില്ലറെന്നും ട്രബിൾ ഷൂട്ടറെന്നും വിളിപ്പേര്. കോൺഗ്രസിന് ദക്ഷിണേന്ത്യയിൽ അങ്ങനെയൊരു നേതാവേയുള്ളൂ-ഡി.കെ. ശിവകുമാർ. സ്വന്തം തട്ടകമായ കർണാടകമായാലും കേരളമായാലും തെലങ്കാനയായാലും പ്രചാരണത്തിന് ഡി.കെ. എത്തുന്നതോടെ ആളുകൂടും. ഒരു ദിവസമെങ്കിലും ഡി.കെ. ശിവകുമാർ തങ്ങൾക്കുവേണ്ടി പ്രചാരണത്തിറങ്ങണമെന്ന പക്ഷക്കാരാണ് കർണാടകത്തിൽ കോൺഗ്രസിന്റെ എല്ലാ സ്ഥാനാർഥികളും. അത്രത്തോളമുണ്ട് കർണാടകത്തിൽ പാർട്ടിപ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന്റെ സ്വാധീനം.
കേന്ദ്ര ഏജൻസികൾ വിടാതെ പിന്തുടരുന്ന അതിസമ്പന്നനായ നേതാവുകൂടിയാണ് ഡി.കെ. ഇ.ഡി. കേസിൽ അമ്പതുദിവസം തിഹാർ ജയിലിൽ കഴിയുകയും ചെയ്തു. പക്ഷേ, ജയിലിൽനിന്നിറങ്ങിയശേഷം രാഷ്ട്രീയത്തിൽ ഡി.കെ. കൂടുതൽ ബലവാനാകുന്ന കാഴ്ചയാണ് കണ്ടത്. തിരഞ്ഞെടുപ്പിൽ കേന്ദ്ര എജൻസികൾക്കെതിരേയും പ്രചാരണം നടത്തേണ്ടിവരുമ്പോൾ കോൺഗ്രസിന് ഡി.കെ.യെക്കാൾ മികച്ചൊരു നേതാവിനെ പ്രചാരണത്തിനിറക്കാനില്ല.
കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻവിജയം നേടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനം കിട്ടണമെന്ന വാശിയിലായിരുന്നു അദ്ദേഹം. എന്നാൽ, നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉപമുഖ്യമന്ത്രിപദംകൊണ്ട് തൃപ്തിപ്പെട്ടു. അതേസമയം, കർണാടക പി.സി.സി. പ്രസിഡന്റ് പദത്തിൽ തുടരുകയുംചെയ്തു. പാർട്ടിയും സർക്കാരും ഇതോടെ ഡി.കെ.യുടെ കൈപ്പിടിയിലായെന്ന് വിമർശിക്കുന്നവരുമുണ്ട്. പക്ഷേ, പാർട്ടിക്കുവേണ്ടി മുഖ്യമന്ത്രിപദം വിട്ടുകൊടുക്കുകയാണെന്നും പാർട്ടിയാണ് വലുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1980-കളിൽ വിദ്യാർഥിനേതാവായാണ് ഡി.കെ. ശിവകുമാറിന്റെ സജീവരാഷ്ട്രീയജീവിതം തുടങ്ങുന്നത്. 1989-ൽ സാത്തന്നൂർ നിയമസഭാമണ്ഡലത്തിൽനിന്നായിരുന്നു തിരഞ്ഞെടുപ്പിലെ കന്നിയങ്കം. അന്ന് ജയിച്ചതിനുശേഷം തോൽവിയറിഞ്ഞിട്ടില്ല ഡി.കെ. ശിവകുമാർ. പിന്നീടുനടന്ന തിരഞ്ഞെടുപ്പുകളിൽ മുതിർന്ന ജനതാദൾ നേതാവ് പി.ജി.ആർ. സിന്ധ്യ, എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തി. സാത്തന്നൂർ മണ്ഡലം പിന്നീട് കനകപുര ആയപ്പോഴും ഡി.കെ. ശിവകുമാറാണ് സ്ഥിരമായി മത്സരിച്ചതും വിജയിച്ചുവന്നതും.
2002 മുതലാണ് ഡി.കെ. ശിവകുമാർ പാർട്ടിയിലെ കരുത്തറിയിച്ചുതുടങ്ങിയത്. 2002-ൽ മഹാരാഷ്ട്രയിലെ വിലാസ്‌റാവു ദേശ്‌മുഖ് സർക്കാർ അവിശ്വാസപ്രമേയം നേരിട്ടപ്പോൾ എം.എൽ.എ.മാരെ പാർട്ടി കർണാടകത്തിലേക്ക് മാറ്റിയിരുന്നു. കർണാടകത്തിൽ അവർക്ക് ഡി.കെ.യായിരുന്നു കാവലൊരുക്കിയത്. 2017-ൽ രാജ്യസഭാതിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയമുറപ്പിക്കാൻ ഗുജറാത്തിൽനിന്നുള്ള എം.എൽ.എ.മാരെ ബെംഗളൂരുവിലെ റിസോർട്ടിലെത്തിച്ചപ്പോഴും ഡി.കെ.ശിവകുമാറിനായിരുന്നു ഇവരുടെ സംരക്ഷണച്ചുമതല.
ആന്ധ്രാപ്രദേശ് പി.സി.സി. പ്രസിഡന്റ് വൈ.എസ്. ശർമിളയെ പാർട്ടിയിലെത്തിച്ചതിനുപിന്നിലും ഡി.കെ. ശിവകുമാറിന്റെ കരങ്ങളുണ്ട്. അവരുമായുള്ള ചർച്ചയ്ക്ക് ഹൈക്കമാൻഡ് നിയോഗിച്ചത് ഡി.കെ.യെ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിനുലഭിച്ച വൻവിജയത്തിൽ ഡി.കെ. ശിവകുമാറിന് വലിയൊരു പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരാണ് കോൺഗ്രസുകാർ. മുമ്പുണ്ടായിരുന്നതിനെക്കാൾ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.കെ. സജീവമായിരുന്നതിൽ എതിരഭിപ്രായങ്ങളില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ മന്ത്രിമാരുടെ മക്കളെയും ബന്ധുക്കളെയും രംഗത്തിറക്കി കളംപിടിക്കുകയെന്ന തന്ത്രത്തിനുപിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളിലൊന്നും ഡി.കെ.തന്നെ. മക്കളും ബന്ധുക്കളും ജയിച്ചില്ലായിരുന്നെങ്കിൽ മന്ത്രിക്കസേരയിലെ ഇരിപ്പ് തിരഞ്ഞെടുപ്പിനുശേഷം അത്ര സുഖകരമാകില്ല.
സംസ്ഥാനത്തെ 28 സീറ്റുകളിൽ 20 സീറ്റും നേടുമെന്നാണ് ഡി.കെ.യും മുഖ്യമന്ത്രി സിദ്ധരാമയ്യയും പറയുന്നത്. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയശേഷം നടപ്പാക്കിയ അഞ്ചിന പദ്ധതികളുടെ പിൻബലമുണ്ടെങ്കിലും ജൂൺ നാലിനുശേഷം ഈ അവകാശവാദം ശരിയാകുകയാണെങ്കിൽ ഡി.കെ.യുടെ കരുത്ത് ഒന്നുകൂടി കൂടുമെന്നതിൽ സംശയമില്ല.
താടിയിലെ രഹസ്യം
തിഹാർ ജയിലിലെ അമ്പതുദിവസത്തെ വാസത്തിനുശേഷം ഡി.കെ. ശിവകുമാർ താടിവടിച്ചിട്ടില്ല. ഒരു ലക്ഷ്യം പൂർത്തിയാക്കിയതിനുശേഷം താടികളയുമെന്നാണ് താടിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ സ്ഥിരം ഉത്തരം. ആ ലക്ഷ്യമെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 2019 സെപ്‌റ്റംബർ മൂന്നിനാണ് ഇ.ഡി. അദ്ദേഹത്തെ അറസ്റ്റുചെയ്തത്. പിന്നീട് ഒക്ടോബർ 30-നാണ് ജാമ്യത്തിലിറങ്ങിയത്.
Content Highlights: DK Shivakumar: The trouble shooter of Congress
Published: 20 Apr 2024, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented