മിഴ്‌നാട്ടിൽ രാഷ്ട്രീയമാറ്റത്തിന് സാധ്യത വിദൂരമെന്ന് പോളിങ് ശതമാനക്കണക്കുകൾ. ഡി.എം.കെ.യുടെ കേഡർവോട്ടുകളെ മറികടക്കാൻ നിഷ്പക്ഷവോട്ടുകൾക്ക് സാധിക്കണമെങ്കിൽ പോളിങ് വർധിക്കണം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ സംസ്ഥാനത്തെ ഭരണമുന്നണിയായ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ, പോളിങ് കഴിഞ്ഞതവണത്തെക്കാൾ രണ്ടരശതമാനത്തോളം കുറയുകയായിരുന്നു. ദക്ഷിണേന്ത്യയിൽനിന്ന് കൂടുതൽ സീറ്റ് വാരിക്കൂട്ടാമെന്ന ബി.ജെ.പി.യുടെ സ്വപ്നത്തിനാണിത് മങ്ങലേൽപ്പിച്ചിരിക്കുന്നത്. 

To advertise here,

20 വർഷത്തിലെ ഏറ്റവുംകുറഞ്ഞ പോളിങ്ങായിരുന്നു ഇത്തവണ സംസ്ഥാനത്ത്. 69.46 ശതമാനം. ത്രികോണമത്സരങ്ങൾ കൊട്ടിഘോഷിച്ചത്ര ശക്തമായിരുന്നില്ലെന്ന സൂചനയാണിത് നൽകുന്നത്. എൻ.ഡി.എ. സഖ്യം വലിയപ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിൽ മിക്കതിലും പോളിങ് കുറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി പ്രചാരണം കൊഴുപ്പിച്ച മണ്ഡലങ്ങളിൽപ്പോലും പോളിങ് കുറഞ്ഞു. മറ്റിടങ്ങളിൽ വർധന പേരിനുമാത്രമാണ്.

കോയമ്പത്തൂരിൽ കാര്യമായി ഉയർന്നില്ല

എൻ.ഡി.എ. ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന 12 മണ്ഡലങ്ങളിൽ കോയമ്പത്തൂരിലും വെല്ലൂരിലും പോളിങ് ശതമാനം കൂടിയെങ്കിലും വർധന നാമമാത്രമാണ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ ഒരു ശതമാനത്തോളമാണ് വർധന. 

കഴിഞ്ഞതവണ ഇവിടെ 63.86 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ ഇത് 64.81 ശതമാനമാണ്. ഇതിനുമുമ്പ് ബി.ജെ.പി. മൂന്നാംമുന്നണി പരീക്ഷണം നടത്തിയ 2014 തിരഞ്ഞെടുപ്പിൽ പാർട്ടിസ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.  ത്രികോണമത്സരം നടന്ന അന്ന് 68.40 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. ഇത്തവണ മത്സരം അതിലും തീവ്രമായിരുന്നുവെന്ന്‌ കരുതപ്പെട്ടിരുന്നുവെങ്കിലും പോളിങ് ഉയരാത്തത് എൻ.ഡി.എ.യ്ക്ക്‌ ആശങ്കയുണ്ടാക്കുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ ഉടൻതന്നെ കോയമ്പത്തൂരിൽ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി അണ്ണാമലൈ എത്തി. മണ്ഡലത്തിൽ ഒരുലക്ഷം വോട്ടർമാരുടെ പേരുകൾ അനധികൃതമായി നീക്കിയെന്നാണ് ആരോപണം. ചെന്നൈ സെൻട്രലിലെ ബി.ജെ.പി. സ്ഥാനാർഥി വിനോജ് സെൽവവും ഇതേ ആരോപണം ഉന്നയിച്ചു. പരാജയം ഉറപ്പിച്ചതോടെ നടത്തുന്ന ന്യായീകരണമെന്നാണ് ഈ ആരോപണങ്ങളോടുള്ള ഡി.എം.കെ.യുടെ പ്രതികരണം.

എൻ.ഡി.എ. പ്രതീക്ഷയർപ്പിച്ചിട്ടുള്ള വെല്ലൂരിൽ രണ്ടുശതമാനത്തോളം വോട്ടുയർന്നിട്ടുണ്ട്. പുതിയ നീതി കക്ഷി നേതാവ് എ.സി. ഷൺമുഖം ഇവിടെ ബി.ജെ.പി.യുടെ താമരചിഹ്നത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 8,141 വോട്ടുകൾക്കാണ് ഡി.എം.കെ. സ്ഥാനാർഥി കതിർ ആനന്ദിനോട് ഷൺമുഖം ഇവിടെ പരാജയപ്പെട്ടത്. ഇത്തവണയും കതിർ ആനന്ദ് തന്നെയാണ് ഡി.എം.കെ. സ്ഥാനാർഥി. പോളിങ് ഉയർന്നതിനാൽ കോയമ്പത്തൂരിനെക്കാൾ എൻ.ഡി.എ.യ്ക്ക് വെല്ലൂരിൽ പ്രതീക്ഷയുണ്ട്.

കന്യാകുമാരിയും നിരാശപ്പെടുത്തി

തമിഴ്‌നാട്ടിൽ ബി.ജെ.പി. ഏറ്റവും ശക്തമായ കന്യാകുമാരിയിൽ പോളിങ് നാലുശതമാനത്തോളം കുറവാണ്. ബി.ജെ.പി.യുടെ പ്രതീക്ഷയായിരുന്ന തിരുനെൽവേലിയിൽ മൂന്ന് ശതമാനത്തിലേറെയാണ് പോളിങ്ങിലുണ്ടായ കുറവ്. ടി.ടി.വി. ദിനകരൻ മത്സരിക്കുന്ന തേനിയിൽ പോളിങ്ങിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം 75 ശതമാനത്തിൽനിന്ന് 69-ലേക്ക് താഴ്ന്നത് ഡി.എം.കെ. സ്ഥാനാർഥി തങ്കത്തമിഴ് സെൽവന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

നീലഗിരി, ചെന്നൈ സൗത്ത്, ധർമപുരി, പെരമ്പല്ലൂർ, വിരുദുനഗർ, രാമനാഥപുരം എന്നീ മണ്ഡലങ്ങളിലും എൻ.ഡി.എ. വോട്ടുവിഹിതം ഉയർത്തിയേക്കാമെങ്കിലും വിജയം എളുപ്പമല്ല. ഇവിടെയെല്ലാം പോളിങ് കുറഞ്ഞിരിക്കുകയാണ്. പോളിങ് കുറഞ്ഞ കൊങ്കുനാട് മേഖലയിലും ഇത്തവണയും വലിയമാറ്റങ്ങൾ പ്രതീക്ഷിക്കാനാകില്ല.

കേഡർ സംവിധാനം വോട്ടുവിഹിതത്തിൽ രണ്ടാംസ്ഥാനം നിലനിർത്താൻ അണ്ണാ ഡി.എം.കെ.യെ സഹായിക്കുമെങ്കിലും സീറ്റുകൾ നേടാനാകുമോയെന്നകാര്യം സംശയത്തിലാണ്. ഇതേസമയം ഡി.എം.കെ.യുടെ സംഘടനാസംവിധാനവും ഒറ്റക്കെട്ടായി മുന്നേറുന്ന ഘടകകക്ഷികളും ഇന്ത്യസഖ്യത്തിന് ഇത്തവണയും ഗുണംചെയ്യും. പ്രതിപക്ഷം ചിതറിനിൽക്കുന്നതിനാൽ സർക്കാർവിരുദ്ധ വോട്ട്‌ ഭിന്നിക്കുമെന്നാണ് ഡി.എം.കെ.യുടെ കണക്കുകൂട്ടൽ.

ഇതിനുമുമ്പ് ത്രികോണമത്സരം നടന്ന 2014-ൽ  വോട്ടുഭിന്നിച്ചത് അണ്ണാ ഡി.എം.കെ.യ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ഇത്തവണ ഡി.എം.കെ.യ്ക്ക് ഗുണകരമാണ്. സഖ്യമുണ്ടാക്കുന്നതിൽ പിഴച്ചതായിരുന്നു 2014-ൽ ഡി.എം.കെ.യ്ക്ക് തിരിച്ചടിയായത്. വി.സി.കെ.യും മുസ്‌ലിംലീഗും മാത്രമായിരുന്നു അന്ന് ഡി.എം.കെ.യ്ക്ക് ഒപ്പമുണ്ടായിരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണിയെന്നപേരിൽ ഇടതുപക്ഷം, എം.ഡി.എം.കെ., ഡി.എം.ഡി.കെ., വി.സി.കെ. തുടങ്ങിയ പാർട്ടികൾ മൂന്നാം മുന്നണിയുണ്ടാക്കിയപ്പോഴും ഡി.എം.കെ.യ്ക്ക്‌ തിരിച്ചടിനേരിട്ടു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനക്ഷേമമുന്നണിയിലെ ഡി.എം.ഡി.കെ. ഒഴികെ മറ്റ് പാർട്ടികൾ ഡി.എം.കെ.യുടെ പാളയത്തിലെത്തിയതോടെ ഫലം മാറിമറിഞ്ഞു. ഡി.എം.കെ. സഖ്യം 39-ൽ 38 ലും വിജയിച്ചു. ഇതേസഖ്യവുമായി 2021 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. ഈ സഖ്യത്തിലേക്ക് കമൽഹാസനെക്കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ ഏറെ വിട്ടുവീഴ്ചചെയ്താണ് ഡി.എം.കെ., സഖ്യം നിലനിർത്തിയത്. കഴിഞ്ഞതവണ പാർട്ടിയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ 24 സ്ഥാനാർഥികൾ (ഡി.എം.കെ. ചിഹ്നത്തിൽ മത്സരിച്ച സഖ്യകക്ഷി സ്ഥാനാർഥികൾ അടക്കം) മത്സരിച്ചപ്പോൾ ഇത്തവണ 22 ആയി കുറഞ്ഞു. രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമത്തിൽ വിട്ടുവീഴ്ചചെയ്തുവെന്നാണ് ഡി.എം.കെ. നേതാക്കൾ ഇതിന് നൽകുന്ന വിശദീകരണം. എന്നാൽ, ത്രികോണമത്സരത്തിന് കളമൊരുങ്ങുമ്പോൾ ശക്തമായ സഖ്യം നൽകുന്ന ആനുകൂല്യമാണ് ഡി.എം.കെ. ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞതവണ ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ഒരുമിച്ച്‌ മത്സരിച്ചപ്പോൾ പലമണ്ഡലങ്ങളിലും ഫലം ഡി.എം.കെ. സഖ്യത്തിന് അനുകൂലമാക്കിയത് ടി.ടി.വി. ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകം വോട്ടു പിളർത്തിയതുകൊണ്ടായിരുന്നു. ഇത്തവണ ദിനകരൻ എൻ.ഡി.എ. സഖ്യത്തിലെത്തിയെങ്കിലും അണ്ണാ ഡി.എം.കെ. തെറ്റിപ്പിരിഞ്ഞത് തിരിച്ചടിയായി. മറിച്ചായിരുന്നുവെങ്കിൽ ഇന്ത്യ സഖ്യത്തിന് ഇപ്പോൾ പ്രതീക്ഷിക്കുന്നതരത്തിലുള്ള മുൻതൂക്കമുണ്ടാകില്ലായിരുന്നു.