രജപുത്രസമുദായത്തെ അപകീർത്തിപ്പെടുത്തുംവിധത്തിൽ ബി.ജെ.പി. നേതാവ് പർഷോത്തം രൂപാല നടത്തിയ ഒരു പ്രസ്താവന തിരഞ്ഞെടുപ്പുകാലത്ത് ഗുജറാത്ത് രാഷ്ട്രീയത്തെ പ്രകമ്പനംകൊള്ളിച്ചിരിക്കുന്നു. പ്രതാപികളായ ബി.ജെ.പി. നേതാക്കൾ പലവട്ടം മാപ്പുപറഞ്ഞുകഴിഞ്ഞു. രജപുത്രർ ഗുജറാത്തിൽ എണ്ണത്തിൽ കുറവാണ് എന്നതാണ് പാർട്ടിക്ക് ആശ്വാസംനൽകുന്നത്. പക്ഷേ, ഹിന്ദുത്വത്തിന്റെ ഇന്ത്യയിലെ ഏറ്റവുംവലിയ ദുർഗം ജാതിക്കുമുന്നിൽ ദുർബലമാണ് എന്നതാണ് വസ്തുത.

To advertise here,

കഴിഞ്ഞ മാർച്ച് 22-നാണ് രാജ്‌കോട്ടിലെ ബി.ജെ.പി. സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാലയുടെ വിവാദപ്രസ്താവനയുണ്ടായത്. ദളിതരായ വാല്മീകിസമുദായത്തിന്റെ യോഗത്തിലാണ് അദ്ദേഹം പ്രസംഗിച്ചത് എന്നതും എരിതീയിൽ എണ്ണയൊഴിച്ചു. ‘‘പല വിദേശികളും നമ്മളെ ഭരിച്ചു. അവരൊക്കെ പലവിധത്തിൽ പീഡിപ്പിച്ചു. ബ്രിട്ടീഷുകാരും അവരിലുണ്ട്. നമ്മുടെ പല രാജാക്കൻമാരും അവർക്ക് വഴങ്ങിക്കൊടുത്തു. അവർക്കൊപ്പം തീൻമേശ പങ്കിട്ടു. പെൺമക്കളെ കെട്ടിച്ചുകൊടുത്തു. പക്ഷേ, നിങ്ങൾ ഒരു പീഡനത്തിനും വഴങ്ങാതെ നിന്നവരാണ്...’’ -അദ്ദേഹം താരതമ്യംചെയ്തു.

പ്രസംഗം വൈറലായതോടെ പട്ടേൽസമുദായക്കാരനായ രൂപാലയ്ക്കെതിരേ രജപുത്രർ വാളെടുത്തു. രണ്ടുസമുദായങ്ങളും തമ്മിൽ മുമ്പുണ്ടായിരുന്ന ഉരസലുകളുടെ ഓർമ്മകളിൽ തീപാറി. വേറെ ഏത് പട്ടേലായാലും വേണ്ടില്ല, രൂപാലയുടെ സ്ഥാനാർഥിത്വം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചരിത്രസത്യങ്ങൾ തിരയാൻ ഗുജറാത്തിൽ ആർക്കും ധൈര്യമുണ്ടായില്ല. ‘എന്റെ പിഴ, എന്റെ പിഴ’ എന്ന് പലവട്ടം രൂപാല മാപ്പുപറഞ്ഞു. രജപുത്രനേതാക്കളുടെ യോഗത്തിൽപോയി ക്ഷമചൊല്ലി നോക്കി. പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും മോദിയുടെയും പേരിൽ ബി.ജെ.പി.ക്ക് ഒപ്പംതുടരണമെന്ന് അപേക്ഷിച്ചു. കല്ലേപ്പിളർക്കുന്ന കല്പനകളുടെ ഗൃഹാതുരത്വത്തിൽ അവർ വാൾ ഉറയിലിട്ടിട്ടില്ല.

സൗരാഷ്ട്രയിലെ പലമേഖലകളിലും സൂറത്തിലും അഹമ്മദാബാദിലുമൊക്കെ പ്രതിഷേധമുണ്ടായി. ഏപ്രിൽ 14-ന് രാജ്‌കോട്ടിലെ രത്തൻപുർ ഗ്രാമത്തിൽ ഒരു ലക്ഷത്തോളം ക്ഷത്രിയരുടെ മഹാസമ്മേളനമാണ് ചേർന്നത്. രൂപാലയെ പിൻവലിച്ചില്ലെങ്കിൽ എല്ലാമണ്ഡലങ്ങളിലും ബി.ജെ.പി.ക്കെതിരേ വോട്ടുചെയ്യാൻ ആഹ്വാനമുണ്ടായി. ബി.ജെ.പി.യുടെ യോഗങ്ങളിൽ പതിവില്ലാതെ പ്രതിഷേധത്തിന്റെ കരിങ്കൊടികൾ ഉയർന്നു. ഭാവ്‌നഗറിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രസംഗിച്ച യോഗത്തിൽ രജപുത്രർ ബഹളമുണ്ടാക്കി. ഒരു യുവമോർച്ചനേതാവ് അതേ വേദിയിൽ പരസ്യമായി രാജിക്കത്ത് നൽകി. സമുദായത്തിന് കൂടുതൽ അംഗബലമുള്ള രാജസ്ഥാനിലേക്ക് സമരം വ്യാപിപ്പിക്കാൻ നീക്കം തുടങ്ങി.

പഴയ പിളർപ്പുകൾ

രാജ്‌കോട്ട് കേന്ദ്രമായ സൗരാഷ്ട്രയിൽമാത്രം 222 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഇവരുടെ പിൻഗാമികളാണ് ഇപ്പോൾ ആയുധമെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ ഇവർ ഏഴുശതമാനത്തിൽ താഴെയേ വരുകയുള്ളൂ. എങ്കിലും സമ്പത്തിലും സ്വാധീനത്തിലും മോശമല്ല. കർണിസേനകളുടെ വരവോടെ ഇതരസംസ്ഥാനങ്ങളിലെ സമുദായാംഗങ്ങളുമായി അടുത്തബന്ധവുമുണ്ട്. ബ്രിട്ടീഷുകാരുമായി അടുപ്പംപുലർത്തിയ നാട്ടുരാജാക്കന്മാർ ധാരാളമുണ്ടെന്നത് ചരിത്രവസ്തുതയാണ്. സ്വാതന്ത്ര്യാനന്തരം ഇവർ കോൺഗ്രസിലേക്ക് ചാഞ്ഞു.

എന്നാൽ, ഗുജറാത്തിൽ ഇതരസമുദായങ്ങൾ കോൺഗ്രസിൽ ശക്തിനേടിയപ്പോൾ രജപുത്രർ മറ്റുമാർഗങ്ങൾ തേടി. സ്വതന്ത്രപാർട്ടിക്ക് ഗുജറാത്തിൽ വേരോട്ടമുണ്ടാക്കുന്നതിൽ ഇവർ സഹായിച്ചു. 1967-ൽ 67 സീറ്റുകൾ ഈ പാർട്ടി നിയമസഭയിലേക്ക് നേടിയിരുന്നു. രാജ്‌കോട്ടിൽനിന്ന് മിനു മസാനി ലോക്‌സഭയിലേക്കും ജയിച്ചിട്ടുണ്ട്. പക്ഷേ, ഗുജറാത്തിലെ എല്ലാ ക്ഷത്രിയരും സവർണരായ രാജ്പുതുകളല്ല. ക്ഷത്രിയരെന്ന് അവകാശപ്പെടുമ്പോൾത്തന്നെ ഒ.ബി.സി.ക്കാരായ വലിയ ജനവിഭാഗമുണ്ട്. ഠാക്കൂറുകളാണ് ഇവരിൽ പ്രധാനം. 

ഉത്തരേന്ത്യയിലെ ഠാക്കൂറുമാരിൽനിന്ന് ഇവർ വേറിട്ടുനിൽക്കുന്നു. കോലി പട്ടേലുമാരും കാത്തി ദർബാറികളും ഒക്കെയടങ്ങുന്ന ഈ വിഭാഗങ്ങൾ ജനസംഖ്യയുടെ 40 ശതമാനത്തോളംവരും. ഇവരിൽ കാത്തി ദർബാറികളിലെ ഒരുകൂട്ടരൊഴിച്ചാൽ ആരുംതന്നെ രൂപാലയ്ക്കുനേരേയുള്ള രജപുത്രരുടെ പോരാട്ടത്തെ ഇതുവരെ തുണച്ചിട്ടില്ല. കാരണം, ഇവരെയൊന്നും രാജരക്തമുള്ളവരായി ഒരുകാലത്തും രജപുത്രർ അംഗീകരിച്ചിട്ടില്ല. 1980-കളിൽ കോൺഗ്രസ് നേതാവായ മാധവസിങ് സോളങ്കി ‘ഖാം’ എന്ന സാമുദായികസഖ്യംവഴി വലിയ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കി. ക്ഷത്രിയ-ഹരിജൻ-ആദിവാസി-മുസ്‌ലിം എന്ന ഈ കൂട്ടുകെട്ടിന് പുറത്തായിരുന്നു മേൽജാതി രജപുത്രർ.

സ്വാതന്ത്ര്യാനന്തരം ഭൂവുടമകളായിമാറിയ 15 ശതമാനംവരുന്ന പട്ടേലുമാർ രജപുത്രരുടെ ആധിപത്യത്തിന് വെല്ലുവിളിയായി. ഇരുകൂട്ടരും തമ്മിൽ ചോര ചിന്തിയ അക്രമങ്ങളും പലതുണ്ടായി. ‘ഖാം’ വന്നതോടെ ബി.ജെ.പി.യിലേക്ക് മാറിയ പട്ടേലുമാർ പ്രബലരായി. രജപുത്രരും ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് സ്വാഭാവികമായും വന്നു. ഇപ്പോഴത്തെ സംസ്ഥാനമന്ത്രിസഭയിൽ പട്ടേലുമാർ ശക്തരായി തുടരുമ്പോൾ രജപുത്രർ മെലിഞ്ഞിട്ടുണ്ട്.

പട്ടേലായ പർഷോത്തം രൂപാലയ്ക്കെതിരായ പടയൊരുക്കത്തിനുപിന്നിൽ കൂടുതൽ പ്രാതിനിധ്യത്തിനായുള്ള ആഗ്രഹമുണ്ട്. എന്നാൽ, പട്ടേലുമാരിൽ കട്വയും ലുവയുമുണ്ട്. 1998-ൽ പർഷോത്തം രൂപാലയെ കേശുഭായി പട്ടേലിന്റെ മന്ത്രിസഭയിലെടുക്കാത്തതിനുകാരണം ജാതിയാണെന്ന് പ്രമുഖ പത്രപ്രവർത്തകൻ രാജീവ് ഷാ പറയുന്നു. കേശുഭായി ലുവയും രൂപാല കട്വയുമാണ്. ‘‘ബി.ജെ.പി. നേതാക്കളുടെ തൊലിക്കടിയിൽ ജാതിയുണ്ട്’’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

2015-ൽ പട്ടേലുമാർ ഒന്നിച്ച് സംവരണത്തിനായി നടത്തിയ പടപ്പുറപ്പാടാണ് അടുത്തിടെ ബി.ജെ.പി.യെ വട്ടംകറക്കിയത്. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ അത് ബാധിക്കുകയുംചെയ്തു. പിന്നീട് പല ഇടപെടലുകൾവഴിയാണ് സമുദായത്തിന്റെ പിന്തുണ സമാഹരിച്ചത്. ഒ.ബി.സി.ക്കാരായ ക്ഷത്രിയർ പിണങ്ങാത്തിടത്തോളം രജപുത്രരുടെ എതിർപ്പ് വലിയക്ഷീണം ഇപ്പോഴുണ്ടാക്കില്ലെന്ന കണക്കുകൂട്ടലാണ് ബി.ജെ.പിക്കുള്ളത്. മറിച്ചായാൽ കളി മാറും.

പ്രക്ഷോഭം അടുത്തഘട്ടത്തിലേക്ക്

വ്യത്യസ്ത ജാതിവിഭാഗങ്ങൾ ഹിന്ദുത്വയിലേക്ക് ലയിച്ചതല്ല ഗുജറാത്തിലെ ബി.ജെ.പി. രാഷ്ട്രീയം. വെള്ളംകേറാത്ത ജാതിസ്വത്വങ്ങളിലേക്കാണ് ഹിന്ദുത്വ രാഷ്ട്രീയം കലർന്നത്. ഇന്നും ഗുജറാത്തിലെ ഗ്രാമങ്ങളിൽ ആളുകൾ പട്ടേൽവാസ്, ഠാക്കൂർ വാസ്, രോഹിത് വാസ് എന്നിങ്ങനെ സമുദായംതിരിഞ്ഞാണ് ജീവിക്കുന്നത് - പറ്റിയാൽ നഗരങ്ങളിലും. അതിനാൽ, സമുദായങ്ങൾ വാളെടുക്കുമ്പോൾ രാമമന്ത്രവും മോദിമന്ത്രവും മതിയാകാതെ വരുന്നു.

ക്ഷത്രിയ രാജ്പുത് കോ-ഓർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച യോഗംചേർന്ന് രണ്ടാംഘട്ടസമരം പ്രഖ്യാപിച്ചിട്ടുണ്ട്. 26 മണ്ഡലങ്ങളിലും ബി.ജെ.പി.യെ തോൽപ്പിക്കാനുതകുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കും. കരിങ്കൊടികൾക്ക് പോലീസ് വിലക്കുള്ളതിനാൽ കാവിക്കൊടികളുമായി ബി.ജെ.പി. യോഗങ്ങൾ കലക്കും. രജപുത്രവനിതകൾ ഉപവാസസമരം നടത്തും. മേയ് ഏഴിന് തിരഞ്ഞെടുപ്പു നടക്കാനിരിക്കേ മൂന്നാംവട്ടവും എല്ലാസീറ്റുകളും നേടാനൊരുങ്ങുന്ന ബി.ജെ.പി.ക്ക് പരമാവധി വഴിമുടക്കുകയാണ് പഴയ നാട്ടുരാജാക്കന്മാരുടെ സമുദായം.