400 സീറ്റിന്റെ ബലത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന അമിത ആത്മവിശ്വാസവും 350 ന് മുകളില്‍ പ്രവചിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങളും യാഥാര്‍ഥ്യമാവാതെ എന്‍.ഡി.എ യുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ ഒടുവില്‍ അധികാരമേറ്റിരിക്കുന്നു. മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കുമുള്ള വകുപ്പ് വിഭജനങ്ങള്‍ പൂര്‍ത്തിയാക്കി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറുന്ന പ്രധാനമന്ത്രിയെന്ന വിശേഷണത്തില്‍ മോദി ഭരണം തുടങ്ങുമ്പോള്‍ കര്‍ട്ടണ് പിന്നില്‍ ചരടുവലിക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. 

To advertise here,

വിവാദ നിയമങ്ങള്‍ കൊണ്ടും നിലപാടുകള്‍കൊണ്ടും പത്തു വർഷം ഭരിച്ചതുപോലെയല്ല  മോദി സര്‍ക്കാരിന് ഇനിയങ്ങോട്ട് കാര്യങ്ങള്‍. നിതീഷും ചന്ദ്രബാബു നായിഡുവുമടക്കമുള്ള നേതാക്കള്‍ ഭരണചക്രം തിരിക്കുമ്പോള്‍ എളുപ്പമാവില്ല ഏകപക്ഷീയ തീരുമാനങ്ങള്‍. സി.എ.എ, പൗരത്വഭേദഗതി, കര്‍ഷക നിയമങ്ങള്‍ ഇവയിലെല്ലാം പുനര്‍വിചിന്തനം നടത്തേണ്ടിവരും. തരാതരം കാലുമാറലില്‍ റെക്കോര്‍ഡിട്ട നിതീഷ് കുമാറിനെ പോലുള്ളവരെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോവുകയും എളുപ്പമാവില്ല. നോക്കാം മൂന്നാം മോദി സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളികള്‍.

നട്ടെല്ലാവുന്ന കര്‍ഷകര്‍

2019-ല്‍ നിന്നും വ്യത്യസ്തമായി ബി.ജെ.പി-യെ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് തളച്ചിടുന്നതില്‍ കര്‍ഷക നിയമങ്ങളും കര്‍ഷക സമരവും വഹിച്ച പങ്ക് ചെറുതല്ല. സമരം കത്തിപടര്‍ന്ന പഞ്ചാബും ഹരിയാണയുമടക്കമുള്ള സംസ്ഥാനങ്ങളും യു.പി-യുടെ പല  ഭാഗങ്ങളും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമെല്ലാം ബി.ജെ.പി കര്‍ഷകരുടെ ചൂടറിഞ്ഞു. 2022- ഓടെ  കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു 2019-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ, ആ വാഗ്ദാനം പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇതിന് പുറമെ 2030-ഓടെ കര്‍ഷകരുടെ പ്രതിശീര്‍ഷ വരുമാനം അമ്പത് ശതമാനം വര്‍ധിപ്പിക്കുമെന്ന മോദിയുടെ വാഗ്ദാനവും കണക്കിലെടുത്തില്ല. ഇതോടെ കര്‍ഷക സമരം ആളിപ്പടര്‍ന്ന പഞ്ചാബിലടക്കം ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടു.

placeholder
സിംഗു അതിര്‍ത്തിയില്‍ നടന്ന കര്‍ഷക സമരത്തില്‍ നിന്ന് | ഫോട്ടോ: പി.ടി.ഐ

പഞ്ചാബില്‍ സഖ്യത്തിൽ മത്സരിച്ച 2019-ല്‍ ബി.ജെ.പിക്ക് രണ്ട് സീറ്റ് ലഭിച്ചയിടത്തു നിന്ന് തനിച്ച് മത്സരിച്ച  2024 ആവുമ്പോഴേക്കും പൂജ്യത്തിലേക്കെത്തി. ആകെയുള്ള 13 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ ഒരിടത്തും ബി.ജെ.പിക്ക് മേല്‍ക്കൈയുണ്ടാക്കാനായില്ല. കോണ്‍ഗ്രസും ആപ്പും തമ്മിലായിരുന്നു പ്രധാന മത്സരം. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് വേളയില്‍ പോലും ബി.ജെ.പിക്കെതിരേ വലിയ പ്രതിഷേധമാണ് കര്‍ഷക സംഘടനകള്‍  ഉയര്‍ത്തിയിരുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ വീടിന് മുന്നില്‍ പന്തല്‍കെട്ടി സമരം പോലും നടത്തി. ഒരു ഘട്ടത്തിലും കര്‍ഷകരെ നേരിടാന്‍ ബി.ജെ.പിക്കായില്ല. ഈ അതൃപ്തിയാണ് വോട്ടെടുപ്പില്‍ തിരിച്ചടിയായത്.

ഹരിയാണയില്‍ പത്ത് വര്‍ഷത്തിലധികമായി അധികാരത്തിലിരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇത്തവണ ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷെ  ആകെയുള്ള പത്ത് സീറ്റില്‍ 2019-ല്‍ പത്തും നേടിയ ബി.ജെ.പിയെ ഇത്തവണ അഞ്ചു സീറ്റിലേക്കൊതുക്കുന്നതില്‍ കര്‍ഷകര്‍ പ്രധാന പങ്കുവഹിച്ചു. സമാന സാഹചര്യമായിരുന്നു രാജസ്ഥാനിലുമുണ്ടായിരുന്നത്. ആകെയുള്ള 25 സീറ്റില്‍ 2019 ല്‍ 24 സീറ്റും നേടിയിരുന്ന ബി.ജെ.പി ഇത്തവണ 14 സീറ്റിലേക്കൊതുങ്ങി. ചുരുക്കത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ കര്‍ഷക ബെല്‍റ്റുകളില്‍ നിന്നായി 38 സീറ്റുകളാണ് ഇത്തവണ ബി.ജെ.പിക്ക് കുറഞ്ഞത്. മഹാരാഷ്ട്ര-12, രാജസ്ഥാന്‍ 11, യു.പി-08, ഹരിയാണ 05, പഞ്ചാബ് രണ്ട് എന്നിങ്ങനെയാണ ബി.ജെ.പിക്ക് നഷ്ടപ്പെട്ട പ്രധാന സീറ്റുകള്‍. 

2024 ഫെബ്രുവരിമാസമായിരുന്നു പഞ്ചാബിലേയും ഹരിയാണയിലേയും രാജസ്ഥാനിലേയുമടക്കം നിരവധി കര്‍ഷകര്‍ രണ്ടാം കര്‍ഷക സമരവുമായി ഡല്‍ഹിയിലേക്ക് നീങ്ങിയത്. എം.എസ്.പി യുടെ നിയമസാധുതയടക്കം നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചും ഒന്നാംഘട്ടത്തിലെ വാഗ്ദാനലംഘനം ചൂണ്ടിക്കാട്ടിയുമായിരുന്നു സമരം. പക്ഷെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അനുഭാവ പൂര്‍വമായ പരിഹാരം കണ്ടെത്താന്‍ അപ്പോഴും കേന്ദ്രത്തിന് കഴിഞ്ഞില്ല. അങ്ങനെ ഒന്നാം കര്‍ഷക സമരത്തിന്റെ പിന്തുടര്‍ച്ചയായി രണ്ടാം സമരം മാറുകയും  ചെയ്തു.  

ഇരുപത് വർഷം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ശിവാരജ് സിങ് ചൗഹാനാണ് മോദി 3.0 മന്ത്രിസഭയിലെ കൃഷി, കര്‍ഷക ക്ഷേമം, ഗ്രമ വികസനം എന്നിവയുടെ ചുമതല. മുഖ്യമന്ത്രിയായിരിക്കേ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കി രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങളുടെ വലിയ പിന്തുണ നേടിയ ശിവാരാജ് സിങ് ചൗഹാന്‍ കൃഷിമന്ത്രിയാവുമ്പോള്‍ നിര്‍ണായകമായ കര്‍ഷക നിയമങ്ങളിലടക്കം മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തവണ 8,21,408 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷമായിരുന്നു ശിവരാജ്  സിങ്  ചൗഹാന് വിദിശ  മണ്ഡലത്തിലെ വോട്ടര്‍മാര്‍ നല്‍കിയത്. മധ്യപ്രദേശിലെ 29-ല്‍ 29 സീറ്റിലും ബി.ജെ.പിക്ക് വിജയിക്കാനായതും ശിവരാജ് സിങ് ചൗഹാന്റെ സ്വാധീനത്തിലായിരുന്നു.  

ഇത്തവണ യു.പി അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്കേറ്റ വലിയ തിരിച്ചടിക്ക് പ്രധാനകാരണങ്ങളിലൊന്നായി പാര്‍ട്ടി കണക്ക് കൂട്ടുന്നത് കര്‍ഷകര്‍ കൈയൊഴിഞ്ഞതാണ്. ഇനിയങ്ങോട്ട്  ബി.ജെ.പിയെ സംബന്ധിച്ച് നഷ്ടപ്പെട്ട പിന്തുണ തിരിച്ചകൊണ്ടുവരേണ്ടത് നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ കാര്‍ഷിക വിഷയങ്ങളിലടക്കം അനുഭാവപൂര്‍വം പരിഹാരം കാണുകയെന്നതാണ് പുതിയ മോദി  സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.

placeholder
ചെന്നൈയില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തില്‍ നിന്ന് | ഫോട്ടോ: പി.ടി.ഐ

എന്താവും പൗരത്വനിയമ ഭേദഗതി

എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വിവാദ നിയമങ്ങളിലൊന്നായിരുന്നു പൗരത്വ നിയമഭേദഗതി. 2019-ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തില്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്നെ മാര്‍ച്ച് 11 ന് ആയിരുന്നു ഇതു സംബന്ധിച്ച ചട്ടങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് മത വിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്‌ലിമിതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമത്തിനെതിരേ കടുത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് ഇത് നടപ്പാക്കുന്നത് സര്‍ക്കാര്‍ നീട്ടിയത്. അസം, ഡല്‍ഹി, യു.പി എന്നിവിടങ്ങളിലായിരുന്നു കടുത്ത പ്രതിഷേധം. എന്നാല്‍ ഇതിനെ അവഗണിച്ച് വോട്ട് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. 

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലീംങ്ങളെ ഒഴിവാക്കിയത് ആ വിഭാഗത്തോടുള്ള വിവേചനമാണെന്നായിരുന്നു പ്രധാന ആക്ഷേപം. നിയമം നടപ്പിലാക്കുന്നതിലൂടെ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിട്ടിരുന്നതെങ്കിലും തിരഞ്ഞെടുപ്പില്‍ ഇത് ബി.ജെ.പിക്ക് കാര്യമായി ഗുണം ചെയ്തതുമില്ല. മാര്‍ച്ച് 11 ന് ചട്ടം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ നിയമവുമായി മുന്നോട്ടുപോയെങ്കിലും പുതിയ സര്‍ക്കാര്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്. 

സി.എ.എ നടപ്പിലാക്കിയതോടെ അസമിലേയും പശ്ചിമബംഗാളിലേയും അഭയാര്‍ഥി ഹിന്ദുക്കള്‍ക്ക് പൗരത്വവും വോട്ടവകാശവും നല്‍കുന്നത് ഭാവിയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടിയത്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പശ്ചിമ ബംഗാളില്‍ പോലും  ബി.ജെ.പിക്ക് ഇത് വലിയ നേട്ടമുണ്ടാക്കാനായില്ല. പശ്ചിമ ബംഗാളില്‍ 2019-ല്‍ 18 സീറ്റ് നേടിയ ബി.ജെ.പി യുടെ സീറ്റ് നില  2024 ആകുമ്പോഴേക്കും 12 ആയി. ആറ് സീറ്റ് നഷ്ടപ്പെട്ടു. സി.എ.എ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് നിലപാടെടുത്ത മമതയ്ക്ക് തൃണമൂലിന്റെ സീറ്റ് വര്‍ധിപ്പിക്കാനുമായി. 

സി.എ.എയുടെ പേരില്‍ തൃണമൂല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുടെ ചിത്രമുണ്ടാക്കിയെന്നുമാണ് ഇത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വം പ്രതികരിച്ചത്. സി.എ.എ നിയമമായെങ്കിലും ഇത് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പുതിയ സഖ്യസര്‍ക്കാരിന് പല വിട്ടുവീഴ്ചയും ചെയ്യേണ്ടി വരും. നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ കൂടുതല്‍ സമര്‍ദം ചെലുത്തുന്നതില്‍ നിന്നും കേന്ദ്രത്തിന് മാറി നില്‍ക്കേണ്ടിയും വരും. 

placeholder
ഏകീകൃത സിവില്‍ കോഡ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ | ഫോട്ടോ: എ.എന്‍.ഐ

ഏകീകൃത സിവില്‍കോഡെന്ന സ്വപ്‌നം

ബി.ജെ.പിയുടെ ഇത്തവണത്തെ പ്രധാന രാഷ്ട്രീയ വാഗ്ദാനമായിരന്നു രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുകയെന്നത്. വര്‍ഷങ്ങളായി ബി.ജെ.പി തങ്ങളുടെ പ്രധാന രാഷ്ട്രീയ അജണ്ടയായി കണക്കാക്കി പോന്നിരുന്ന ഏകീകൃത സിവില്‍ കോഡ് പുതിയ സഖ്യസര്‍ക്കാരിന് കീഴില്‍ മുന്നോട്ടുകൊണ്ടുപോവുക അത്ര എളുപ്പമാവില്ല. 2024 ഫെബ്രുവരി മാസത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി നിയമം പാസാക്കിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരു മോഡല്‍ എന്ന നിലയിലായിരുന്നു. പക്ഷേ, പുതിയ എന്‍.ഡി.എ സര്‍ക്കാരിന് കീഴിലെ പല കക്ഷികള്‍ക്കും  സിവില്‍ കോഡിനോട് താത്പര്യമില്ല. അതുകൊണ്ട് ഇതിലും വിട്ടുവീഴ്ച നടത്തേണ്ടി വരും. 

സഖ്യസര്‍ക്കാരിലെ പ്രധാന കക്ഷികളിലൊന്നായ ജെ.ഡി.(യു) വിന്റെ നിതീഷ്‌കുമാര്‍ ഏകീകൃത സിവില്‍ കോഡിന് എതിരല്ലെങ്കിലും എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ട് മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളൂവെന്ന നിലപാടാണുള്ളത്. ചര്‍ച്ചകള്‍ നടത്തി വിദഗ്‌ദോപദേശം അനുസരിച്ച് മാത്രമേ ഇത്തരത്തില്‍ ഏതെങ്കിലും നിയമം നടപ്പിലാക്കാവൂ എന്ന്  കഴിഞ്ഞ വര്‍ഷം നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. സമാനമാണ് മറ്റൊരു പ്രധാന സഖ്യ കക്ഷിയായ ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിന്റേയും നിലപാട്. ടി.ഡി.പി മുസ്ലീം വിഭാഗത്തിന്റെ കൂടെ പാര്‍ട്ടിയാണെന്നും അവരുടെ വിശ്വാസത്തേയും താല്‍പര്യത്തേയും  ഹനിക്കുന്ന ഒരു നിലപാടുമെടുക്കില്ലെന്നും നേരത്തെ ചന്ദ്രബാബു നായിഡുവും വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡിനെ പുതിയ മോദി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത്. 

placeholder
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ സമീപം. ഫോട്ടോ: എ.എന്‍.ഐ 

നടക്കുമോ ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതികളിലൊന്നാണ്  ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പെന്ന പദ്ധതി. രാജ്യത്ത്  ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കുക ലക്ഷ്യമിട്ട് സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദേശം സ്വീകരിക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി കഴിഞ്ഞ  സെപ്റ്റംബറില്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 18626 പേജുള്ള റിപ്പോര്‍ട്ട് സമിതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി മുന്നോട്ടുപോവാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പെത്തിയത്.  

സര്‍ക്കാരിനുണ്ടാവുന്ന ഭാരിച്ച ചെലവ് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ജെ.ഡി(യു)റിപ്പോര്‍ട്ടിനെ പിന്തുണച്ചെങ്കിലും  ടി.ഡി.പി ഇതുവരെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇതുവരെ രാംനാഥ് കോവിന്ദ് സമിതിക്ക് ടി.ഡി.പി നല്‍കിയിട്ടുമില്ല. സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിച്ച് മാത്രമായിരിക്കും ഒറ്റത്തിരഞ്ഞെടുപ്പിനുള്ള പൂര്‍ണ അനുമതി പ്രാദേശിക കക്ഷികള്‍ നല്‍കുകയുള്ളൂ.

placeholder
അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധിച്ച് സമരക്കാർ ബിഹാറില്‍ ട്രെയിനിന് തീവെച്ചപ്പോള്‍.ഫോട്ടോ: എ.എന്‍.ഐ

അഗ്നിപഥില്‍ ഭാവിയെന്ത്?

രണ്ടാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് അഗ്നിപഥ് പദ്ധതി. 2022 ല്‍ നടപ്പിലാക്കിയ പദ്ധതിക്കെതിരേ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉയർന്നത്. ട്രെയിനിന് തീവെച്ച് പ്രതിഷേധിക്കുന്ന സാഹചര്യംവരെയുണ്ടായി. ഉത്തര്‍പ്രേദശിലെ ബല്ലിയ റെയില്‍വേ സ്റ്റേഷനിലായിരുന്നു രണ്ട് ട്രെയിനുകള്‍ക്ക് സമർക്കാർ തീവെച്ചത്. എന്നാല്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. 

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് യു.പിയിലടക്കം പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യ പ്രചാരണ വിഷയമായിരുന്നു അഗ്നിപഥ്. ഹരിയാണയിലും പഞ്ചാബിലും ഹിമാചലിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുടമക്കം ഇത് വലിയ രീതിയില്‍ തിരഞ്ഞെടുപ്പായുധമായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഹിന്ദി ഹൃദയഭൂമി ബി.ജെ.പിയെ വലിയ രീതിയില്‍ തിരിച്ചടിക്കുന്ന കാഴ്ചകണ്ടു. 
ഇതിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത് അഗ്നിപഥ് തന്നെയാണ്. 

പുതിയ സഖ്യസര്‍ക്കാരിന് കീഴിലെ ജെ.ഡി(യു) വിന് പദ്ധതിയില്‍ വലിയ താത്പര്യമില്ല. മാത്രമല്ല, പദ്ധതിയില്‍ പുനരാലോചന നടത്തണെന്ന നിലപാടുള്ളവരുമാണ്. മറ്റ് ഘടക കക്ഷികളും പദ്ധതിയില്‍ പുനരാലോചന നടത്തണമെന്ന നിലപാടാണുള്ളത്. ഇതുവരെ കരസേനയില്‍ മാത്രം 40,000 അഗ്നിവീറുകളുടെ രണ്ട് ബാച്ചുകളാണുള്ളത്. ഇവരുടെ പരിശീലന കാലാവധി പൂര്‍ത്തിയാക്കി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 20,000 പേരുള്ള മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം 2023-നവംബറില്‍ ആരംഭിച്ചിട്ടുമുണ്ട്. നാവികസേനയില്‍ മൂന്ന് ബാച്ചുകളിലായി 7385 അഗ്നിവീറുകള്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യോമസേനയില്‍ 4955 പേരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

placeholder
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി: ഫോട്ടോ| എ.എന്‍.ഐ

അയോധ്യയില്‍ നിന്നുള്ള പാഠം

അയോധ്യയിലെ പ്രാണപ്രതിഷ്ഠ തിരഞ്ഞെടുപ്പില്‍ ഫലം ചെയ്യാത്ത സാഹചര്യത്തില്‍ ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് ഘടക കക്ഷികളുടെ നിലപാട്. രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ഹിന്ദു വോട്ടുകളെ വലിയ രീതിയില്‍ സ്വധീനിക്കാമെന്ന് കരുതിയ ബി.ജെ.പിക്ക് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും തോല്‍വിയായിരുന്നു ഫലം. ഇവിടെ സമാജ്‌വാദി പാര്‍ട്ടി സീറ്റ് പിടിച്ചടക്കുകയും ചെയ്തു. അയോധ്യയ്ക്ക് സമാനമായി കാശിയിലും മധുരയിലും ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോവാന്‍ ബി.ജെ.പിക്ക് പദ്ധതിയുണ്ടായിരുന്നുവെങ്കിലും ഇതിനി എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 1991-ലെ ക്ഷേത്ര നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ ടി.ഡി.പിയും ജെ.ഡി.യും പിന്തുണക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

കഴിഞ്ഞ രണ്ടു തവണത്തേതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ശക്തിയാര്‍ജിച്ച പ്രതിപക്ഷത്തെ നേരിടുകയെന്നതും മോദി സര്‍ക്കാരിന് വെല്ലുവിളിയായിരിക്കും. ഇന്ത്യാ സഖ്യത്തിന്  233 എം.പിമാരുടെ ബലമാണ് ഇത്തവണയുള്ളത്. അതുകൊണ്ടു തന്നെ ചര്‍ച്ചകളിലൂടെയല്ലാതെ ഏതെങ്കിലും നിയമം സഭയില്‍ മുന്നോട്ടുകൊണ്ടുപോവുക അത്ര എളുപ്പമാവില്ല. എം.പിമാരെ പുറത്താക്കിയും സസ്‌പെന്‍ഡ് ചെയ്തുമുള്ള മുൻ നടപടികൾ ഇക്കുറി വിലപ്പോവില്ല. ഇതാണ് മൂന്നാം മോദി സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.