2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. അന്ന് അമ്പരന്നത് കേരളം മാത്രമല്ല, രാജ്യമൊന്നാകെയായിരുന്നു. വയനാട്ടില്‍നിന്നൊരു പ്രധാനമന്ത്രി എന്ന പ്രചാരണം രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് ഏറ്റെടുത്തു. വെറും താരമണ്ഡലത്തിനപ്പുറം കോണ്‍ഗ്രസിന് വയനാട് എപ്ലസ് താരമണ്ഡലം തന്നെയായി മാറുകയും ചെയ്തു.

To advertise here,

വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ഒളിച്ചോട്ടമാണെന്നും ബി.ജെ.പിയെ പേടിച്ചാണെന്നുമടക്കം  അന്നുമുതല്‍ ഇടതുപക്ഷവും ബി.ജെ.പിയുമടക്കമുള്ളവര്‍ ആരോപണങ്ങളുന്നയിച്ചിട്ടും മോദിയും ബി.ജെ.പിയും മാത്രമായിരുന്നു രാഹുലിന്റെ പ്രധാന പ്രചാരണ ആയുധം. വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവിനെ ട്രോളുകളായും കളിയാക്കലുകളായും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോഴും അതിനെ മൈന്‍ഡ് ചെയ്യാതെ വിടുകയായിരുന്നു ഒന്നാം വരവില്‍ രാഹുല്‍. 

placeholder
Photo:  ANI 

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തിയ രാഹുല്‍ ഗാന്ധിക്ക് അര്‍ഹമായ പരിഗണന തന്നെ 2019-ല്‍ വയനാട്ടുകാര്‍ നല്‍കി. 4,31,770 എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. എന്നാല്‍ അഞ്ചുവര്‍ഷത്തിനിപ്പുറം രണ്ടാം തവണയും രാഹുല്‍ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയപ്പോഴും ഒളിച്ചോട്ടക്കാരനെന്ന വിളി വീണ്ടും കേട്ടു. പക്ഷെ റായ്ബറേലിക്കൊപ്പം വയനാട്ടിലും മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും അമേഠി കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തതോടെ ഒളിച്ചോട്ടക്കാരനെന്ന് വിളിച്ചവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കി രാഹുലും കോണ്‍ഗ്രസും.

വയനാട്ടില്‍ ഇനി ആരെന്ന ഒറ്റ ചോദ്യമാണ് പിന്നീട് ഉയര്‍ന്ന് കേട്ടത്. ഒടുവില്‍ ആ പ്രഖ്യാപനവും വന്നിരിക്കുന്നു. വയനാട്ടിലേക്ക് മത്സരിക്കാന്‍ പ്രിയങ്കയെ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു കോണ്‍ഗ്രസ് നേതൃത്വം. അങ്ങനെ ഗാന്ധി കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്കെത്തുകയും ചെയ്യുന്നു. പല പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു വയനാട്ടിലേക്ക്. അതില്‍ തൃശ്ശൂരില്‍നിന്ന് മത്സരിച്ച് തോറ്റ കെ. മുരളീധരന്റെ പേരുവരെയുണ്ടായിരുന്നു. ഇതിനിടെയാണ് പ്രിയങ്കയെ പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം പറഞ്ഞത്.

മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലവും കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലവും വയനാട് ജില്ലയിലെ മൂന്ന് മണ്ഡലവും ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലം രൂപീകൃത കാലം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ്. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുന്ന മണ്ഡലത്തില്‍ ആദ്യം പ്രാദേശിക നേതാക്കളെ  പരിഗണിക്കാമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇത് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രിയങ്കയിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിയത്. രാഹുല്‍ അല്ലെങ്കില്‍ പ്രിയങ്ക വേണമെന്ന മുസ്ലീം ലീഗ് അടക്കമുള്ളവരുടെ താല്‍പര്യവും പരിഗണക്കപ്പെടുകയായിരുന്നു.

placeholder
Rahul Gandhi and Priyanka Gandhi Vadra at a rally in Rae Bareli
റായ്ബറേലിയിലെ റാലിക്കിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും | Photo: PTI

രാഹുല്‍ വയനാട്ടുകാരെ വഞ്ചിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനും പ്രിയങ്കയിലൂടെ മറുപടി കൊടുക്കാനായി എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നേട്ടമായി. 2004-ല്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാഗാന്ധിയുടെ കാമ്പയിന്‍ മാനേജറായിട്ടായിരുന്നു പ്രിയങ്കയുടെ തുടക്കം. സഹോദരന്‍ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിലും സജീവമായിരുന്നു. 2017-ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്തെ മൊത്തം രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ട സമയത്ത് അമേഠിയും റായ്ബറേലിയും അടക്കമുള്ള പത്തോളം മണ്ഡലങ്ങളുടെ പൂര്‍ണ ചുമതലയായിരുന്നു പ്രിയങ്കാ ഗാന്ധിക്ക്. 2019 ഓടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും എ.ഐ.സി.സി ജനറല്‍
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരിയായിട്ടായിരുന്നു പാര്‍ട്ടി നിയോഗിച്ചത്. 

വയനാടിനെ സംബന്ധിച്ചും പ്രിയങ്ക പുതുമുഖമല്ലെന്നതാണ് പ്രത്യേകത. 2019-ല്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ സജീവമായിരുന്നു പ്രിയങ്ക. ഇതിന് പുറമെ രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത വന്നപ്പോള്‍ ജനങ്ങളെ കാണാന്‍ വയനാട്ടിലെത്തിയപ്പോഴും പ്രിയങ്ക കൂടെയുണ്ടായിരുന്നു. അന്ന് ഒരു ജനത മുഴുവന്‍ രാഹുലിനും പ്രിയങ്കയ്ക്കും പിന്നില്‍ അണിനിരന്നിരുന്നു. രാഹുലിനെ അയോഗ്യനാക്കിയതിന്റെ പ്രതിഷേധം കല്‍പറ്റയിലെ തെരുവില്‍ ആര്‍ത്തിരമ്പുകയും ചെയ്തിരുന്നു. ഒടുവില്‍ വയനാട്ടില്‍ രണ്ടാം വട്ടവും രാഹുല്‍ മത്സരിക്കാനെത്തിയപ്പോഴും കാമ്പയിനുകളില്‍ പ്രിയങ്ക സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കത്തിക്കയറിയ പ്രിയങ്കയ്ക്ക് അന്ന് വന്‍ വരവേല്‍പ്പാണ് വയനാട്ടുകാര്‍ നല്‍കിയത്. 

placeholder
Priyanka Gandhi Vadra l Photo: ANI
പ്രിയങ്ക ഗാന്ധി

രണ്ട് മണ്ഡലത്തിലും വിജയിച്ച ശേഷം വയനാട്ടുകാരുമായി ആജീവനാന്ത ബന്ധം തുടരുമെന്നും  വയനാട്ടുകാര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമെടുക്കുമെന്നും പറഞ്ഞ രാഹുല്‍ തന്നെ പ്രതിസന്ധികാലത്ത് സഹായിച്ച് ജനതയ്ക്ക്  നല്‍കുന്ന ഏറ്റവും നല്ല മറുപടിയുമായി പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ വയനാട്ടില്‍നിന്ന് പ്രിയങ്ക ജനവിധി തേടുന്നതോടെ വലിയൊരു ചരിത്രത്തിന് കൂടിയാണ് വയനാട് സാക്ഷിയാവാന്‍ പോവുന്നത്. വിജയിച്ചാല്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരേസമയം മൂന്ന് പേര്‍ പാര്‍ലമെന്റിലെത്തുന്നുവെന്ന ചരിത്രമാണ് കുറിക്കപ്പെടുക. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രാഹുല്‍ ഗാന്ധിക്ക് മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും പ്രിയങ്കയെത്തുമ്പോള്‍ അത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.