
സി.പി.എം. കേന്ദ്രനേതൃത്വം അസ്വസ്ഥമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് മുന്നണിക്ക്, പ്രത്യേകിച്ച് സി.പി.എമ്മിനുണ്ടായ തിരിച്ചടി അവഗണിക്കാനാവില്ലെന്ന പാര്‍ട്ടിയുടെ കേന്ദ്രഘടകം തിരിച്ചറിയുന്നുണ്ട്. ഈ ബോധ്യമാണ് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. പാലക്കാട് കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തില്‍ കാരാട്ട് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു. കടുത്ത നിരാശയുണ്ടാക്കുന്ന പരാജയമാണ് പാര്‍ട്ടിക്ക് കേരളത്തിലുണ്ടായിട്ടുള്ളതെന്നും തിരുത്തേണ്ടത് തിരുത്തണമെന്നും കാരാട്ട് വ്യക്തമാക്കി. സി.പി.എം. മുഖപ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയിലെ ലേഖനവും പെരിന്തല്‍മണ്ണയില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പ്രസംഗവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
സന്ദേശം വ്യക്തമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായിട്ടുണ്ട്. എം.വി. ഗോവിന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല പോലെ തോറ്റു. തിരുത്തണം എന്ന കാര്യത്തിലും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് സംശയമില്ല. പക്ഷേ, എന്ത് തിരുത്തണം, ആര് തിരുത്തണം എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. അല്ലെങ്കില്‍ അങ്ങിനെയാരു പുകമറയാണ് സൃഷ്ടിക്കപ്പെടുന്നത്. ജൂണ്‍ 16-നും 17-നും സി.പി.എം. സംസ്ഥാന സ്രെകട്ടറിയേറ്റ് യോഗവും ജൂണ്‍ 18 മുതല്‍ 20വരെ സി.പി.എം. സംസ്ഥാനസമിതി യോഗവും നടക്കാനിരിക്കെയാണ് കാരാട്ടും എം.വി. ഗോവിന്ദനും നിശിതവിമര്‍ശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് ദിവസങ്ങളിലായി ചേരുന്ന സി.പി.എം. നേതൃസമിതി യോഗത്തില്‍ മുഖ്യമായും ചര്‍ച്ചചെയ്യപ്പെടുക. 2019-ലെ അതേ ദയനീയഅവസ്ഥയിലേക്ക് പാര്‍ട്ടി എത്തിയെന്നത് മാത്രമല്ല ബി.ജെ.പി. ഇതാദ്യമായി കേരളത്തില്‍ ഒരു ലോക്സഭ സീറ്റില്‍ അക്കൗണ്ട് തുറന്നു എന്ന സ്ഥിതിവിശേഷവും സി.പി.എം. നേരിടുന്നുണ്ട്. 2021- ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് നേമം പിടിച്ചെടുക്കാനായത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയനേട്ടമായിരുന്നു. എന്നാല്‍, മൂന്ന് കൊല്ലങ്ങള്‍ക്കിപ്പുറത്ത് കേരളത്തിന്റെ സാസ്‌കാരിക തലസ്ഥാനത്ത് താമര വിരിഞ്ഞത് എങ്ങിനെയെന്ന കടുത്ത ചോദ്യത്തിന് സി.പി.എം. നേതൃത്വത്തിന് അത്ര എളുപ്പത്തില്‍ വിശദീകരണം നല്‍കാനാവില്ല. ഈ പരിസരത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിന് കേന്ദ്രനേതൃത്വം നല്‍കുന്ന പരോക്ഷ സൂചനയായി കാരാട്ടിന്റെയും ഗോവിന്ദന്റേയും പ്രസംഗം വ്യാഖ്യാനിക്കപ്പെടാവുന്നതാണ്.
ഇതിന് കടകവിരുദ്ധമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായത്. നേതൃമാറ്റമില്ലെന്ന് കടുത്ത ഭാഷയിലാണ് പിണറായി വ്യക്തമാക്കിയത്. ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപതി മാര്‍ ഗിവര്‍ഗ്ഗിസ് കൂറിലോസിനെ വിവരദോഷി എന്ന് വിളിക്കാനും പിണറായി മടിച്ചില്ല. പിണറായിയുടെ ഈ രൂക്ഷപ്രതികരണം മാര്‍ കൂറിലോസിന് എന്നതിനേക്കാള്‍ പാര്‍ട്ടിയില്‍ ഉയരുന്ന വിയോജിപ്പുകളാണ് ലക്ഷ്യമിടുന്നതെന്നും നിരീക്ഷണമുണ്ട്. വിവരദോഷമൊന്നും ആരും ഇങ്ങോട്ടെുക്കേണ്ട എന്ന് വ്യംഗ്യം.
ഏത് കാര്യത്തിലും ഉത്തരവാദിത്വം ഏറ്റെടുക്കല്‍ പ്രധാനമാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ജനത കോണ്‍ഗ്രസിന് അനുകൂലമായല്ല പിണറായി സര്‍ക്കാരിന് എതിരായാണ് വോട്ട് ചെയ്തതെന്ന നിരീക്ഷണം പ്രബലമാണ്. അങ്ങനെയാണെങ്കില്‍ അതിനൊരു തിരുത്തലേയുള്ളു- നേതൃമാറ്റം. ഈ തിരുത്തല്‍ പിണറായി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം എന്താണ് ചെയ്യുക എന്നതാണ് ചോദ്യം. ഇന്നിപ്പോള്‍ സി.പി.എം. എന്ന് പറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ കേരള ഘടകമാണ്. കേരളഘടകത്തിന്റെ സമ്പദ്ശക്തിയാണ് പാര്‍ട്ടിയെ അഖിലേന്ത്യ തലത്തില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമായ പിണറായിക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നതില്‍ വിജയിക്കാനാവുമോ എന്നതില്‍ കേന്ദ്രനേതൃത്വത്തിന് ഉറപ്പില്ലെന്നതാണ് വാസ്തവം.
കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഇവിടെയുണ്ടായിരുന്നെങ്കില്‍ നേതൃമാറ്റത്തിനുള്ള സാധ്യതയുണ്ടായിരുന്നുവെന്നാണ് സി.പി.എമ്മിലെ ഒരു സീനിയര്‍ നേതാവ് ഈ ലേഖകനോട് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലും ഘടകകഷികള്‍ക്കും ഒരു പോലെ സമ്മതനായിരുന്നു കോടിയേരി. പിണറായിയെ മാറ്റി കോടിയേരിയെ കൊണ്ടുവരുന്നതില്‍ കേന്ദ്രനേതൃത്വത്തിന് അത്രയധികം ആയാസപ്പെടേണ്ടിവരുമായിരുന്നില്ല. നിലവില്‍ പിണറായിക്ക് പകരം കൊണ്ടുവരാവുന്ന ഒരു നേതാവ് കെ.കെ. ശൈലജയാണ്. കെ.കെ. ശൈലജ മുഖ്യമന്ത്രിയാവണമെന്ന് കേന്ദ്രനേതൃത്വം ഉറപ്പിച്ചാല്‍ സംസ്ഥാന നേതൃത്വം അതിനെതിരെ കലാപക്കൊടി ഉയര്‍ത്തണമെന്നില്ല. പാര്‍ട്ടിക്കുള്ളില്‍ വലിയൊരു വിഭാഗം പിണറായിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരിതിയോട് കടുത്ത എതിര്‍പ്പുള്ളവരാണ്. കേന്ദ്രനേതൃത്വം രണ്ടും കല്‍പിച്ചിറങ്ങിയാല്‍ ഇവര്‍ പിണറായിക്കെതിരെ അണിനിരക്കും. പക്ഷേ, അങ്ങിനെയാരു കര്‍ക്കശ നിലപാടിന് കേന്ദ്രനേതൃത്വം തയ്യാറാകുമോ എന്നത് മില്ല്യണ്‍ ഡോളര്‍ ചോദ്യമാണ്.
ഇപ്പോഴാണെങ്കില്‍ സൂചികൊണ്ടെടുക്കാമെന്നും നാളേയ്ക്ക് വെച്ചാല്‍ തൂമ്പകൊണ്ട് പോലും എടുക്കാനാവില്ലെന്നുമുള്ള നിരീക്ഷണങ്ങളും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പാകുമ്പോഴേക്കും പിണറായി വിജയന് 81 വയസ്സാവും. പാര്‍ലമെന്ററി രംഗത്തേക്ക് കരുത്തുറ്റ പുതിയൊരു നേതാവിനെ കണ്ടെത്തേണ്ടതിന് പ്രായം, ജനപിന്തുണ, നേതൃതപാടവം തുടങ്ങി പല കാരണങ്ങള്‍ പാര്‍ട്ടിക്ക് മുന്നിലുണ്ട്. അതിനായുള്ള മുന്നൊരുക്കങ്ങള്‍ എപ്പോള്‍ തുടങ്ങുമെന്നതുള്‍പ്പെടെ 'തിരുത്തല്‍ നടപടി' യുടെ ഭാഗമാകുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ ആശങ്കകള്‍ പാര്‍ട്ടി സംസ്ഥാനനേതൃയോഗം പങ്ക് വെയ്ക്കുമോ എന്നിടത്താണ് പിണറായി വിജയന്റെ ഭാവിയുടെ താക്കോലിരിക്കുന്നത്.
Content Highlights: lok sabha poll defeat in kerala cpm praksh karat mv govindan
Published: 15 Jun 2024, 06:54 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented