"പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) വഴി 13 മുതൽ 65 വയസ്സ് വരെ പ്രായമുള്ള പൗരന്മാർക്ക് 50,000 മുതൽ 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുമെന്നും, ഇതിനായുള്ള അപേക്ഷാ ഫോമുകൾ പുറത്തിറങ്ങിയെന്നും അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്, ഒരു ലിങ്ക് ഉൾപ്പെടെയാണിത്. വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഈ സന്ദേശം ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഒട്ടേറെപ്പേരാണ് ഇതിന്‍റെ യാഥാർത്ഥ്യം അന്വേഷിച്ച് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്‌ലൈനിൽ ബന്ധപ്പെട്ടത്. എന്നാൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ,

To advertise here,

ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.

പ്രചാരിക്കുന്ന സന്ദേശം :

‘പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) 2026 അപേക്ഷാ ഫോം പുറത്തിറങ്ങി

അർഹരായ ഇന്ത്യൻ പൗരന്മാർക്കായുള്ള പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) 2026 അപേക്ഷ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.

പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) 2026 വഴി 13–65 വയസ്സ് പ്രായമുള്ള അർഹരായ ഇന്ത്യൻ പൗരന്മാർക്ക് ₹50,000 മുതൽ ₹200,000 വരെ സാമ്പത്തിക സഹായം നൽകും.

പ്രായം 13–25 (₹50,000–₹90,000)

പ്രായം 25–65 (₹90,000–₹200,000)

അംഗീകാരം ലഭിച്ച അപേക്ഷകർക്കുള്ള വിതരണം ആരംഭിച്ചു. ഗുണഭോക്താക്കളിൽ ഒരാളാകാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.അർഹത പരിശോധിച്ച് ഇവിടെ അപേക്ഷിക്കൂ.’

അന്വേഷണം

പ്രധാനമന്ത്രി ജൻ ധൻ യോജനയുമായി ബന്ധപ്പെട്ട എല്ല വിവരങ്ങളും ഇതിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. PMJDYയിൽ നേരിട്ട് പണം നൽകുന്ന ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. പ്രസ്തുത സന്ദേശത്തിൽ പരാമർശിച്ചതുപോലുള്ള ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ അത്തരത്തിലുള്ള വിവരങ്ങളൊന്നും തന്നെ സൈറ്റിൽ കണ്ടെത്തിയില്ല. മാത്രമല്ല, പ്രവചരിക്കുന്ന സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധമില്ലാത്തതാണ്. ഇത്തരം ലിങ്കുകൾ ഫോണിൽ നിന്നും വ്യക്തികളുടെ സ്വകാര്യ, ബാങ്കിംങ് വിവരങ്ങൾ ചോർത്തുന്ന ഫിഷിങ് ലിങ്കുകളാകാം.

പ്രധാനമന്ത്രി ജൻ ധൻ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്: പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് തുടങ്ങുന്നവർക്ക് സൗജന്യമായി രുപേ (RuPay) ഡെബിറ്റ് കാർഡ് ലഭിക്കും. ഈ കാർഡിനൊപ്പം 2 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് പരിരക്ഷയും ഗുണഭോക്താക്കൾക്ക് ഉറപ്പാക്കുന്നുണ്ട്. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന അർഹരായ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യവും ഈ പദ്ധതി വഴി ലഭ്യമാണ്. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ലക്ഷക്കണക്കിന് രൂപ പണമായി ഈ പദ്ധതിയിലൂടെ ലഭിക്കില്ല.

ഈ പ്രചാരണം വ്യാജമാണെന്നും പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പണം നൽകുന്നില്ലെന്നും വ്യക്തമാക്കി കേന്ദ്രസർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ അവരുടെ ഔദ്യോഗിക എക്സ് അക്കൗഡിൽ പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. സന്ദേശത്തിൽ നൽകിയിരിക്കുന്ന URL സർക്കാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധമുള്ളതല്ല. ഇത്തരം ലിങ്കുകൾ ഫിഷിങ് ലിങ്കുകളാകാൻ സാധ്യതയുണ്ട്. ഇവയിൽ ക്ലിക്ക് ചെയ്താൽ വ്യക്തി, ബാങ്കിങ് വിവരങ്ങൾ നഷ്ടപ്പെടാനും അതുവഴി സൈബർ തട്ടിപ്പിന് ഇരയാകാനും സാധ്യതയുണ്ട്.