മോദിയുടെ ഗ്യാരന്റിയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം എന്‍.ഡി.എ. മുന്നോട്ടുവച്ചത്. പാര്‍ട്ടിയോ മറ്റു നേതൃത്വമോ പ്രത്യേക അജണ്ടകളോ മുന്നോട്ടുവെക്കാതെ വെറും മോദി ഫാക്ടറില്‍ ഒതുങ്ങിയുള്ള എന്‍.ഡി.എ. പ്രചാരണം. കേരളത്തില്‍-തൃശ്ശൂര്‍ മണ്ഡലത്തിലെ തേക്കിന്‍കാട് മൈതാനത്ത് ഒത്തുചേര്‍ന്ന ജനസാഗരത്തെ സാക്ഷി നിര്‍ത്തി സുരേഷ് ഗോപിയുടെ പ്രചാരണത്തിനെത്തിയ മോദി, ആവര്‍ത്തിച്ചാവര്‍ത്തിച്ചാണ് 'ഇത് മോദിയുടെ ഗ്യാരന്റി' എന്ന് വിളിച്ചു പറഞ്ഞത്. പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം 'മോദി ഗ്യാരന്റി' സ്ഥിരം ശൈലിയാക്കി. മറ്റു സഖ്യകക്ഷികളും ഇതേറ്റെടുത്തു. 'ഞങ്ങള്‍ നിങ്ങള്‍ക്ക് എന്തിന് വോട്ട് ചെയ്യണം?' എന്ന് ചോദിക്കുന്ന ജനങ്ങളുടെ മുമ്പിലേക്ക്, 'അജയ്യനായ' മോദിയെ നോക്കൂ എന്ന് നേതൃത്വം മറുപടി നല്‍കി.

To advertise here,

എന്‍.ഡി.എ മോദിയെ ഉയര്‍ത്തിയുള്ള പ്രചാരണതന്ത്രം ഏറ്റെടുത്തതും പ്രതിപക്ഷനിരയില്‍ ചിതറിക്കിടക്കുന്ന സഖ്യകക്ഷി നേതാക്കളില്‍ ആരാകും പ്രധാനമന്ത്രി എന്നതിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടതും ഒരുപക്ഷേ മോദി ഗ്യാരന്റി പെട്ടിയില്‍ വോട്ടാകുമെന്ന ഉറപ്പുകൊണ്ടാകണം. എന്നാല്‍, ജനം മോദി ഗ്യാരന്റിയില്‍ തൃപ്തരായില്ല. തങ്ങളെ കൈവിടില്ലെന്ന് ഉറച്ചുവിശ്വസിച്ച ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു ബിജെപിക്ക് ആദ്യത്തെ പ്രഹരം. അടിയന്തരാവസ്ഥക്കാലത്തെ ഭീകരതയില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴിവെട്ടിയ ഉത്തരേന്ത്യയിലെ 'ദരിദ്രനാരായണന്മാര്‍' തങ്ങളുടെ രാഷ്ട്രീയം കൃത്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. 302 സീറ്റുകളില്‍ നിന്നാണ് ബിജെപി 240 സീറ്റുകളിലേക്ക് പതിച്ചത്.

വാരാണസിയിലെ നിറംമങ്ങിയ ജയം

വാരാണസിയില്‍ നിന്ന് തന്നെ തുടങ്ങാം. അധികാരം അരക്കിട്ടുറപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം മണ്ഡലത്തില്‍ ആവശ്യമായിരുന്നു. ഉള്‍പാര്‍ട്ടിപ്പോരും നേതൃപോരും ശക്തമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യം മറികടക്കാന്‍ ബി.ജെ.പിക്കും മോദിയുടെ ഭൂരിപക്ഷം ഉയര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍, ബിജെപിയുടേയും മോദി- ഷാ കൂട്ടുകെട്ടിന്റെയും പദ്ധതികളാകെ പാളുന്ന കാഴ്ചയായിരുന്നു വാരാണസിയിലേത്. മോദിയുടെ മൂന്നാമൂഴമെന്ന് പറയുമ്പോഴും ഏറ്റവും ശക്തമായ പ്രഹരം ലഭിച്ച മണ്ഡലങ്ങളില്‍ ഒന്ന് വാരാണസിയാണ്. ക്ഷേത്ര നഗരമായ വാരാണസിയില്‍ മോദി ജയിച്ചുകയറുമെന്ന് ഉറപ്പായിരുന്നെങ്കിലും ഭൂരിപക്ഷത്തെച്ചൊല്ലിയുള്ള  ചര്‍ച്ചകളായിരുന്നു പിന്നീട് ഉയര്‍ന്നുകേട്ടത്. മതവികാരങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങളും പ്രചാരണങ്ങളും മോദി തിരഞ്ഞെടുപ്പ് റാലികളിലും പ്രസംഗങ്ങളിലും ഉയര്‍ത്തിപ്പിടിച്ചു.

എന്നാല്‍, 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പോലെ ഒരു ദേശീയ വികാരം ഉള്‍ക്കൊള്ളുന്ന വിഷയം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നില്ല എന്നത് കൊണ്ട് തന്നെ മോദി ഗ്യാരന്റിയില്‍ ഊന്നിയുള്ള പ്രചാരണമായിരുന്നു ഏറെയും. 2014-ല്‍ മോദി വാരാണസിയില്‍ നിന്ന് മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥികളായെത്തിയത്, ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്​രിവാളും കോണ്‍ഗ്രസിന്റെ അജയ് റായിയുമായിരുന്നു.

placeholder
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥപിച്ച കട്ടൗട്ടുകള്‍ | ഫോട്ടോ: പിടിഐ

2009-ല്‍ മുരളീ മനോഹര്‍ ജോഷി 17211 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ 2014-ല്‍ മോദി ജയിച്ചു കയറിയത് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്നു. 3,71,784  ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മോദി വാരാണസിയില്‍ നിന്ന് ജയിച്ചുകയറിയത്. 581,022 വോട്ടായിരുന്നു അന്ന് മോദി നേടിയത്. കെജ്​രിവാളാകട്ടെ 209238 വോട്ടിനും. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍, അതായത് 2019-ല്‍ ഭൂരിപക്ഷം പിന്നെയും ലക്ഷം കൂടി. 479,505 ലക്ഷം ഭൂരിപക്ഷത്തിലായിരുന്നു മോദി അന്ന് ജയിച്ചുകയറിയത്. എതിരാളി എസ്.പിയുടെ ശാലിനി യാദവ് ആയിരുന്നു. 195159 വോട്ടായിരുന്നു അന്ന് ശാലിനി യാദവ് നേടിയത്. അജയ്യനെന്ന് വിധിയെഴുതിയ മണ്ഡലത്തില്‍ മോദി മൂന്നാമങ്കത്തിനിറങ്ങി. ജനം മൂന്നാമതും വിജയം നല്‍കിയെങ്കിലും ഈ വിജയത്തിന് അല്‍പം തിളക്കം മങ്ങിയിരുന്നു. ഭൂരിപക്ഷത്തില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ കുറവാണ് ഇത്തവണ മോദിക്ക്.

152,513 വോട്ടിന്റെ മങ്ങിയ ജയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി ആയിരുന്നു മോദിയുടെ എതിരാളി. ആദ്യഘട്ടത്തില്‍ ചില ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഫലങ്ങളില്‍ മോദി പിറകോട്ട് വരെ പോകുന്ന അവസ്ഥയുണ്ടായി. ഇത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ചെയ്തു.

മോദിയുടെ ഗ്യാരന്റി മുന്‍നിര്‍ത്തി വോട്ടഭ്യര്‍ഥിച്ച് ഒടുവില്‍ മോദി ജയിക്കാത്ത സാഹചര്യം ഉണ്ടാകുമോ എന്ന പരിഹാസചോദ്യമടക്കം പല ദിക്കില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് ആയൂസ്സ്  അത്രയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ കുറവ് മോദിക്ക് ഉണ്ടായി എന്നത് അത്ര നിസാരമായി കാണാന്‍ സാധിക്കില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അമിത് ഷാ  അരക്കിട്ടുറപ്പിച്ച് പറയുന്നു, ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള വാഗ്ദാനം മോദിയുടെ ഗ്യാരന്റി എന്ന് മോദി തന്നെ പറയുന്നു. എന്നിട്ടും ജനം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ പോലും മോദിക്കായില്ല എന്നത് സസൂക്ഷ്മം കാണേണ്ടതുണ്ട്. മാത്രമല്ല, മണ്ഡലത്തില്‍ പതിനായിരത്തിനടുത്ത് വോട്ടുകള്‍ ജനം നോട്ടയ്ക്കാണ് ചെയ്തിരിക്കുന്നത് എന്നത് കൂടി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.

placeholder
നരേന്ദ്ര മോദി | ഫോട്ടോ :പി.ടി.ഐ 

ഞാനിസത്തിനേറ്റ മങ്ങല്‍, 'ചാര്‍ സൗ' പകുതിയിലൊതുങ്ങുമ്പോള്‍

ബി.ജെ,പിയിലെ 'ഞാനിസ'ത്തിന്റെ/ഞാന്‍ എന്ന ഏക വ്യക്തി പ്രസ്ഥാനത്തിന്റെ അന്ത്യത്തിനാണ് ഇന്ത്യ സഖ്യം അറുതിവരുത്തിയത്. 2024-ലെ ലോക്​സഭാ തിരഞ്ഞെടുപ്പിലെ ബിജെപിക്കേറ്റ തിരിച്ചടി എന്നതിലുപരി മോദി യുഗത്തിനേറ്റ മങ്ങല്‍ എന്ന് കൂടി ചേര്‍ത്തുവായിക്കേണ്ടി വരുന്നത് ഇതൊക്കെ കൊണ്ടാണ്. ആരുടേയും പിന്‍ബലം ആവശ്യമില്ലെന്ന തോന്നലില്‍ നിന്ന് ഉടലെടുത്ത അമിതാത്മവിശ്വാസത്തിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇത്തവണത്തെ ലോക്​സഭാഫലം എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത്.

തുടക്കത്തില്‍ പറഞ്ഞ പോലെ മോദി... മോദി... മോദി... എന്ന മുദ്രാവാക്യം മാത്രമായിരുന്നു എങ്ങും ഉയര്‍ന്നത്. 'ചാര്‍ സൗ പാര്‍' എന്ന കൂറ്റന്‍ സംഖ്യയും ഇത്തവണ എന്‍.ഡി.എ. സഖ്യം ഉയര്‍ത്തിക്കാട്ടി. മോദിയുടെ ഗ്യാരന്റിയില്‍ ഇത്തവണ സുഖമായി നാനൂറ് സീറ്റുകളിലധികം എന്‍ഡിഎ സ്വന്തമാക്കുമെന്നായിരുന്നു അവകാശവാദം. എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇത് ശരിവെക്കും തരത്തിലായിരുന്നു. എന്നാല്‍ ജനം മറിച്ചു ചിന്തിച്ചു. എന്താണ് ജനത്തിന്റെ മനസിലുള്ളതെന്ന് എക്‌സിറ്റ് പോളുകള്‍ക്കും പ്രവചിക്കാനായില്ല. അതിനാലാകണം, ഒടുവില്‍ എക്‌സിറ്റ് പോള്‍ പ്രവാചകര്‍ ചാനല്‍ ലൈവിലെത്തി പൊട്ടിക്കരയേണ്ട അവസ്ഥയില്‍ എത്തിയത്.

താരപ്രചാരകന്‍ മോദി...

ബിജെപിയുടെ താരപ്രചാരകരുടെ നീണ്ട നിര എന്ന് പറയുന്നതിനേക്കള്‍ ഇത്തവണ താരപ്രചാരകന്‍ എന്ന് പറയുന്നതായിരിക്കും ഉചിതം. 73-കാരനായ മോദി എന്ന ഒരൊറ്റ പ്രചാരകനില്‍ കൂടിയായിരുന്നു ഇത്തവണ എന്‍.ഡി.എയുടെ പ്രചാരണ പരിപാടികളില്‍ ഭൂരിഭാഗവും. മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വരെ 206 പൊതുപരിപാടികളിലായിരുന്നു മോദി പങ്കെടുത്തത്. റോഡ് ഷോ, റാലികള്‍ അടക്കമുള്ള കണക്കുകളാണ് ഇത്. 2019-ല്‍ 145 പൊതുപരിപാടികളിലായിരുന്നു പങ്കെടുത്തത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ, മാര്‍ച്ച് 15, 16, 17 തീയതിക്കുള്ളില്‍ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും മോദി സന്ദര്‍ശനം നടത്തി. തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാനയായിരുന്നു മോദിയുടെ ലക്ഷ്യം. ബിജെപിയോട് മുഖം തിരിച്ചുനില്‍ക്കുന്ന കേരളം, ആന്ധ്ര, തമിഴ്‌നാട്ടില്‍ ഇത്തവണ ശക്തമായ വേരോട്ടം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതില്‍ കേരളത്തിലും ആന്ധ്രയിലും ലക്ഷ്യം കണ്ടു. എന്നാല്‍ തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദ്ധതികളൊക്കെ പാളുന്നതാണ് കണ്ടത്.

80-ഓളം അഭിമുഖങ്ങളാണ് മോദി ഈ കാലയളവില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ അഭിമുഖങ്ങൾ പലതിനും സോഷ്യല്‍ മീഡിയകളില്‍ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടു. പ്രതിപക്ഷം രൂക്ഷഭാഷയില്‍ തന്നെ മോദിയുടെ അഭിമുഖങ്ങളെ വിമര്‍ശിച്ചു. ഇതുവരെ മാധ്യമങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാത്ത പ്രധാനമന്ത്രി ഒരു സുപ്രഭാതത്തില്‍ എല്ലാ മാധ്യമങ്ങളേയും വിളിച്ചു വരുത്തി നേരത്തെ തയ്യാറാക്കി നല്‍കിയ ചോദ്യങ്ങള്‍ ചോദിച്ച് അതിന് മറുപടി പറയുന്ന രീതിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

placeholder
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കട്ടൗട്ടുകള്‍ | ഫോട്ടോ: പിടിഐ

75 ആയാല്‍ മോദി പുറത്തോ?

ജയിലില്‍ നിന്നെത്തിയ കെജ്​രിവാളാണ് ബിജെപിക്ക് മറ്റൊരു പ്രഹരം നല്‍കിയത്. ബിജെപി പാര്‍ട്ടി മാനദണ്ഡപ്രകാരം പ്രായം 75 കഴിഞ്ഞവര്‍ റിട്ടയര്‍മെന്റ് ചെയ്യുക എന്ന പാര്‍ട്ടി നിയമം മോദിക്കും  ബാധകമാകുമെന്നും രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മോദി റിട്ടയര്‍മെന്റ് ആകുമെന്നും കെജ്​രിവാള്‍  പറഞ്ഞു. പിന്നെ നിങ്ങളുടെ പ്രധാനമന്ത്രി ആരാകും എന്നും കെജ്​രിവാള്‍ ഒളിയമ്പെയ്തു. മാത്രമല്ല അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ടഭ്യര്‍ഥിക്കുന്നതെന്നും പ്രധാനമന്ത്രി അമിത് ഷാ ആയിരിക്കുമെന്നും കെജ്​രിവാൾ പറഞ്ഞു. ഇത് ബിജെപി നേതൃത്വത്തെ തെല്ലൊന്നുമല്ല ഉലച്ചത്.

ഉടനടി അമിത് ഷാ അടക്കമുള്ളവര്‍ രംഗത്തെത്തി. അത്തരത്തില്‍ ഒരു നിയമം ഇല്ലെന്നും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും പറഞ്ഞ് കെജ്​രിവാളിന്റെ പരാമര്‍ശങ്ങളെ പ്രതിരോധിച്ചു നിര്‍ത്തി. എന്നാല്‍ അപ്പോഴേക്കും പാര്‍ട്ടി മുതിര്‍ന്ന നേതൃത്വം പ്രതികരിച്ചു തുടങ്ങിയിരുന്നു. 75 കഴിഞ്ഞെന്ന് പറഞ്ഞ് പുറത്തിരുത്തിയ പല നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങളുമായി രംഗത്തെത്തി. പാര്‍ട്ടി ഉള്‍പ്പോര് ഇത് വര്‍ധിപ്പിക്കുകയും ചെയ്തു. അപ്പോഴും ചോദ്യമുയരുന്നത് മോദിക്ക് മാത്രമായി പാര്‍ട്ടി നിയമം പൊളിച്ചെഴുതുമോ എന്നതാണ്.

മോദി- യോഗി പോര്?

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മോദിയുടെ പിന്‍ഗാമിയായി പറയപ്പെടുന്നവരുടെ കൂട്ടത്തിലാണ് യോഗിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ ചെറുതല്ലാത്തൊരു വിടവ് രൂപപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മുന്‍കൂട്ടി കണ്ടതിനാലാകണം അരവിന്ദ് കെജ്​രിവാള്‍ മോദിയേയും യോഗിയേയും ജനങ്ങളുടെ മുമ്പിലിട്ട് ചര്‍ച്ചാവിഷയമാക്കിയത്. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രണ്ട് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റുമെന്നാണ് കെജ്​രിവാൾ പറഞ്ഞത്. ഇത് വലിയ തോതില്‍ വാര്‍ത്തകളായിരുന്നു.

പ്രതാപം നഷ്ടപ്പെടുന്ന ബി.ജെ.പി.

ബിജെപിയുടെ കാല്‍പാദത്തിലെ മണ്ണൊലിച്ചു പോകുന്ന കാഴ്ചയായിരുന്നു ഉത്തര്‍പ്രദേശില്‍ കണ്ടത്. രാം മന്ദിറും മോദിയും പ്രചാരണമായ 2014-ഉം 2019-ഉം, ഉത്തര്‍പ്രദേശില്‍ ബിജെപിയെ തുണച്ച മണ്ഡലങ്ങളില്‍ പലതും ഇത്തവണ ബി.ജെ.പിക്കെതിരേ നിന്നു. യു.പിയിലെ 80 സീറ്റുകളില്‍ 71 ഇടത്തും 2014-ല്‍ ബിജെപിയായിരുന്നു. 2019-ല്‍ 64 സീറ്റുകളായിരുന്നു ബിജെപി നേടിയത്. ഹിന്ദി ഹൃദയഭൂമിയുടെ ഭൂരിപക്ഷമായിരുന്നു ലോക്​സഭാ തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശിലെ മത്സരഫലങ്ങള്‍ അത്രമേല്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം തകിടം മറിഞ്ഞു. വെറും 33 ഇടത്ത് മാത്രമായി ബിജെപി ചുരുങ്ങി. ഇന്ത്യ സഖ്യം നാല്‍പതിലേറെ സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നേടി.

ആര്‍.എസ്.എസ്. സഹായം ആവശ്യമില്ലെന്ന തോന്നല്‍

ആര്‍.എസ്.എസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പോലും ഒരു ഘട്ടത്തില്‍ ബി.ജെ.പിക്ക് തോന്നിത്തുടങ്ങിയിരുന്നു. തങ്ങള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനില്ക്കുന്നുണ്ടെന്ന തോന്നലില്‍ നിന്നാകണം ദേശീയാധ്യക്ഷന്‍ നഡ്ഡ ആര്‍.എസ്.എസ്. പിന്തുണ ആവശ്യമില്ലാതെ തന്നെ ബിജെപി ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പരസ്യമായി പറഞ്ഞത്. നേരത്തെ താരപ്രചാരകരുടെ കൂട്ടത്തില്‍ മോഹന്‍ ഭാഗവത് അടക്കമുള്ള ആര്‍.എസ്.എസ്. നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിച്ചിരുന്നെങ്കില്‍ ഇത്തവണ പരമാവധി ആര്‍.എസ്.എസ്. നേതാക്കളെ ഒഴിവാക്കിക്കൊണ്ടായിരുന്നു പ്രചാരകരുടെ പട്ടിക തയ്യാറാക്കിയത്. ബിജെപിക്ക് തനിച്ച് പ്രവര്‍ത്തന സാധ്യമെന്ന് തോന്നിയതിനാലാകണം ഇത്. ഇക്കാര്യം ബിജെപി ദേശീയാധ്യക്ഷന്‍ നഡ്ഡ തന്നെ വിവരിക്കുകയും ചെയ്തിരുന്നു.
'ആരംഭഘട്ടത്തില്‍ ഞങ്ങള്‍ക്ക് അത്രമേല്‍ ശേഷി ഉണ്ടായിരുന്നില്ല, ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ വളര്‍ന്നു, ഇപ്പോള്‍ ഞങ്ങള്‍ പ്രാപ്തരമാണ്. ബിജെപിക്ക് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും',തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളായിരുന്നു ഇത്.

ഏകാധിപതി

ഏകാധിപതി എന്ന വിമര്‍ശനം മോദിക്കെതിരേ വിവിധ കോണില്‍ നിന്ന് ഉയരുന്നുണ്ട്. പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത് മോദി-ഷാ നേതൃത്വമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത് പരസ്യമാക്കിക്കൊണ്ട് തന്നെ സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിന് കാരണം പ്രധാനമന്ത്രിയുടെ ഏകാധിപത്യ മനോഭാവമെന്നാണ് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമിയുടെ ട്വീറ്റ്.

മോദി ദത്തെടുത്ത ഗ്രാമം - അനൂപ് ദാസിന്റെ വോട്ടര്‍ സൈക്കിള്‍ ഡയറി

തിരഞ്ഞെടുപ്പ് കാലത്ത് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് വോട്ടര്‍ സൈക്കിള്‍ ഡയറി എന്ന പ്രോഗ്രാം ചെയ്തിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്ട ഒരു സമൂഹത്തിന്റെ ദൈന്യതയിലേക്കുള്ള ഇറങ്ങിച്ചെല്ലലായിരുന്നു വോട്ടര്‍ സൈക്കിള്‍ ഡയറിയില്‍ കൂടി അനൂപ് ദാസും സംഘവും ചെയ്തത്. മതവും മന്ദിരവും ചര്‍ച്ചയാകുന്ന ഉത്തര്‍പ്രദേശിലെ ജനം എങ്ങനെ ജീവിക്കുന്നു എന്ന് നേതാക്കള്‍ ചിന്തിക്കുന്നുണ്ടോ എന്നുപോലും സംശയിക്കത്തക്ക വിധത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു അനൂപ് ദാസിന്റേത്.
'വീടില്ല, മഴ വന്നാല്‍ എന്ത് ചെയ്യും. വീടില്ലാത്ത ഞങ്ങള്‍ എവിടെ താമസിക്കാനാ...? ഈ വിലക്കയറ്റത്തില്‍ ഞങ്ങള്‍ എന്ത് കഴിക്കും? സമ്പാദിച്ച് ഭക്ഷണം കഴിക്കുമോ വീട് പണിയുമോ? - വാരാണസിയില്‍ മോദി ദത്തെടുത്ത ഗ്രാമവാസികള്‍ ചോദിക്കുന്നത് ഇതാണ്.
'യോഗിയുടേയും മോദിയുടേയും അടുത്ത് ഞങ്ങള്‍ പറയുന്ന വിവരമെത്തിക്കൂ. ഞങ്ങള്‍ അവരെ ജയിപ്പിക്കുന്നു. എപ്പോഴും ജയിപ്പിക്കും. പാവങ്ങളാണ് വീട് നോക്കൂ. കുടിലാണ്. ഗുണ്ടകള്‍ ഞങ്ങളുടെ സ്ഥലം പിടിച്ചെടുത്തു' - ഗ്രാമവാസികള്‍ കൈകൂപ്പി പറയുന്നു.

ഉത്തര്‍പ്രദേശില്‍ ഇത്തവണ മതവും വിദ്വേഷ പ്രചാരണങ്ങള്‍ ഏശാതെ വരികയും ജനം വ്യക്തമായ കാഴ്ചപ്പാടോടെ വോട്ട് രേഖപ്പെടുത്തിയതും തങ്ങളുടെ ദൈന്യതയുടെ കാഠിന്യം കൂടി കൊണ്ടായിരിക്കണം എന്ന് വേണം വിലയിരുത്താന്‍. അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ അടക്കം ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത് ഇതിനാലായിരിക്കണം. മോദിപ്രഭാവത്തിനേറ്റ മങ്ങല്‍ കൂടിയാണ് വാരാണസിയിലെ ഭൂരിപക്ഷത്തിലേറ്റ കുറവ് എന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. മോദിപ്രഭാവം നഷ്ടപ്പെടുന്ന എന്‍.ഡി.എ. സഖ്യത്തില്‍ പ്രധാനമന്ത്രിയായി വീണ്ടും മോദി വരുമോ അതോ  വസുന്ധര രാജെ, ഡോ. രമണ്‍ സിങ് എന്നിവരെ ഒതുക്കി. അതുപോലെ മോദിയുടെ നിയമം മോദിക്ക് തന്നെ വിനയാകുമോ എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.