
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുച്ചൂടും തലയില്‍ വഹിച്ച ഒരേയൊരു സംസ്ഥാനം ഉത്തര്‍പ്രദേശാണ്. അമേഠിയും റായ്ബറേലിയും ഫൈസാബാദും കനൗജും സുല്‍ത്താന്‍പുരും എക്കാലവും ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ ഓരോ പാര്‍ട്ടിയുടെയും രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മണ്ഡലങ്ങളാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പാര്‍ലമെന്ററി സീറ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനം. നിര്‍ണായകമായ എണ്‍പതു സീറ്റുകളില്‍ തുല്യം തുല്യം ആധിപത്യമുള്ള ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരുവിധം നേതാക്കളെല്ലാം മത്സരിക്കുന്ന സംസ്ഥാനം. 2024 ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ നിലപാടുകള്‍ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ പ്രകടമാണ്. രാജ്യം അടുത്തകാലത്തൊന്നും കണ്ടുമുട്ടിയിട്ടില്ലാത്ത 'ഇലക്ഷ്ന്‍ റിസല്‍റ്റ് സ്ട്രസ്' ഓരോ പാര്‍ട്ടിയും വോട്ടറും നേരിട്ടനുഭവിച്ച തിരഞ്ഞെടുപ്പ്.
.................................................................................................
ആറു പതിറ്റാണ്ടുകാലം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ഒരു നേതാവായി നിലകൊണ്ട മുലായം സിങ് യാദവിന്റെ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്ന് ഓര്‍മിപ്പിക്കുകയാണ് ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്. മികവുറ്റ സ്ഥാനാര്‍ഥികള്‍, മികച്ച ലീഡ്. എന്‍.ഡി.എയോട് സന്ധിയില്ലാ പോരാട്ടം നടത്താന്‍ രൂപം കൊണ്ട് 'ഇന്ത്യ' സഖ്യത്തിന്റെ തലച്ചോറായി പ്രവര്‍ത്തിക്കാന്‍ സഖ്യം നിയോഗിക്കച്ചത് മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവിനെയാണ്. മുലായത്തിന്റെ സ്വന്തം മണ്ഡലങ്ങളായ മെയിന്‍പുരിയും അസംഗഢും സംഭാലും കനൗജുമടക്കം സമാജ്‌വാദി പാര്‍ട്ടി നേടിയത് 37 സീറ്റുകള്‍. കനൗജില്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അഖിലേഷ് യാദവ് തന്നെയാണ് അങ്കത്തിന് നേരിട്ടിറങ്ങിയത്. സംസ്ഥാനത്തെ പിന്നോക്ക വിഭാഗക്കാരും മോശമല്ലാത്ത അംഗസംഖ്യയുള്ള മുസ്ലീം വോട്ടര്‍മാരും കനൗജിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന സാഹചര്യത്തില്‍ അഖിലേഷ് കനൗജിന് അനഭിമതനായില്ല. 1,70,922 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ സുബ്രത് പതക്കിനെ അഖിലേഷ് തോല്‍പിച്ചു. യു.പിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി തിളങ്ങിയ അഖിലേഷിന്റെ മുന്‍കാല വിജയങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ ലീഡ് അദ്ദേഹത്തിന്റെ ജനസ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
അഖിലേഷ് യാദവിന്റെ പത്‌നിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിടയറ്റ യുവനേതാവുമായ ഡിംപിള്‍ യാദവിനെ രണ്ടുവട്ടം പാര്‍ലമെന്റിലേക്ക് അഭിമാനപൂര്‍വം പറഞ്ഞയച്ച അതേ കനൗജിനെ സുബ്രത് പതക്കിലൂടെ ബി.ജെ.പി നേടിയെടുക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുബ്രത് പതക്കിനെ കനൗജ് കൈവിട്ടുവെങ്കില്‍ 'ഇന്ത്യ' ജനാധിപത്യ ഗൂഢാലോചനകളെ അട്ടിമറിച്ചുവെന്ന് വ്യക്തം.
ലല്ലു സിങ്ങിനോട് കനിവുകാട്ടാതെ അയോധ്യയും രാംലല്ലയും!
ബി.ജെ.പിയെ കൈവിട്ട ഫൈസാബാദ്! അഞ്ച് വിധാന്‍ സഭകളുടെ സമ്മേളനമായ ഫൈസാബാദ് ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ടതോടുകൂടി ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കൂടുതല്‍ വ്യക്തത കൈവന്നു. ദാരിയാബാദ്, റുദൗലി, മില്‍കിപൂര്‍, ബികാപൂര്‍, പിന്നെ അയോധ്യയുമടങ്ങുന്ന ഫൈസാബാദ് മണ്ഡലം ഇത്തവണ നിലയുറപ്പിച്ചത് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അവധേഷ് പ്രസാദിനൊപ്പമാണ്. ബി.ജെ.പിയുടെ കരുത്തുറ്റ നേതാവും അയോധ്യയിലെ രാം ലല്ല ക്ഷേത്രനിര്‍മാണത്തിന്റെ മുഖ്യസംഘാടകനുമായ ലല്ലു സിങ്ങിനെ ഫൈസാബാദ് നിലംതൊടീച്ചില്ല.
കൈവിടുമ്പോള്‍ കൂട്ടത്തോടെ കൈയൊഴിയുക എന്ന നയമാണ് ഫൈസാബാദ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകാംഗം കൂടിയായ അവധേഷ് പ്രസാദ്, ലല്ലു സിങ്ങിനെ മറികടക്കുമ്പോള്‍ ഫൈസാബാദിന്റെ രാഷ്ട്രീയ നിലപാടുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയാണ്. ബി.ജെ.പി യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായി കൊട്ടിഘോഷിക്കപ്പെട്ട അയോധ്യാ രാമക്ഷേത്ര നിര്‍മാണവും സമര്‍പ്പണവും വോട്ടുബാങ്കായി ഉയര്‍ന്നില്ല.
കുടുംബസ്വത്തായി മാറിയ മെയിന്‍പുരി
മുലായത്തിനുശേഷം മരുമകള്‍ ഡിംപിള്‍ യാദവിന്റെ തട്ടകമായി മാറുകയാണ് മെയിന്‍പുരി. 2,21,639 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തോടുകൂടി സമാജ്‌വാദി പാര്‍ട്ടിയുടെ യുവ വനിതാനേതാവിനെ വീണ്ടും പാര്‍ലമെന്റിലേക്കയക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയച്ചായ്‌വുകളെ ഒരുതരത്തിലും ബാധിക്കാത്ത സമാജ്‌വാദി പാര്‍ട്ടിയുടെ ഉറച്ച മണ്ഡലം. 'നേതാജി' എന്ന് അണികള്‍ വിശേഷിപ്പിക്കുന്ന മുലായത്തിന്റെ കുടുംബസ്വത്തുപോലെ കൈമാറി വരുന്ന മണ്ഡലമാണ് മെയിന്‍പുരി. ഡിംപിളിന് മെയിന്‍പുരിയില്‍ ഇത് രണ്ടാമൂഴമാണ്. 2009-ല്‍ ഫിറോസാബാദിലെ ഉപതിരഞ്ഞെടുപ്പില്‍, ഭര്‍ത്താവ് അഖിലേഷ് യാദവിനു പകരക്കാരിയായി ഭാഗ്യം പരീക്ഷിച്ചുകൊണ്ടാണ് ഡിംപിള്‍ യാദവ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് തിരഞ്ഞെടുപ്പുകളുടെ സമ്മേളനം തന്നെയായിരുന്നു ഡിംപിളിന്റെ രാഷ്ട്രീയ കരിയറിനെ നിര്‍ണയിച്ചത്. കനൗജില്‍ നിന്നും രണ്ടു തവണ എം.പിയായി. മുലായം സിങ്ങ് യാദവ് അന്തരിച്ചപ്പോള്‍ മെയിന്‍പുരിയിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വിജയിച്ചുകൊണ്ടാണ് സിറ്റിങ് എം.പിയായത്.
മഹാരാഷ്ട്രക്കാരിയായ ഡിംപിളിന് അവകാശപ്പെടാന്‍ രാഷ്ട്രീയകുടുംബചരിത്രമൊന്നുമില്ല. ആര്‍മി റിട്ട. കേണല്‍ റാം ചന്ദ്ര സിങ്ങിന്റെ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടാമത്തെയാള്‍. പഠിക്കാന്‍ മിടുക്കി. കുടുംബവേരുകള്‍ ഉത്തരാഖണ്ഡിലാണ്. ലഖ്‌നൗ യൂണിവേഴ്‌സിറ്റി പഠനകാലത്താണ് അഖിലേഷ് യാദവുമായി പ്രണയത്തിലാവുന്നത്. മുലായത്തിനും കുടുംബത്തിനും ഒട്ടുമേ താല്‍പര്യമില്ലാതിരുന്ന ബന്ധത്തിന് വിവാഹത്തിലൂടെ തീര്‍പ്പു കല്‍പ്പിക്കുന്നത് അഖിലേഷിന്റെ മുത്തശ്ശി മൂര്‍ത്തി ദേവിയാണ്. 21-ാം വയസ്സില്‍ അഖിലേഷിന്റെ പത്‌നിയായി. 31-ാം വയസ്സില്‍ ഫിറോസാബാദിലെ ഉപതിരഞ്ഞെടുപ്പില്‍ നടനും കോണ്‍ഗ്രസ് നേതാവുമായ രാജ് ബാബറുമായി കന്നിയങ്കത്തില്‍ പരാജയമറിഞ്ഞു. കനൗജിലും ഫിറോസാബാദിലും അഖിലേഷ് യാദവിന് വിജയം കൈവരിക്കാന്‍ കഴിഞ്ഞതോടെ അഖിലേഷ് കനൗജില്‍ തുടരാന്‍ തീരുമാനിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 2012-ലെ നിയമസഭാ ഇലക്ഷനില്‍ നിയമസഭയിലേക്ക് അഖിലേഷ് മത്സരിച്ചതോടെ കനൗജില്‍ ഉപതിരഞ്ഞെടുപ്പ് വരികയും ഡിംപിള്‍ മത്സരിച്ചു ജയിക്കുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിക്കുന്ന ആദ്യവനിതാ സ്ഥാനാര്‍ഥിയായി മാറി ഡിംപിള്‍. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ട്രെയിന്‍ മിസ്സായതിനാല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ കഴിയാതെ പോയതുമായിരുന്നു ഡിംപിളിന്റെ എതിരില്ലാ വിജയത്തിന് കാരണമായത്.
സ്മൃതിയെ കൈവിട്ട അമേഠി നല്‍കിയത് നെഹ്രു കുടുംബത്തിന്റെ വിശ്വസ്ഥന്
1962-ല്‍ പാര്‍ലമെന്ററി മണ്ഡലം നിലവില്‍ വന്നതുമുതല്‍ കോണ്‍ഗ്രസ്സിനൊപ്പം നടന്ന ചരിത്രമാണ് അമേഠിക്കുള്ളത്. അമേഠിയെന്നാല്‍ കോണ്‍ഗ്രസ്സുതന്നെയാണെന്ന് വി.ഡി ബാജ്‌പേയ് രണ്ടുതവണ എം.പി സീറ്റ് നിലനിര്‍ത്തിക്കൊണ്ട് തെളിയിച്ച മണ്ഡലം. വി.ഡി ബാജ്‌പേയില്‍ നിന്നും ജനസംഘത്തിലെ രവീന്ദ്രപ്രതാപ് സിങ്ങ് മൂന്നാമത്തെ എം.പിയായി 1977-ല്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് അമേഠി കോണ്‍ഗ്രസ്സിന് ആദ്യം കൊടുത്ത പ്രഹരം. മൂന്നുവര്‍ഷത്തിനുള്ളില്‍ കന്നിയങ്കത്തിനായി സഞ്ജയ് ഗാന്ധിയെ ഇറക്കിക്കൊണ്ട് കോണ്‍ഗ്രസ് അമേഠിയുടെ പ്രിയത തിരിച്ചെടുത്തുവെങ്കിലും കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ വിമാനാപകടത്തില്‍ സഞ്ജയ് കൊല്ലപ്പെട്ടു.
തുടര്‍ന്ന് സഹോദരന്‍ രാജീവിന്റെ കൈകളില്‍. സഞ്ജയ് ഗാന്ധിയും രാജീവും സോണിയയും രാഹുലും അമേഠിയുടെ വിജയരാശി തുടര്‍ച്ചയായും അല്ലാതെയും അനഭവിച്ചറിഞ്ഞവരാണ്. രാജീവിനെയും രാഹുലിനെയും ഓരോ ദശകക്കാലം അമേഠി നെഞ്ചേറ്റി. 2019-ലാണ് ബി.ജെ.പിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ഥികളിലൊരാളായ സ്മൃതി ഇറാനിയെ രാഹുലിനെതിരെ ബി.ജെ.പി അമേഠിയിലിറക്കുന്നത്. മോദിക്കാലത്തിന്റെ തരംഗത്തില്‍ അമേഠി സ്മൃതിക്കൊപ്പം നിന്നു. ഗാന്ധി കുടുംബത്തെ കൈയൊഴിഞ്ഞ അമേഠിയെക്കുറിച്ച് മാധ്യമങ്ങള്‍ ഇടതടവിട്ട് സ്റ്റോറികളെഴുതി. അമേഠിയുടെ ചരിത്രവും രാഷ്ട്രീയപശ്ചാത്തലങ്ങളും പഠനവിധേയമായി. മാനവവിഭവശേഷി വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് വകുപ്പും ടെക്‌സ്‌റ്റൈല്‍ മന്ത്രിയുമായി ഭരണപരിചയമുള്ള സ്മൃതി ഇറാനി രണ്ടാം മോദി മന്ത്രിസഭയില്‍ വനിതാ-ശിശു ക്ഷേമവകുപ്പ് മന്ത്രിയായത് അമേഠിയുടെ കനിവില്‍. 18-ാം ലോകസഭാ ഇലക്ഷനില്‍ അമേഠി നിലനിര്‍ത്തുക എന്നതായിരുന്നു പാര്‍ട്ടി സ്മൃതിയെ എല്‍പ്പിച്ച ദൗത്യം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മ സ്മൃതിയോളം പോന്ന സെലിബ്രിറ്റിയല്ല. പക്ഷേ കിഷോരിലാല്‍ ശര്‍മയുടെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയപരിചയം ഒരു പരിധി വരെ നെഹ്രു കുടുംബത്തിനകത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നതും പരസ്യമായി പുറത്തേക്ക് പ്രകടമല്ല എന്നതും സ്മൃതിയുടെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലഘടകം തന്നെയായിരുന്നെങ്കിലും അമേഠിയെന്നാല്‍ നെഹ്രുകുടുംബം എന്നുകൂടിയൊരു സമവാക്യമുണ്ടെന്ന യാഥാര്‍ഥ്യം കിഷോരിലാലിനൊപ്പം നിന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായി, പ്രൈവറ്റ് സെക്രട്ടറിയായി കാര്യങ്ങള്‍ നിയന്ത്രിച്ചയാളാണ് കിഷോരി ലാല്‍ ശര്‍മ. രാഷ്ട്രീയ കാര്യങ്ങള്‍ക്കൊപ്പം പലപ്പോഴും നെഹ്രുകുടുംബവും കിഷോരിലാലിന്റെ ചുമതലയിലായി. രാജീവിന്റെ മണ്ഡലത്തിലെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും കിഷോരിലാലിന്റെ മേല്‍നോട്ടത്തിലാണ് നിര്‍വഹിച്ചുപോന്നിരുന്നത്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സോണിയയുടെ വിശ്വസ്തനായി. രാഷ്ട്രീയത്തോടൊപ്പം വ്യക്തിജീവിതത്തിലും കിഷോരിലാല്‍ നെഹ്രുകുടുംബത്തിലെ സഹോദരതുല്യനായി. രാഹുലും പ്രിയങ്കയും കൂടി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ കിഷോരിലാലിന്റെ ഷെഡ്യൂളുകള്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ തികയാതെയായി. നെഹ്രുകുടുംബത്തിന്റെ സ്വന്തം അമേഠിയെ അങ്ങനെ ഏറ്റവും വിശ്വസ്തമായ കരങ്ങളിലേക്ക് സോണിയ നേരിട്ടേല്‍പ്പിച്ചു. അമേഠിയിലെ ജനങ്ങളെ തന്റെ മാഡത്തേക്കാള്‍ കൂടുതലറിഞ്ഞിട്ടും പാര്‍ട്ടിയിലെ സമുന്നതരായ നേതാക്കന്മാരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നിട്ടും ഒട്ടുമേ മത്സരതാല്‍പര്യമില്ലാതിരുന്ന 'മാഡത്തിന്റെ നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്ന' കര്‍മബോധത്തോടെയാണ് ലാല്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. 1,67,196 വോട്ടിന്റെ ലീഡ് കിഷോരി ലാല്‍ ഭദ്രമായി തന്റെ മാഡത്തെ ഏല്‍പ്പിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി 'എക്‌സി'ല്‍ 'കിഷോരി ഭയ്യാ...' എന്ന് അഭിസംബോധനചെയ്തുകൊണ്ട് വൈകാരികമായി എഴുതി: 'Kishori bhaiya, I never had any doubt, I knew you would win. My heartiest congratulations to you and my beloved brothers and sisters.'
കിഷോരിലാലിന്റെ എം.പി സ്ഥാനം ഓര്‍മിപ്പിക്കുന്നത് ഫോത്തേദാറിനെയാണ്. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനും അനുയായിയും വര്‍ക്കിങ് സെക്രട്ടറിയുമായിരുന്ന എം.എല്‍. ഫോത്തേദാര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചാണക്യനായി അറിയപ്പെട്ട ഫോത്തേദാര്‍. ജമ്മുകശ്മീര്‍ നിയമസഭയിലും പിന്നീട് രാജ്യസഭയിലും ക്യാബിനറ്റ് മന്ത്രിയുമായി വളര്‍ന്നു. ഇന്ദിരയുടെ തണലില്‍ നിന്നുകൊണ്ട് ഇന്ദിരയെ നിയന്ത്രിച്ചിരുന്നു ഫോത്തേദാര്‍. അമേഠിയിലെ ജയത്തോടെ കോണ്‍ഗ്രസ്സുകാര്‍ ഭാവിയിലെ ഫോത്തേദാര്‍ എന്ന് കിഷോരിലാലിനെ വിശേഷിപ്പിക്കുകയാണ്. ആദ്യമായി പ്രിയങ്കയെ കളത്തിലിറക്കാന്‍ ആലോചിച്ചപ്പോഴും പിന്നീട് ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും മറ്റൊരു ചോയ്‌സില്ലാതെ മുന്നിലുള്ള മണ്ഡലം അമേഠിയായിരുന്നു. നെഹ്രുകുടുംബത്തിന്റെ സ്ഥലരാശിയില്‍ റായ്ബേറലിയ്ക്കു തുല്യം സ്ഥാനമുള്ള അമേഠിയില്‍ പക്ഷേ സോണിയ തിരിച്ചറിഞ്ഞത് സാധാരണക്കാരായ അമേഠിക്കാര്‍ നിരന്തരം ആവശ്യങ്ങളുമായി ദിനേന ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന കിഷോരിലാലിന്റെ വ്യക്തിപ്രഭാവമാണ്. നാലു പതിറ്റാണ്ടു കാലത്തെ നിസ്വാര്‍ഥ സേവനം പാര്‍ട്ടിക്കും നെഹ്രു കുടുംബത്തിനും വേണ്ടി നല്‍കിയ കിഷോരിലാലിന് അമേഠി നല്‍കുന്ന ഉപഹാരമാണ് ഈ ജയം.
റായ് ബറേലി; ഫിറോസ് ഗാന്ധി മുതല്‍ രാഹുല്‍ വരെ
രണ്ട് പാര്‍ലമെന്ററി മണ്ഡലങ്ങള്‍ ഏതാണ്ട് തുല്യ അളവില്‍ ബഹുഭൂരിപക്ഷം നല്‍കിക്കൊണ്ട് ഇന്ത്യ സഖ്യത്തിന്റെ അമരക്കാരനെ വിജയിപ്പിക്കുക. ഏത് മണ്ഡലത്തോട് അധികം കടപ്പാട് എന്ന ചോദ്യത്തിനുമുമ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഉറക്കെയല്ലെങ്കിലും ഉത്തരം റായ് ബറേലി എന്നായിരിക്കും. വയനാട് രാഹുല്‍ ഗാന്ധിക്ക് അയലത്തെ ചോറാണെങ്കില്‍ റായ് ബറേലി അകത്തെ അടുപ്പുതന്നെയാണ്. 1952-ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടുമുതല്‍ നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലം. മുത്തച്ഛന്‍ ഫിറോസ് ഗാന്ധി മുതലിങ്ങോട്ട് രണ്ടുദശാബ്ദക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാല്‍ യു.പിയില്‍ റായ്ബറേലിയായ കാലം. 1977-ല്‍ ഇന്ദിര ഗാന്ധിയില്‍ നിന്നും ജനത പാര്‍ട്ടിയുടെ രാജ് നാരായണനെ മണ്ഡലം ജയിപ്പിച്ചെങ്കിലും 1980-ല്‍ തിരികെ ഇന്ദിരയെത്തന്നെ റായ് ബറേലി തിരികെ വിളിച്ചു. കോണ്‍ഗ്രസ്സല്ലാതെ മറ്റൊരു രാഷ്ട്രീയവും വഴങ്ങാത്ത റായ്ബറേലിയെ ഇടക്കാലത്ത് ബി.ജെ.പിയുടെ അശോക് സിങ്ങ് കൈയിലൊതുക്കിയെങ്കിലും തുടര്‍ച്ചയുണ്ടായില്ല. 2004 മുതല്‍ ഇരുപത് വര്‍ഷക്കാലമായി സോണിയ ഗാന്ധിയുടെ പര്യായമായി നിലകൊണ്ട റായ് ബറേലി രാഹുലിന് നല്‍കിയത് 3,90,030 വോട്ടിന്റെ ഭൂരിപക്ഷമാണ്. സോണിയയുടെ ഭൂരിപക്ഷത്തിന്റെ ഇരട്ടി! വയനാട്ടില്‍ 3,64,422 വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്.
2018-വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമുഖങ്ങളിലൊന്നായി ഉത്തര്‍പ്രദേശില്‍ തിളങ്ങിയിരുന്ന നേതാവായ ദിനേഷ് പ്രതാപ് സിങ്ങാണ് ബി.ജെ.പിയുടെ ടിക്കറ്റില്‍ രാഹുലിനെതിരായി റായ് ബറേലിയില്‍ മത്സരിച്ചത്. 2019-ല്‍ സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ ബി.ജെ.പിക്കുവേണ്ടി മത്സരിച്ചതും ഡി.പി സിങ്ങ് ആയിരുന്നു. റായ്ബറേലിയുടെ പ്രാദേശികരാഷ്ട്രീയത്തില്‍ മോശമല്ലാത്ത ഇടപെടലുകള്‍ നടത്തിയും ഊഞ്ചഹാര്‍ നിയോജക മണ്ഡലവും റായ്ബറേലി നിയോജകമണ്ഡലവും നിയമസഭാ ഇലക്ഷനുകളില്‍ ബി.ജെ.പി മേല്‍ക്കൈ നേടിയിട്ടും കാര്യമായ വോട്ടുപുരോഗതി ഡി.പി സിങ്ങിനു നേടാന്‍ കഴിഞ്ഞില്ല.
ഗൊരഖ്പൂര്‍-ഗാസിയാബാദില്‍നിന്നു പാര്‍ലമെന്റ് കസേരയിലേക്കുള്ള ദൂരം
ഡല്‍ഹി ക്യാപിറ്റല്‍ റീജിയണിന്റെ ഭാഗം, പടിഞ്ഞാറന്‍ യു.പിയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരം, ഡല്‍ഹിയുമായി വളരെയടുത്തു നില്‍ക്കുന്ന യു.പി മണ്ഡലം തുടങ്ങി ഗാസിയാബാദ് ഇന്ത്യന്‍ തലസ്ഥാനത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ മികവുകളില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്. അഞ്ച് നിയമസഭാ സീറ്റുകളാണ് ഗാസിയാബാദ് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായുള്ളത്. തലസ്ഥാനനഗരിയുടെ രാഷ്ട്രീയലഹരി ഏറിയപങ്കും ഗാസിയാബാദിനെയും മയക്കുന്നുണ്ട്. ബി.ജെ.പിയുടെ ശക്തമായ കോട്ടയിലേക്ക് ഇത്തവണ അങ്കത്തിനിറങ്ങിയത് അതുല്‍ ഗാര്‍ഗ് ആണ്. ബി.ജെ.പി ഭരിക്കുന്ന യു.പി സര്‍ക്കാറില്‍ ഗാസിയാബാദിനെ പ്രതിനിധാനം ചെയ്യുന്ന അതുല്‍ ഗാര്‍ഗ് മൂന്നുലക്ഷത്തിലധികം വോട്ടുകള്‍ നേടി പ്രതീക്ഷിച്ച വിജയം കൈവരിച്ചത് ബി.ജെ.പി ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. ഡോളി ശര്‍മയ്ക്ക് മോശമല്ലാത്ത വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതി(5,17,205 വോട്ടുകള്‍) ലാണ് കോണ്‍ഗ്രസ്സിന്റെ ആശ്വാസം.
യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗൊരഖ്പൂര്‍ അതിശക്തമായ ബി.ജെ.പി മണ്ഡലമാണ്. ഉത്തര്‍പ്രദേശിനെ കാവിയണിയിക്കുന്നതില്‍ ഇത്രയുംകാലം ഗാസിയാബാദും ഗോരക്പൂരും വഹിച്ച പങ്കുകള്‍ ചെറുതല്ല. 2018-ല്‍ യോഗി ആദിത്യനാഥ് യു.പിയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ നടന്ന ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നിഷാദ് പാര്‍ട്ടിയുടെ പ്രവീണ്‍കുമാര്‍ നിഷാദ് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ മത്സരിക്കുകയും 21,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റു നേടുകയും ചെയ്തതാണ് അടുത്തകാലത്ത് ഗോരക്പുര്‍ ബി.ജെ.പിയില്‍നിന്നു മാറിചിന്തിക്കാനുണ്ടായ ഒരേയൊരു സാഹചര്യം. യു.പിയിലെ ന്യൂനപക്ഷവിഭാഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് നിഷാദ് വിഭാഗത്തിനുള്ളത്. യു.പിയിലെ നിഷാദ് പാര്‍ട്ടി സ്ഥാപകന്‍ ഡോ. സഞ്ജയ് നിഷാദിന്റെ മകനും എഞ്ചിനീയറുമായ പ്രവീണ്‍ കുമാര്‍ നിഷാദ് പക്ഷേ ഒരു വര്‍ഷത്തിനുശേഷം പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നത് മറ്റൊരു ട്വിസ്റ്റ്.
ആദിത്യനാഥിന്റെ മേധാവിത്വത്തിലുള്ള ഗോരക്‌നാഥ് മഠം തീരുമാനിക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍, അയോധ്യ ക്ഷേത്രനിര്‍മാണത്തിന്റെ ആലോചനാവിത്തുകള്‍ പാകിയ ഇടങ്ങള്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരസ്യവാചകങ്ങള്‍ നാമമന്ത്രങ്ങളായി ഉരുവിടുന്ന ഗോരഖ്പൂരില്‍ ബി.ജെ.പി കളത്തിലിറക്കിയത് നടനും നിര്‍മാതാവുമായ രവി കിഷനെയാണ്. രവീന്ദ്ര കിഷന്‍ ശുക്ല എന്ന രവി കിഷന്‍ ഭോജ്പുരി, ഹിന്ദി, തെലുഗു ഭാഷകളിലെ ജനപ്രിയ നടനാണ്. ബി.ജെ.പി രാഷ്ട്രീയത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച രവി കിഷന്‍ ബി.ജെ.പിക്കുവേണ്ടി ഗോരഖ്പൂരിനെ പ്രതിനിധാനം ചെയ്തപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി കളത്തിലിറക്കിയത് നടിയും അവതാരകയുമായ കാജല്‍ നിഷാദിനെയാണ്. സാബ് ടി.വിയിലെ ഹാസ്യപരിപാടിയായ ലാപതാജംഗിലെ ചമേലി എന്ന കഥാപാത്രത്തിലൂടെ ജനപ്രിയതാരമായി മാറിയ കാജല്‍ നിഷാദ് 2012-ലും ഗോരക്പുരില്‍ മത്സരിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിക്ക് ഒട്ടുമേ പ്രതീക്ഷയില്ലാതിരുന്ന മണ്ഡലത്തില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ രവി കിഷന്‍ 1,03,526 വോട്ടുകള്‍ക്കാണ് ജയിച്ചത്.
മേനകയെ അടര്‍ത്തി മാറ്റിയ സുല്‍ത്താന്‍പുരി
അവസാനനിമിഷം വരെ മേനക ഗാന്ധിയുടെയും മകന്‍ വരുണ്‍ ഗാന്ധിയുടെയും സ്ഥാനാര്‍ഥിത്വം അനിശ്ചിതാവസ്ഥയില്‍ നിര്‍ത്തിയ ബി.ജെ.പി സുല്‍ത്താന്‍പുരില്‍ പരാജയമറിഞ്ഞത് മേനക ഗാന്ധിയിലൂടെയാണ്. 43,174 വോട്ടിന് എസ്.പിയുടെ രാംഭൂല്‍ നിഷാദ് മേനകയെ മറികടന്നു. ഇതുവരെ ലക്ഷങ്ങളുടെ ലീഡുകള്‍ പറഞ്ഞ യു.പിയില്‍ മേനക തോല്‍വിയറിഞ്ഞത് അമ്പതിനായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. 2014-ല്‍ വരുണ്‍ ഗാന്ധിയും 2019-ല്‍ മേനക ഗാന്ധിയും മാറിമാറി ബി.ജെ.പിക്കു കൊടുത്ത സീറ്റ്. രാം ഭൂല്‍ നിഷാദുമായി 4.18% വോട്ടുവ്യത്യാസം. നെഹ്രു കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച വിധമെങ്ങനെയെന്ന് സുല്‍ത്താന്‍പുരിയിലൂടെ മേനക മൗനമായി തെളിയിച്ചുകൊണ്ടിരുന്ന കാലം മാറി. സുല്‍ത്താന്‍പുരിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കോണ്‍ഗ്രസ്സിനോ ബി.ജെ.പിക്കോ എസ്.പിക്കോ സീറ്റുതുടര്‍ച്ചകള്‍ പതിവില്ല. മേനകയും വരുണുമാണ് ഒരുപരിധിവരെ അത് നിലനിര്‍ത്തിയത്. ഇത്തവണ മേനകയെ സുല്‍ത്താന്‍പുരി കൈവിട്ടു.
ഗുസ്തിപിടിച്ച കൈസര്‍ജംഗ്
കൈസര്‍ജംഗ് ലോകസഭാ മണ്ഡലം കാലങ്ങളായി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അധികാരവാഴ്ചയിലാണ്. ബി.ജെ.പിയുടെ അധികാര രാഷ്ട്രീയത്തില്‍ ഗുസ്തിയും വിവാദവും കുഴഞ്ഞുമറിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡണ്ട് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണവും പോക്‌സോയും അഴിമതിയും ഗുണ്ടാവാഴ്ചയും ആരോപിച്ചുകൊണ്ട് ഇന്ത്യന്‍ ഗുസ്തി താരങ്ങളായ സാക്ഷിമാലിക്കും വിനേഷ് ഫോഗട്ടും സഹതാരങ്ങളും മാസങ്ങളോളും നടത്തിയ കുത്തിയിരിപ്പ് സമരങ്ങള്‍, പോരാട്ടങ്ങള്‍ക്കൊടുക്കം കണ്ണീരോടെ വലിച്ചെറിഞ്ഞ മെഡലുകള്‍, പദവികള്‍. വിവാദങ്ങള്‍ കൊഴുത്തതോടെ ബ്രിജിന്റെ മകനും ഗുസ്തി ഫെഡറേഷന്‍ വൈസ് പ്രസിഡണ്ടുമായ കരണ്‍ ഭൂഷണ്‍ സിങ്ങാണ് ഇത്തവണ ബി.ജെ.പിക്കുവേണ്ടി കൈസര്‍ജംഗിന്റെ തിരഞ്ഞെടുപ്പുഗോദയിലിറങ്ങിയത്. 1,48,843 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അച്ഛനെ ന്യായീകരിക്കാൻ കരണ്‍ ഭൂഷണ്‍ സിങ്ങിനു കഴിഞ്ഞു. സമാജ്‌വാദ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കരണിനേക്കാള്‍ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയവുമുള്ള ഭഗത് റാമിനൊപ്പം നില്‍ക്കാന്‍ കൈസര്‍ജംഗ് ശ്രമിച്ചില്ല.
Content Highlights: loksabha election result 2024 uttarpradesh political war between samajwadiparty and bjp
Published: 07 Jun 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented