പാറശ്ശാല: 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്നാണ് അതിര്‍ത്തി പ്രദേശത്തെ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ചിലര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ചിലര്‍ക്ക് ലഭിച്ച ടെലിവിഷന്‍ ചിഹ്നമാണ് സ്ഥാനാര്‍ഥികള്‍ക്കും പുതുതലമുറ വോട്ടര്‍മാര്‍ക്കുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ബാലറ്റില്‍ പഴയ ടെലിവിഷന്റെ പടമാണ് ചിഹ്നമായി രേഖപ്പെടുത്തിയിട്ടുളളത്. ഈ ചിഹ്നം തന്നെയാണ് സ്ഥാനാര്‍ഥികള്‍ പോസ്റ്ററുകളിലും അഭ്യര്‍ഥനകളിലും പ്രിന്റ് ചെയ്യ്തിട്ടുളളത്. എന്നാല്‍ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥി ടെലിവിഷന്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പുതുതലമുറ വോട്ടര്‍മാര്‍ ചിഹ്നം മൈക്രോവേവ് ആണല്ലോ എന്നാണ് മറുചോദ്യം ഉന്നയിക്കുന്നത്.

To advertise here,

പുതുതലമുറയിലെ വോട്ടര്‍മാര്‍ക്ക് എണ്‍തുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന വലിയ ടെലിവിഷനെ സംബന്ധിച്ച് അറിവില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. പുതുതലമുറ വോട്ടര്‍മാര്‍ കണ്ടിട്ടുളളത് വീതികുറഞ്ഞ എല്‍ഇഡി, എല്‍സിഡി ടെലിവിഷനുകളെ മാത്രമാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുളള ടെലിവിഷന്‍ ചിഹ്നം വ്യാപകമായി ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന് സമാനമായിട്ടുളളതാണ്.

പഴയ വലിയ ടെലിവിഷന്‍ പെട്ടികള്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയാണ് ചിഹ്നം മൈക്രോവേവല്ലേയെന്ന് ചോദിച്ച് സ്ഥാനാര്‍ഥികളെ കുഴപ്പിക്കുന്നത്. മൈക്രോവേവ് ഓവനല്ല ഇത് ടെലിവിഷനാണെന്നും ടെലിവിഷനുകളുടെ പരിണാമങ്ങളും പുതുതലമുറ വോട്ടര്‍മാരെ പഠിപ്പിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പല സ്വതന്ത്രസ്ഥാനാര്‍ഥികളും.