കൊണ്ടോട്ടി: ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ കേരളക്കര സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ച അവിയൽ മുന്നണി മത്സരിക്കുകയും അധികാരം പിടിച്ചെടുക്കുകയും അതുപോലെ കെട്ടുപോകുകയും ചെയ്തതാണ് കൊണ്ടോട്ടി നഗരസഭയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 2015-ൽ രൂപവത്കരിച്ച നഗരസഭയിൽ മുസ്‌ലിംലീഗിനെതിരേ കോൺഗ്രസും സിപിഎമ്മും സിപിഐയും യോജിച്ച് മതേതര വികസന മുന്നണിയുണ്ടാക്കിയാണ് ഭരണം പിടിച്ചത്.
നെടിയിരുപ്പ്, കൊണ്ടോട്ടി പഞ്ചായത്തുകൾ യോജിപ്പിച്ചാണ് 2015-ൽ നഗരസഭ രൂപവത്കരിച്ചത്. കൊണ്ടോട്ടിയിലെ റോഡ് പ്രശ്നവും വോട്ടർപട്ടികയിലെ തിരിമറിയുമാണ് കോൺഗ്രസ് ലീഗിനെതിരേ തിരിയാൻകാരണം. 40 അംഗ ഭരണസമിതിയിൽ മുസ്‌ലിംലീഗ് ഒറ്റയ്ക്ക് 18 സീറ്റ് നേടിയപ്പോൾ കോൺഗ്രസും സിപിഎമ്മും 10 സീറ്റുവീതം പങ്കിട്ടു. സിപിഐയ്ക്ക് ഒരു വാർഡ് ലഭിച്ചു. ഒരു വാർഡിൽ എസ്ഡിപിഐയും വിജയിച്ചു.
ആദ്യത്തെ രണ്ടുവർഷം കോൺഗ്രസ്സിനും പിന്നീട് സിപിഎമ്മിനും അധ്യക്ഷസ്ഥാനം എന്നതായിരുന്നു ധാരണ. അധ്യക്ഷസ്ഥാനം എസ്‌സി സംവരണമായിരുന്നു. പ്രഥമ നഗരസഭാധ്യക്ഷനായി കോൺഗ്രസ്സിലെ സി.കെ. നാടിക്കുട്ടിയെയും ഉപാധ്യക്ഷയായി കൂനയിൽ നഫീസയെയും തിരഞ്ഞെടുത്തു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ധാരണപ്രകാരം നാടിക്കുട്ടി രാജിവച്ചു. തുടർന്ന് നടന്ന അധ്യക്ഷത്തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി. ഫലം വന്നപ്പോൾ എസ്ഡിപിഐയുടെ പിന്തുണയിൽ 21 പേർ സിപിഎമ്മിനെയും 19 പേർ മുസ്‌ലിംലീഗിനെയും പിന്തുണച്ചു. കോൺഗ്രസ്സിലെ ഒരാൾ ഇതിനകം മുസ്‌ലിംലീഗിനൊപ്പമെത്തിയിരുന്നു. എസ്ഡിപിഐ പിന്തുണയിൽ അധ്യക്ഷസ്ഥാനം വേണ്ടെന്ന നിലപാട് വന്നതോടെ, അധ്യക്ഷയായി സത്യപ്രതിജ്ഞചെയ്ത പറമ്പീരി ഗീത ഒരു മണിക്കൂറിനുള്ളിൽ രാജിക്കത്ത് നൽകി. ഇതോടെ മതേതര മുന്നണി പൊളിഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ച് മുസ്‌ലിംലീഗും കോൺഗ്രസും യോജിച്ചതോടെ നഗരസഭയുടെ ഭരണം യുഡിഎഫ് ഏറ്റെടുത്തു. കോൺഗ്രസ്സിന് ലഭിച്ച ആദ്യ അവസരത്തിൽ നാടിക്കുട്ടിയും പിന്നീട് മൂസ്‌ലിംലീഗിലെ കെ.സി. ഷീബയും അധ്യക്ഷരായി. സ്ഥിരംസമിതികളിലടക്കം ഒരുപാട് തിരഞ്ഞെടുപ്പുകൾക്ക് ഇക്കാലഘട്ടം സാക്ഷ്യംവഹിച്ചു.
2020-ൽ യുഡിഎഫിന്റെ ശക്തമായ തേരോട്ടമാണ് നഗരസഭയിലുണ്ടായത്. 40 വാർഡിൽ 32 സീറ്റും യുഡിഎഫ് സ്വന്തമാക്കി. ഇടതുപക്ഷത്തിന് ആറു സീറ്റ് മാത്രമാണ് ലഭിച്ചത്. യുഡിഎഫിലെ രണ്ട് വിമതരും വിജയിച്ചു. മുസ്‌ലിംലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷയും കോൺഗ്രസ്സിലെ പി. സനൂപ് ഉപാധ്യക്ഷനുമായി. മൂന്ന് വർഷത്തിനുശേഷം അധ്യക്ഷസ്ഥാനം കൈമാറാഞ്ഞത് കോൺഗ്രസും ലീഗുംതമ്മിൽ ചെറിയ അസ്വരാസ്യങ്ങൾക്ക് ഇടയാക്കിയെങ്കിലും വേഗത്തിൽ പരിഹരിക്കപ്പെട്ടു. കോൺഗ്രസ്സിലെ നിതാഷഹീർ അധ്യക്ഷസ്ഥാനത്തും മുസ്‌ലിംലീഗിലെ അഷ്‌റഫ് മടാൻ ഉപാധ്യക്ഷസ്ഥാനത്തുമെത്തി.
വിമാനത്താവളത്തിലെ നികുതിവരുമാനത്തിലെ വിഹിതം ലഭ്യമാക്കിയതും ബസ്‌സ്റ്റാൻഡ് നവീകരിച്ചതും 51 അങ്കണവാടികൾ ഹൈടെക് ആക്കിയതുമെല്ലാം ഭരണസമിതിക്ക് നേട്ടമായി. അതേസമയം, എംസിഎഫ് ഇല്ലാത്തതും മാലിന്യം നീക്കംചെയ്യുന്നതിലും തെരുവുവിളക്ക് സ്ഥാപിക്കുന്നതിലുമെല്ലാം ക്രമക്കേട് ഉയർന്നത് ക്ഷീണവുമായി.
Content Highlights: Election History: From the short-lived 'Avial Munnani' (Mekhethara Vikasana Munnani) experiment to the massive UDF victory in 2020.
Published: 11 Nov 2025, 04:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented