കോട്ടയം: കോട്ടയത്തെ തിരഞ്ഞെടുപ്പുപരീക്ഷകളിൽ തുടർവിജയത്തിന്റെ ചരിത്രമായിരുന്നു യുഡിഎഫിന്റേത്. പക്ഷേ, 2020 യുഡിഎഫിന്റെ സമവാക്യങ്ങൾ തെറ്റിച്ചു. 40 വർഷം യുഡിഎഫിന്റെ നെടുംതൂണുകളിലൊന്നായിരുന്ന കേരള കോൺഗ്രസ്‌ എമ്മിനെ എൽഡിഎഫ്‌ ചേർത്തുപിടിച്ചതോടെ കോട്ടയം ചുവന്നു. 71 ഗ്രാമപ്പഞ്ചായത്തിൽ 50-ലും ഭരണം എൽഡിഎഫിനായി. 11 ബ്ലോക്കുകളിൽ പത്തും അവർ പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിൽ 22 ഡിവിഷനിൽ 14-ഉം നേടി. മുനിസിപ്പാലിറ്റികളിൽ കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ ആദ്യമായി ഇടത്തേക്കുതിരിഞ്ഞു. പിന്നീടുനടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം. ഒൻപത്‌ മണ്ഡലങ്ങളിൽ അഞ്ചും എൽഡിഎഫിനൊപ്പമായി.

To advertise here,

തദ്ദേശതിരഞ്ഞെടുപ്പ്‌ പുതിയ പരീക്ഷയാണ്‌. മുന്നണികളാണ്‌ ഏറ്റുമുട്ടുന്നതെങ്കിലും കോൺഗ്രസും കേരള കോൺഗ്രസ്‌ എമ്മും എത്ര നേടും എന്നതിലാണ് കൗതുകം. മാണിവിഭാഗത്തിന്റെ പിന്തുണയില്ലാതെ കോട്ടയം യുഡിഎഫ്‌ കോട്ടയാണെന്ന്‌ തെളിയിക്കുകയാണ് കോൺഗ്രസിന്റെ വെല്ലുവിളി. കേരള കോൺഗ്രസ്‌ പിറന്ന നാട്ടിൽ രണ്ടില ‘എവർഗ്രീൻ’ ആയി നിലനിർത്തണം കേരള കോൺഗ്രസിന്. ആ പച്ചപ്പിൽ 2020 ആവർത്തിക്കാമെന്ന്‌ ഇടതുപക്ഷവും മോഹിക്കുന്നു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ് സിപിഎം കേരള കോൺഗ്രസ്‌ എമ്മിന്‌ നൽകിയതും അതേകണക്കിലാണ്. ജില്ലാപഞ്ചായത്തിലും പാലാ നഗരസഭയിലും ളാലം, ഉഴവൂർ ബ്ലോക്കുകളിലും പത്ത്‌ ഗ്രാമപ്പഞ്ചായത്തിലും സിപിഎമ്മിനെക്കാൾ കൂടുതൽ സീറ്റ് കേരള കോൺഗ്രസ്‌ എമ്മിനാണ്.

സർക്കാരിന്റെ ഭരണനേട്ടങ്ങളാണ്‌ എൽഡിഎഫ്‌ മുന്നിൽവെക്കുന്നത്‌. പട്ടയപ്രശ്നം പരിഹരിക്കാനെടുത്ത നയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിയമപരിഷ്കാരം, റബ്ബർ താങ്ങുവിലവർധന എന്നിവയെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷ. കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട്‌ തട്ടിപ്പും എൽഡിഎഫ്‌ ചർച്ചയാക്കുന്നു. സർക്കാർ ഫണ്ടുവിഹിതം വെട്ടിക്കുറച്ച്‌ തദ്ദേശസ്ഥാപനങ്ങളുടെ വികസനം മുടക്കിയെന്ന പ്രചാരണമാണ്‌ യുഡിഎഫ് മുന്നോട്ടുവെക്കുന്നത്‌. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിശ്വാസപ്രശ്നങ്ങളും അജൻഡയിലുണ്ട്. യുഡിഎഫ്‌ കാലത്ത്‌ തറക്കല്ലിട്ട പദ്ധതികൾ സർക്കാർ അവഗണിച്ചത്‌ ‘വികസനവിരോധ’മായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിലൂടെ രണ്ടുപഞ്ചായത്തിലും ചേരിമാറ്റത്തിലൂടെ ഒരിടത്തും ഭരണംപിടിച്ച എൻഡിഎ കൂടുതൽ മുന്നേറ്റമാണ്‌ ലക്ഷ്യമിടുന്നത്‌. മോദി ഭരണത്തിലൂടെ പാർട്ടിയുടെ സ്വീകാര്യത വർധിച്ചിട്ടുണ്ടെന്നും കൂടുതൽ ന്യൂനപക്ഷസമുദായാംഗങ്ങൾ സ്ഥാനാർഥികളായത്‌ അതിന്‌ തെളിവാണെന്നുമാണ്‌ എൻഡിഎ വാദം. പി.സി. ജോർജിന്റെ ജനപക്ഷം മുന്നണിയിൽ ലയിച്ചത് ഇൗ വാദം ശക്തമാക്കി.

പുറമെ തിരഞ്ഞെടുപ്പിന്റെ പതിവ്‌ ആവേശക്കാഴ്ച അധികമില്ല. ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടം വിഷയവും വോട്ടർമാർ എങ്ങനെ വിലയിരുത്തുമെന്നത് ഇടത്, ഐക്യമുന്നണികൾക്ക് ഇപ്പോഴും പ്രഹേളികതന്നെ.

നിലവിലെ സീറ്റുനില

ജില്ലാപഞ്ചായത്ത് (22)

  • എൽഡിഎഫ്‌-14
  • യുഡിഎഫ്‌-7
  • എൻഡിഎ-1

ഗ്രാമപ്പഞ്ചായത്തുകൾ: 71

  • എൽഡിഎഫ്‌-50
  • യുഡിഎഫ്‌-18
  • എൻഡിഎ-3

ബ്ലോക്ക് പഞ്ചായത്തുകൾ: 11

  • എൽഡിഎഫ്‌-10
  • യുഡിഎഫ്‌-1

മുനിസിപ്പാലിറ്റി: 6

  • യുഡിഎഫ്‌-4
  • എൽഡിഎഫ്‌-2