ഏറ്റുമാനൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ 28-സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ഘടകകക്ഷിയായ കേരള കോൺഗ്രസിന് എട്ടുസീറ്റുകൾ. പുതുതായി ഒരു വാർഡ്‌കൂടി ചേർന്നതോടെ 36-സീറ്റുകളാണ് ആകെ ഉള്ളത്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ധാരണയായെങ്കിലും സ്ഥാനാർഥി സംബന്ധിച്ച് ചില സീറ്റുകളിൽ തർക്കം തുടരുകയാണ്.

To advertise here,

ഒന്നിലധികം പേർ ഒരു സീറ്റിൽതന്നെ അവകാശവാദം ഉന്നയിച്ചതോടെ, തർക്കം ഡിസിസിയുടെ പരിഗണനയിലാണ്. അതിനാൽ ചിലർക്ക് പ്രചാരണം തുടരാൻ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയോടെ ഇത് സംബന്ധിച്ച് വ്യക്തത വരുമെന്ന് യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ തവണ നാല്‌ സ്വതന്ത്ര പിന്തുണയോടെയായിരുന്നു യുഡിഎഫ് അധികാരത്തിൽ വന്നത്. ഇത്തവണ കോൺഗ്രസിന്റെ സമ്പൂർണ ആധിപത്യമാണ് സ്ഥാനാർഥി പട്ടികയിൽ ഉള്ളത്.

ഇടതിൽ പ്രഖ്യാപനം ഇന്ന്

ഇത്തവണ നഗരസഭാ ഭരണം പിടിച്ചെടുക്കാൻ തന്നെയാണ് എൽഡിഎഫിന്റെ നീക്കം. അഡ്വ. വി. ജയപ്രകാശ് ഉൾപ്പെടെയുള്ള സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. സിപിഐയുമായുള്ള തർക്കം തീർന്നു. നിലവിൽ 36 സീറ്റുകളിലും സ്ഥാനാർഥിത്വം സംബന്ധിച്ച ധാരണയായി. സിപിഎം 21 സീറ്റിലും, കേരള കോൺഗ്രസ് എം എട്ട് സീറ്റിലും സിപിഐ ആറ് സീറ്റിലും ഒരു സീറ്റിൽ പൊതുസ്വതന്ത്രനുമാണ് മത്സരിക്കുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിനിർണയം ഇരുമുന്നണികളിലും അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും.

ബിജെപി പ്രചാരണം തുടങ്ങി

21-സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബിജെപി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞതവണ ഏഴ് സീറ്റുകൾ നേടി നഗരസഭയിലെ നിർണായക ശക്തിയായി ബിജെപി മാറിയിരുന്നു.