തലശ്ശേരി: മുഖ്യമന്ത്രിക്ക്‌ കന്നിവോട്ട് ചെയ്തതിന്‍റെ ഓർമ്മകൾ പങ്കിട്ട് മുക്കാൽ മണിക്കൂറോളം വരിനിന്ന് വോട്ടുചെയ്ത് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തലശ്ശേരി നഗരസഭയിൽ ഉൾപ്പെട്ട പുന്നോൽ എയ്ഡഡ് എൽപി സ്കൂളിലെ ബൂത്തിലായിരുന്നു സ്പീക്കറുടെ വോട്ട്. ഒൻപതുമണിയോടെ അദ്ദേഹമെത്തുമ്പോൾ ബൂത്തിൽ വോട്ടർമാരുടെ വലിയ നിരയുണ്ടായിരുന്നു. വിഐപി വോട്ടറെ പകർത്താൻ മാധ്യമങ്ങളുടെ തിരക്കും. വരിയിൽനിന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കന്നിവോട്ടിന്റെ ഓർമ്മ പങ്കുവെച്ചത്.

To advertise here,

1996-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യം വോട്ടുചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ‘96-ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നില്ല. പ്രായമായിട്ടില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ അദ്ദേഹത്തിന് കന്നിവോട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ചൊരാളാണ്. ആ തിരഞ്ഞെടുപ്പിൽ വിദ്യാർഥി സംഘടനയുടെ സ്ക്വാഡ് പ്രവർത്തകനായിരുന്നു. 98-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ തുടങ്ങി. തുടർന്നങ്ങോട്ട് എല്ലാ ചുമതലകളും തിരഞ്ഞെടുപ്പുകളിൽ വഹിച്ചു. എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2022-ലാണ് അവസാനമായി ഒരു തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്- തൃക്കാക്കരയിൽ. അതിനുശേഷം സ്പീക്കറായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കാഴ്ചക്കാരനായി കൂടെനിൽക്കുകയാണ്’.പ്രവർത്തനം പരസ്യമായി നടത്താൻ പറ്റാത്തതിലുള്ള വിഷമവും സ്പീക്കർ പങ്കുവെച്ചു. പൊതുവിൽ ഞങ്ങൾ ജയിക്കുന്ന വാർഡാണ്. ആ നിലയിൽതന്നെ സ്വന്തം വാർഡിൽ ഇടതുപക്ഷത്തിന് മികച്ചവിജയം ഉണ്ടാവുമെന്നും ഷംസീർ പറഞ്ഞു. നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവെച്ച നഗരസഭയാണ്. അതിനുള്ള അംഗീകാരമായി മികച്ച വിജയമുണ്ടാവും.