കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ തിരിച്ചടി ഉണ്ടായായെങ്കിലും നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഉരുക്കുകോട്ടകളിൽ എൽഡിഎഫ് നില ഭദ്രം എന്നാണ്. വോട്ട്നില പരിശോധിച്ചാൽ എൽഡിഎഫിന് സംസ്ഥാനത്തുതന്നെ അപ്രമാദിത്യമുള്ള ചില മണ്ഡലങ്ങൾ കണ്ണൂരിലാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശ്ശേരി, ധർമടം എന്നിവ. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഏറ്റവും ലീഡുള്ളത് തലശ്ശേരിയിലാണ്. എന്നാൽ ജില്ലയിൽ കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ച രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് മേൽക്കൈ നേടി -കണ്ണൂർ, അഴീക്കോട് എന്നിവിടങ്ങളിൽ. ഇരിക്കൂറിലും പേരാവൂരിലും യുഡിഎഫ് ലീഡ് നിലനിർത്തുകയുംചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലീഡ് പകുതിയായി.
ഇടതുമുന്നണി ലീഡിൽ മുന്നിൽനിൽക്കുന്നത് സ്പീക്കറുടെ മണ്ഡലമായ തലശ്ശേരിയാണ്. യുഡിഎഫിനേക്കാൾ 38,524 വോട്ടുകൾ കൂടുതലുണ്ട് തലശ്ശേരിയിൽ. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തലശ്ശേരിയിൽ എ.എൻ. ഷംസീർ 2021-ൽ ജയിച്ചത്.
കൂത്തുപറമ്പാണ് രണ്ടാമത്തെ സുരക്ഷിത കേന്ദ്രം. 38,439 വോട്ട് ഇടതുമുന്നണി അധികം സമാഹരിച്ചു. മറ്റൊരു കോട്ട പയ്യന്നൂരാണ്. 32,113 വോട്ടിന്റെ ലീഡ്. കല്യാശ്ശേരിയിൽ 30,489 വോട്ടിന്റെ ലീഡുമുണ്ട്. മണ്ഡലത്തിലെ കണ്ണപുരം പഞ്ചായത്തിൽ എതിരില്ലാതെ എൽഡിഎഫ് ജയിച്ച ആറ് വാർഡുകളിലെ വോട്ട് കൂട്ടാതെയാണിത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലും സിപിഎമ്മിനുതന്നെയാണ് മുൻതൂക്കം. ആന്തൂർ നഗരസഭയിലും മലപ്പട്ടത്തും ചില വാർഡുകളിൽ എതിരില്ലാതെ സിപിഎം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വോട്ടുകൾ ഉൾപ്പെടുത്താതെതന്നെ 12,498 വോട്ട് എൽഡിഎഫിന് കൂടുതലാണ്. ധർമടത്ത് 25,577 വോട്ടിന്റെ ലീഡാണ് ഇടതുമുന്നണിക്കുള്ളത്. 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിണറായി വിജയനെ ജയിപ്പിച്ച മണ്ഡലമാണിത്. ധർമടം മണ്ഡലത്തിൽ പിണറായി പഞ്ചായത്തിൽ എൽഡിഎഫ് വൻ ലീഡ് നേടിയെങ്കിലും കടമ്പൂരിൽ യുഡിഎഫ് വോട്ട് കൂടുതൽ നേടി. ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേർത്തതായി. വേങ്ങാട് പഞ്ചായത്തിലും യുഡിഎഫ് വോട്ട് നില വർധിപ്പിച്ചു. ധർമടത്ത് ലീഡ് കുറയാൻ കാരണം ഇതാണ്.
മട്ടന്നൂരിൽ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. മണ്ഡലത്തിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ 15,350 വോട്ടിന്റെ ലീഡാണ് ഇടതുമുന്നണിക്കുള്ളത്. കെ.കെ. ശൈലജ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തോട് താരതമ്യംചെയ്യുമ്പോൾ വോട്ട് വിഹിതം കുറവാണിവിടെ.
യുഡിഎഫ് സിറ്റിങ് സീറ്റുകളായ പേരാവൂരിലും ഇരിക്കൂറിലും മികച്ച ലീഡുണ്ട്. മലയോര മേഖലയിൽ യുഡിഎഫ് നടത്തിയ മുന്നേറ്റത്തിന്റെ പ്രതിഫലനം ഇരിക്കൂറിൽ കാണാം. 21,960 വോട്ടിന്റെ ലീഡ് മണ്ഡലത്തിലുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ 10,230 വോട്ടിന്റെയും.
കോൺഗ്രസിനെ കഴിഞ്ഞ രണ്ടുതവണയായി കൈവിട്ട കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ 10,459 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട് യുഡിഎഫ്. എൽഡിഎഫ് സിറ്റിങ് സീറ്റായ അഴീക്കോട്ട് 2489 വോട്ട് യുഡിഎഫിന് കൂടുതലാണ്. കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി ഭാഗത്ത് നേടിയ മുൻതൂക്കമാണ് യുഡിഎഫിനെ മുന്നിലെത്തിച്ചത്.
Content Highlights: kannur assembly constituencies votes local body election
Published: 17 Dec 2025, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented