ആടിയുലഞ്ഞ വിവാദങ്ങൾക്കിടയിലും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കണ്ണൂരിലെ ഇടതുകോട്ടകൾക്ക് വലിയ ഇളക്കമില്ല. കോർപ്പറേഷനിൽ ഭരണത്തിലെത്താനായില്ലെങ്കിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മുന്നേറാനായത് നേട്ടമാണ്. 49 ഗ്രാമപഞ്ചായത്തുകളിലും 18 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. നഗരസഭകളിലും കഴിഞ്ഞ തവണയുണ്ടായിരുന്ന മേധാവിത്വം നിലനിർത്തി.

To advertise here,

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തിയാണ് എൽഡിഎഫിന്റെ കണ്ണൂർ ജില്ലയിലെ പ്രചാരണത്തിന് തുടക്കംകുറിച്ചത്. വികസനം തുടരാൻ തുടർഭരണമല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. എഡിഎം നവീൻ ബാബുവിന്റെ മരണവും തുടർന്ന് പി.പി. ദിവ്യയ്ക്കുനേരേയുയർന്ന ആരോപണങ്ങളും യുഡിഎഫ് ആയുധമാക്കി. എന്നാൽ ഇത്തരം വിഷയങ്ങൾക്ക് യുഡിഎഫ് കരുതിയതുപോലുള്ള സ്വാധീനം ഉണ്ടാക്കാനായില്ലെന്നുവേണം കരുതാൻ. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളുയർത്തിയെങ്കിലും എൻഡിഎക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും വിജയിച്ചുകയറി. സിപിഎം സ്ഥാനാർഥിയായി മത്സരിച്ച മുൻ കണ്ണൂർ എസിപി ടി.കെ. രത്‌നകുമാർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽ നിന്നാണ് ജയിച്ചത്.

കണ്ണൂരിലെ ഗ്രാമപ്പഞ്ചായത്തുകളിൽ എൽഡിഎഫിന്റെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇത്തവണത്തേത്. നഗരങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും ഗ്രാമങ്ങളിൽ ഇടതുകോട്ടകൾക്ക് വലിയ ഇളക്കമില്ല. 71 പഞ്ചായത്തുകളിൽ 49 പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചുകയറി. 21 പഞ്ചായത്തുകളിൽ യുഡിഎഫും വിജയിച്ചു. മുണ്ടേരി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. എൻഡിഎക്ക് ഇക്കുറിയും പഞ്ചായത്ത് ഭരണം പിടിക്കാനായില്ല.

അതേസമയം കഴിഞ്ഞ തവണ വിജയിച്ച ചില പഞ്ചായത്തുകൾ നിലനിർത്താൻ എൽഡിഎഫിന് സാധിച്ചിട്ടില്ലെന്നത് മുന്നണിക്ക് നേരിയ തിരിച്ചടിയുമാണ്. കഴിഞ്ഞ തവണ 57 ഇടത്താണ് ഇതുമുന്നണി ഭൂരിപക്ഷം നേടിയത്. അതും 11 ഇടത്ത് സമ്പൂർണമേധാവിത്വത്തോടെ, മുഴുവൻ സീറ്റും നേടിക്കൊണ്ട്. അന്ന് 9 പഞ്ചായത്തുകളിൽ ഒരാൾ മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. യുഡിഎഫിന് 14 പഞ്ചായത്തുകളിൽ മുന്നേറാനായി. 25 ഗ്രാമപഞ്ചായത്ത് വാർഡിൽ മാത്രമാണ് കഴിഞ്ഞ തവണ എൻഡിഎക്ക് വിജയിക്കാനായത്. ഇക്കുറി ഏഴു പഞ്ചായത്തുകളിൽ കൂടി ഭരണം നേടാൻ യുഡിഎഫിന് കഴിഞ്ഞു. ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ഏരുവേശ്ശി, ഉളിക്കൽ, ഇരിക്കൂർ, അയ്യൻകുന്ന്, കൊട്ടിയൂർ, തൃപ്രങ്ങോട്ടൂർ, വളപട്ടണം, കൊളച്ചേരി, മാട്ടൂൽ, മാടായി,ആറളം, ചെറുപുഴ, കണിച്ചാര്‍, കേളകം, കുന്നോത്തുപറമ്പ, നാറാത്ത്, പയ്യാവൂര്‍, ഉദയഗിരി എന്നീ പഞ്ചായത്തുകളിലാണ് ഇക്കുറി യുഡിഎഫ് ഭരണത്തിലേറിയത്.

ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലിതേവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഏറെക്കുറെ ഏകപക്ഷീയമായാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഇക്കുറിയും അതിന് മാറ്റമില്ല. 2015-ൽ 24 ഡിവിഷനുകളിൽ ഒൻപതിടത്ത് ജയിച്ചതാണ് യുഡിഎഫിന്റെ മികച്ച പ്രകടനം. 2020-ൽ അത് ഏഴായിക്കുറഞ്ഞു. 17 ഡിവിഷനുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത്. 14 എണ്ണം സിപിഎം സ്വന്തമാക്കിയപ്പോൾ രണ്ടിടത്ത് സിപിഐയും ഒരിടത്ത് ആർജെഡിയും ജയിച്ചു. വോട്ടുനിലയിൽ 1,98,600 വോട്ടിന്റെ മേൽക്കൈയാണ് എൽഡിഎഫിന് ലഭിച്ചത്. ആലക്കോട്, നടുവിൽ, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ എന്നീ മലയോര ഡിവിഷനുകളാണ് യുഡിഎഫിന് പിടിച്ചുനിൽക്കാനുള്ള ബലം നൽകിയത്. മലയോരത്തെ അഞ്ച്‌ ഡിവിഷനുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ കൊളച്ചേരിയും ചെറുകുന്നും മുസ്ലിം ലീഗ് ജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് പിന്നീട് നടന്നപ്പോൾ സിപിഎം അട്ടിമറിവിജയം സ്വന്തമാക്കി. എൽജെഡി മുന്നണിമാറി യുഡിഎഫിൽ എത്തിയപ്പോൾ 2015-ൽ അവർ ജയിച്ച കൊളവല്ലൂർ ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽജെഡിക്കൊപ്പം തന്നെ ഇടതുപക്ഷത്ത് തിരിച്ചെത്തി. ഇത്തവണയാകട്ടെ ആകെ ഡിവിഷനുകളുടെ എണ്ണം ഒന്ന് വർധിച്ച് 25 ആയി മാറി. അതിൽ 18 ഉം എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിന് പിടിക്കാനായത് ഏഴു ഡിവിഷനുകൾ മാത്രമാണ്.

സംസ്ഥാന സർക്കാരിനെ പിടിച്ചുലച്ച വിവാദങ്ങൾക്കൊപ്പം ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണവും ദേശീയപാതയിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വയൽക്കിളിസമരവും പോലുള്ള പ്രതിസന്ധികളുടെ നടുവിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ നേട്ടമുണ്ടാക്കിയത്. ഇത്തവണയും വിവാദങ്ങൾക്ക് നടുവിലായിരുന്നു ഇടതുമുന്നണി. എഡിഎം നവീൻ ബാബുവിന്റെ മരണവും ഇതിൽ പി.പി. ദിവ്യയ്ക്കുനേരേയുയർന്ന ആരോപണങ്ങളുമായിരുന്നു ഇത്തവണ യുഡിഎഫിന്റെ പ്രധാന പ്രചരണായുധം. എന്നാൽ അതൊന്നും എൽഡിഎഫിന് തിരിച്ചടി നൽകുന്ന തരത്തിൽ പ്രതിഫലിച്ചില്ലെന്നുവേണം കരുതാൻ.

പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനമൊഴിയേണ്ടിവന്നതാണ് സിപിഎമ്മിന് മേധാവിത്വമുള്ളപ്പോഴും ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വിവാദങ്ങളിൽ തളച്ചിട്ടത്. മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ദിവ്യ കേസിൽ പ്രതിയായതും അറസ്റ്റിലായതും. സംസ്ഥാനതലത്തിൽ തന്നെ കടുത്ത പ്രതിരോധത്തിലായപ്പോൾ പിടിച്ചുനിൽക്കാനാവാതെ ദിവ്യയെ സിപിഎം കൈവിട്ടു. 2024 ഒക്ടോബർ 17 -നാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. നവംബർ 14 -ന് കെ.കെ. രത്‌നകുമാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യയുമായി ബന്ധപ്പെട്ട വിവാദവും ജില്ലാ പഞ്ചായത്തിലെ നേതൃമാറ്റവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സിപിഎം. അത് ഏറെക്കുറെ ശരിയായിരുന്നുവെന്നാണ് കൂടി ഫലം തെളിയിക്കുന്നു.

കണ്ണൂരിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുകുതിപ്പായിരുന്നു. എട്ടു ബ്ലോക്കുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫ് രണ്ടിലും ജയിച്ചു. എടക്കാടിൽ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. പതിനൊന്നിൽ പത്തും നേടിയാണ് കഴിഞ്ഞ തവണ ഇടതുമുന്നണി തേരോട്ടം നടത്തിയത്. ഇരിട്ടി ബ്ലോക്ക് മാത്രമാണ് യുഡിഎഫ് നേടിയിരുന്നത്.

രൂപംകൊണ്ടതു മുതൽ 15 വർഷം യുഡിഎഫ് ഭരണത്തിലായിരുന്നു പേരാവൂർ ബ്ലോക്ക് പ‍ഞ്ചായത്ത്. പിന്നീട് തുടർച്ചയായി 20 വർഷമായി എൽഡിഎഫാണ് അധികാരത്തിലേറിയത്. എന്നാൽ ഇക്കുറി എൽഡിഎഫിനെ അട്ടിമറിച്ച് യുഡിഎഫ് ബ്ലോക്ക് പിടിച്ചു. തളിപ്പറമ്പിലും ചരിത്രത്തിലാദ്യമായി യുഡിഎഫ് ഭരണത്തിലെത്തി. തളിപ്പറമ്പ് ബ്ലോക്കിൽ എൽഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളാണ് കൂടുതൽ. അതുകൊണ്ടുതന്നെ രൂപവത്കരിച്ചതു മുതൽ ഭരണസാരഥ്യം എൽഡിഎഫിനാണ്. ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ചെങ്ങളായി, കുറുമാത്തൂർ, പരിയാരം പട്ടുവം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളാണ് ബ്ലോക്ക് പരിധിയിൽ. എന്നാൽ ഇത്തവണ ആദ്യമായി യുഡിഎഫ് ഭരണത്തിലെത്തി.

അതേസമയം കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഇരിട്ടി എൽഡിഎഫും പിടിച്ചെടുത്തു. ആദ്യമായാണ് കഴിഞ്ഞ തവണ യുഡിഎഫിന് ഇരിട്ടി ബ്ലോക്കിന്റെ ഭരണം കിട്ടിയത്. 2020 ൽ 13 അംഗ ഭരണസമിതിയിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് ആറും സീറ്റാണുണ്ടായിരുന്നത്. ഒരു സീറ്റിന്റെ ബലത്തിലാണ് യുഡിഎഫ് അന്ന് ഭരണത്തിലേറിയത്. കല്ല്യാശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, കണ്ണൂർ, തലശ്ശേരി, പാനൂർ ബ്ലോക്കുകളും എൽഡിഎഫിനൊപ്പം നിന്നു.