കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുമ്പോൾ കണ്ണൂർ കോർപ്പറേഷനിൽ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് മുന്നണികൾ. ജില്ലയിൽ ഏറ്റവും ഗ്ലാമറുള്ള മത്സരം നടക്കുന്ന കോർപ്പറേഷനിൽ ഭരണം ആർക്ക് കിട്ടും എന്ന് പറയാനാവാത്ത അവസ്ഥയാണിപ്പോൾ. അത്രയ്ക്കും വാശിയേറിയ മത്സരമാണ് നടക്കുന്നത്. പുറമേക്ക് വലിയ ബഹളങ്ങൾ ഇല്ലെങ്കിലും അടിത്തട്ടിൽ പഠിച്ചപണി പതിനെട്ടും നോക്കുകയാണ് പാർട്ടികൾ. വാഗ്ദാനങ്ങളുടെ പെരുമഴയുമായിട്ടാണ് മുന്നണികൾ വോട്ടർമാരെ സമീപിക്കുന്നത്. ഉറച്ച രാഷ്ട്രീയവോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും അടിയൊഴുക്കുകളെ ഭയക്കുന്നുമുണ്ട് അവർ. പല ഡിവിഷനുകളിലും ഫലം പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
കഴിഞ്ഞതവണ ജയിച്ച ഏക കോർപ്പറേഷൻ നിലനിർത്താനാവുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. എന്നാൽ ഭരണം പിടിച്ചെടുക്കുമെന്ന് എൽഡിഎഫും പറയുന്നു. വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും തിരഞ്ഞെടുപ്പിൽ പല അട്ടിമറികളും കാണാനാവുമെന്നുമാണ് ബിജെപിയുടെ അവകാശവാദം. കോൺഗ്രസിൽനിന്ന് പുറത്താക്കിയവർ ചേർന്ന് ഉണ്ടാക്കിയ ഐക്യജനാധിപത്യ സംരക്ഷണ സമിതി 12 സീറ്റുകളിൽ മത്സരിക്കുന്നുമുണ്ട്. അവർ പിടിക്കുന്ന ചെറിയ വോട്ടുപോലും യുഡിഎഫിന് ക്ഷീണമാവുമെന്ന് എൽഡിഎഫും ബിജെപിയും ഒരുപോലെ കണക്കുകൂട്ടുന്നു. തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി അടിത്തട്ടിൽ വാശിയുള്ള പ്രചാരണമാണ് നടന്നത്.
പഴയ നഗരസഭയും പള്ളിക്കുന്നും
56 വാർഡുകളിലും എൻഡിഎക്ക് സ്ഥാനാർഥികളുണ്ട്. ഇതിൽ 12 ഡിവിഷനുകളിൽ ബിജെപി കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. അതിൽ ചിലയിടങ്ങളിൽ ജയവും സ്വപ്നം കാണുന്നു. കഴിഞ്ഞ തവണ ചെറിയ വോട്ടിന് തോറ്റ ഡിവിഷനുകളും ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞതുമായ ഇടങ്ങളിലാണ് ഫോക്കസ്. ഐക്യജനാധിപത്യ സംരക്ഷണസമിതി നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷ് പഞ്ഞിക്കയിൽ വാർഡിൽ യുഡിഎഫിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. പയ്യാമ്പലത്ത് കോൺഗ്രസ് വിമത മത്സരിക്കുന്നത് നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിരയ്ക്കും വെല്ലുവിളിയായി. സിറ്റിങ് സീറ്റുകൾ ചിലത് പിടിച്ചെടുക്കാനാവുമെന്ന് ഇടത് വലത് മുന്നണികൾ സ്വപ്നം കാണുന്നുണ്ട്. വാരത്തെയും ആദികടലായിയിലെയും വിമതർ തലവേദനയാകില്ലെന്നാണ് യുഡിഎഫ് കരുതുന്നത്.
പഴയ നഗരസഭാ പ്രദേശത്തും കോർപ്പറേഷൻ ആയപ്പോൾ കൂട്ടിച്ചേർത്ത പള്ളിക്കുന്ന് ഭാഗത്തുമാണ് ബിജെപി സാന്നിധ്യം കൂടുതലുള്ളത്. പള്ളിക്കുന്നിലാണ് ജനാധിപത്യ സംരക്ഷണസമിതിയും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഫലം കോർപ്പറേഷൻ ആരുഭരിക്കണം എന്നതിൽ നിർണായകമാവും. പല വാർഡുകളിലും അപ്രതീക്ഷിതമായി ത്രികോണ മത്സരവും രൂപപ്പെട്ടിട്ടുണ്ട്. അവകാശപ്പെടുന്നതുപോലെ ബിജെപി വോട്ട് വർധിപ്പിച്ചാൽ അത് ആരെയാവും ബാധിക്കുക എന്നതാണ് പ്രധാന ചോദ്യം. നഗരത്തോട് കൂട്ടിച്ചേർക്കപ്പെട്ട എടക്കാട്, ചേലോറ, എളയാവൂർ, പുഴാതി മേഖലകളിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ ജയിച്ച ശക്തികേന്ദ്രങ്ങളിൽ ലീഗ് പൊതുവെ സുരക്ഷിതമാണ്.
ഭരണവിരുദ്ധ വികാരമുണ്ടോ
സംസ്ഥാന ഭരണത്തിനെതിരായ വികാരം വോട്ടായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്. ഒപ്പം നഗരഭരണത്തിന്റെ മേൻമകളും എടുത്തുപറയുന്നു. എന്നാൽ കോർപ്പറേഷനിൽ ശക്തമായ ഭരണവിരുദ്ധവികാരം ഉണ്ടെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. സർക്കാരിന്റെ ജനക്ഷേമപദ്ധതികളും ഒപ്പം വാർഡ് പുനർനിർണയം നടത്തിയപ്പോൾ അതിർത്തികളിൽ വന്ന മാറ്റവും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുമുന്നണികൾക്കെതിരെയും ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് ബിജെപി വാദം. മോദിസർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളും വോട്ടർമാർക്ക് മുന്നിലെത്തിച്ചു.
Content Highlights: kannur local body election
Published: 09 Dec 2025, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented