കണ്ണൂർ: അദ്ഭുതങ്ങൾ സംഭവിക്കുമോ? അടിയൊഴുക്കുകൾ എത്രത്തോളമുണ്ടാവും? ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരം മുറുകുന്നു. കണ്ണൂർ കോർപ്പറേഷൻ നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടത്തിലേക്ക് പ്രധാന മുന്നണികൾ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചതോടെ ജില്ലാ പഞ്ചായത്ത് പോരാട്ടത്തിന്റെ ഗ്ലാമർ അല്പം കുറഞ്ഞെങ്കിലും അവസാന ലാപ്പിലേക്ക് കടന്നതോടെ ആവേശപ്പോരിനാണ് കളമൊരുങ്ങുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മിക്കയിടത്തും കടുത്ത മത്സരം നടക്കുന്നുണ്ട്. അവസാനമണിക്കൂറുകൾ പരമാവധി അനുകൂലമാക്കാനാണ് മുന്നണികളുടെ ശ്രമം.
അട്ടിമറികളും അദ്ഭുതങ്ങളുമില്ലാതെ തങ്ങളുടെ അടിയുറച്ച കോട്ടയായി ജില്ലാ പഞ്ചായത്ത് തുടരുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. മികച്ച സ്ഥാനാർഥികളും അടുക്കും ചിട്ടയുമുള്ള പ്രചാരണപ്രവർത്തനങ്ങളുമായി കഴിഞ്ഞതവണ നേടിയതിനേക്കാൾ മികച്ച വിജയം സ്വന്തമാക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണി. 2020-ലെ തിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുനിലയിൽ 1,98,600 വോട്ടിന്റെ മേൽക്കൈയാണ് എൽഡിഎഫിനുള്ളത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഏറെക്കുറെ ഏകപക്ഷീയമായാണ് അവർ ഭരണം പിടിച്ചത്.
2015-ൽ 24 ഡിവിഷനുകളിൽ ഒൻപതിടത്ത് ജയിച്ചതാണ് യുഡിഎഫിന്റെ മികച്ചപ്രകടനം. 2020-ൽ അത് ഏഴായിക്കുറഞ്ഞു. 17 ഡിവിഷനുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത്. 14 എണ്ണം സിപിഎം സ്വന്തമാക്കിയപ്പോൾ രണ്ടിടത്ത് സിപിഐയും ഒരിടത്ത് ആർജെഡിയും (അന്നത്തെ എൽജെഡി) ജയിച്ചു. മലയോരത്തെ അഞ്ചുഡിവിഷനുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ കൊളച്ചേരിയും ചെറുകുന്നും മുസ്‌ലിം ലീഗ് ജയിച്ചു. ഇത്തവണ 25 ഡിവിഷനുകളാണുള്ളത്.
കൈയിലുള്ളത് നിലനിർത്താൻ യുഡിഎഫ്
കഴിഞ്ഞ തവണ ജയിച്ചത്രയും സീറ്റുകൾ നേടുകയാണ് യുഡിഎഫിന് മുന്നിലെ വലിയ വെല്ലുവിളി. തങ്ങളുടെ സാധ്യതകൾ പൂർണമായും ഇല്ലാതാക്കുന്ന തരത്തിലാണ് വാർഡുകളുടെ പുനർവിഭജനം നടന്നതെന്നാണ് അവരുടെ പരാതി. മലയോരത്ത് തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ മുഴുവൻ ഒന്നോ രണ്ടോ ഡിവിഷനുകളിൽ കേന്ദ്രീകരിച്ചതോടെ മറ്റിടങ്ങളിൽ ജയസാധ്യത തീരെയില്ലാതാക്കിയെന്നാണ് ആരോപണം. എങ്കിലും അടിയൊഴുക്കുകളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവർ പ്രചാരണരംഗത്തുള്ളത്. മലയോരമേഖലയിലും ഗ്രാമങ്ങളിലും തങ്ങൾക്ക് സ്വാധീനം വർധിക്കുന്നതിന്റെ പ്രതിഫലനം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
പത്തിൽ താഴെ ഡിവിഷനുകളിലാണ് കാര്യമായ മത്സരം നടക്കുന്നത്. നടുവിൽ, പയ്യാവൂർ, കൊട്ടിയൂർ, പടിയൂർ, മാട്ടൂൽ, കൊളച്ചേരി എന്നിവിടങ്ങളിലാണ് യുഡിഎഫ് കാര്യമായ പ്രതീക്ഷ പുലർത്തുന്നത്. കൊളവല്ലൂർ, കുറുമാത്തൂർ, പരിയാരം, പേരാവൂർ, അഴീക്കോട്, മാതമംഗലം എന്നിവിടങ്ങളിലും നല്ല മത്സരമുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ തിളക്കമാർന്ന വിജയം കണക്കുകൂട്ടുന്ന ഇടതുമുന്നണി ചിട്ടയായ പ്രചാരണപ്രവർത്തനങ്ങളാണ് നടത്തുന്നത്. ജില്ലാപഞ്ചായത്തിൽ ഏകപക്ഷീയമായ വിജയമുണ്ടാവുമെന്നാണ് അവരുടെ പ്രതീക്ഷ.
അവസാനലാപ്പില്‍ ആവേശം പകരാന്‍ നേതാക്കള്‍
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആവേശമായി കൂടുതൽ നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനാണ് അവസാനഘട്ടത്തിൽ ജില്ലയിലെത്തുന്ന താരപ്രചാരകൻ. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് അദ്ദേഹം സ്റ്റേഡിയം കോർണറിൽ എൽഡിഎഫ് റാലിയിൽ സംസാരിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ആണ് യുഡിഎഫിനായി തിങ്കളാഴ്ച ജില്ലയിലുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള ജില്ലയിൽ നിന്നുള്ള കേന്ദ്ര, സംസ്ഥാന നേതാക്കൾ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലെത്തി. പഞ്ചായത്ത്, നഗരസഭാതലത്തിലുള്ള റാലികളിലാണ് എൽഡിഎഫ് അവസാനദിവസങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചത്.
കുടുംബസംഗമങ്ങളാണ് യുഡിഎഫ് ഒരുക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കളൊക്കെ യുഡിഎഫിന് വോട്ടു ചോദിക്കാനെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളാണ് എൻഡിഎ സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തിയത്. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനമുൾപ്പെടെയുള്ള പ്രചാരണപരിപാടികളുമായി എൻഡിഎയും ഒപ്പത്തിനൊപ്പമുണ്ട്.
Content Highlights: kannur local body election
Published: 08 Dec 2025, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented