
കണ്ണൂരിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയിൽ ആവേശച്ചുവടുകൾ വെച്ച് ഡിസിസി പ്രസിഡന്റ മാർട്ടിൻ ജോർജും കെ. സുധാകരൻ എംപിയും
കണ്ണൂർ: പ്രവർത്തകരെ ആവേശത്തിലാക്കിയ കലാശക്കൊട്ടോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ പരസ്യപ്രചാരണത്തിന് സമാപനമായി. 20 ദിവസത്തോളം നീണ്ട പ്രചാരണത്തിനാണ് തിരശ്ശീല വീണത്. കോർപ്പറേഷൻ, നഗരസഭകൾ, പഞ്ചയത്ത്തലം എന്നിവ കേന്ദ്രീകരിച്ച് പലയിടങ്ങളിലായിട്ടാണ് യുഡിഎഫും എൽഡിഎഫും എൻഡിഎയും കൊട്ടിക്കലാശം നടത്തിയത്. ജില്ലയിലെ ഏറ്റവും വലിയ കലാശക്കൊട്ട് നടന്നത് കണ്ണൂർ നഗരത്തിലാണ്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് എൽഡിഎഫ്, മുനീശ്വരൻകോവിൽ പരിസരത്ത് ബിജെപി, സിറ്റിയിൽ യുഡിഎഫ് എന്നിങ്ങനെ.
കുട്ടികളും സ്ത്രീകളും മുതിർന്നവരും അടക്കമുള്ള പ്രവർത്തകർ വാദ്യമേളങ്ങൾക്കൊപ്പം നൃത്തംചെയ്തും ആർപ്പുവിളിച്ചും എത്തിയതോടെ സമാപനം ആവേശക്കൊടുമുടിയിലെത്തി. ബാൻഡ് മേളം, ഡിജെ എന്നിവ ഉൾപ്പെടുത്തിയാണ് പാർട്ടികൾ പ്രവർത്തകരുമായി എത്തിയത്. കണ്ണൂരിൽ നാലര ആയപ്പോഴേക്കും മൂന്ന് മുന്നണികളുടെയും പ്രവർത്തകർ നഗരത്തിലേക്ക് എത്തി. സ്ഥാനാർഥികളുടെ വർണപോസ്റ്റർ പതിച്ച് അലങ്കരിച്ച വാഹനങ്ങളടക്കം പ്രകടനമായി നീങ്ങി.
പച്ചപ്പടയിൽ ആറാടി സിറ്റി
പിച്ചവെച്ച നാള് തൊട്ടേ പച്ചപടയിൽ ചേർന്നു ഞാൻ.... താളത്തിൽ ചുവടുവെച്ച് കുഞ്ഞുങ്ങളും സ്ത്രീകളും. ത്രിവർണപതാകയും പച്ചപ്പതാകയുമേന്തിയ നിരവധി ബൈക്കുകൾ അകമ്പടിയായെത്തി. തൊട്ടുപിന്നിൽ വോട്ടർമാർക്ക് നേരെ കൈവീശി സ്ഥാനാർഥികളും നടന്നെത്തി. പിന്നീട് കണ്ണൂർസിറ്റിയാകെ പച്ചപ്പടയിൽ ആറാടി. യുഡിഎഫ് കൊട്ടിക്കലാശമാണ് താണയിൽ നിന്ന് തുടങ്ങി ആനയിടുക്ക് വഴി കണ്ണൂർ സിറ്റിയിൽ സമാപിച്ചത്. വെത്തിലപ്പള്ളി, പടന്ന, നീർച്ചാൽ, അറക്കൽ, ആയിക്കര, കസാനകോട്ട, താണ, ചൊവ്വ എന്നീ ഡിവിഷനുകളിലെ സ്ഥാനാർഥികളാണ് ജാഥയിൽ പങ്കെടുത്തത്. ഇതിൽ ചൊവ്വ, വെത്തിലപ്പള്ളി ഡിവിഷൻ ഒഴികെ ലീഗ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
സ്ഥാനാർഥികളുടെ ചിത്രംപതിച്ച വാഹനങ്ങളും ജാഥയിലുണ്ടായിരുന്നു. തുറന്ന ജീപ്പിലും വാഹനങ്ങളുടെ മുകളിലുമെല്ലാം കയറി പതാക വീശിയും നൃത്തം ചെയ്തും ചെറുപ്പക്കാർ കൊട്ടിക്കലാശം ആഘോഷമാക്കി. നെറ്റിയിലും കൈകളിലും പച്ച റിബണും തൊപ്പിയുമെല്ലാം ധരിച്ച് ഇരുചക്രവാഹനങ്ങളിൽ കുട്ടികളും ഏറെയുണ്ടായിരുന്നു. നമ്മുടെ ചിഹ്നം ഏണിയെന്നഴുതിയ ടീഷർട്ട് ധരിച്ച് വോട്ടർമാരെ ഓർമ്മപ്പെടുത്തിയവരും കൂട്ടത്തിലുണ്ട്. വഴിയരികിൽ പ്രകടനം കാണാൻ നിരവധി പേർ നേരത്തെ തടിച്ചുകൂടയിരുന്നു. പൊതുസമ്മേളനവേദിയിൽ നേതാക്കളുടെ പ്രസംഗത്തിന് ശേഷം ഡിജെ തുടങ്ങി. സ്ത്രീകൾ ഒരു കൂട്ടമായി കുട്ടികളെ ചുമലിലേറ്റിയും മറ്റും നൃത്തംചെയ്തു. ആറിന് ഒരുമിനിട്ട് മുൻപ് പാട്ട് ഓഫാക്കി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കൊട്ടിക്കലാശം അവസാനിപ്പിച്ചു.
ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. തങ്ങൾ, മേഖലാ പ്രസിഡന്റ് അൽത്താഫ് മാങ്ങാടൻ, മണ്ഡലം ജന സെക്ര സി. സമീർ, ടി.കെ. നൗഷാദ്, മൻസൂർ പാറക്കണ്ടി, അഷ്‌റഫ് ബംഗാളിമുഹമ്മല, മുഹമ്മദ് ഷമ്മാസ് എന്നിവർ തിരഞ്ഞെടുപ്പ് സമാപനസമ്മേളനത്തിന് നേതൃത്വം നൽകി.
എസ്ഡിപിഐയും ലീഗും നേർക്കുനേർ
യുഡിഎഫിന്റെയും ലീഗിന്റെയും കൊട്ടിക്കലാശം കണ്ണൂർസിറ്റിയലാണ് നിശ്ചയിച്ചരുന്നത്. താണയിൽനിന്ന് ആനയിടുക്ക് വഴി യുഡിഎഫ് പ്രകടനം കടന്നുപോകുന്ന സമയത്ത് തന്നെ സിറ്റി സ്‌കൂളിന് മുന്നിലൂടെ എസ്ഡിപിഐയുടെ ജാഥയുമെത്തി. യുഡിഎഫ് ജാഥ കടന്നുപോകുന്ന സിറ്റി കവലയിലാണ് എസ്ഡിപിഐക്കും സമാപനത്തിന് സ്ഥലം നിശ്ചയിച്ചത്. തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ ഇതേ സ്ഥലത്തെത്തി കൊടിവീശിയതോടെ പോലീസും ഇരുപാർട്ടിയിലെയും നേതാക്കളും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് റോഡിൽ ഇരുപ്രവർത്തകരും മുഖാമുഖം നിന്ന് പതാകവീശി. പോലീസ് ഇടപെട്ട് യുഡിഎഫ് ജാഥ എസ്ഡിപിഐയുടെ സമാപനസ്ഥലത്ത്നിന്ന് പെട്ടെന്ന് കടത്തിവിട്ടതിനാൽ തർക്കം ഒഴിവായി.
വിടരണം താമര... വളരണം കേരളം
വിടരണം താമര... വളരണം കേരളം എന്ന അനൗൺസ്‌മെന്റുമായി വോട്ട് അഭ്യർഥിച്ച് പ്രഭാത് ജങ്‌ഷനിൽനിന്നാണ് ബിജെപിയുടെ പ്രകടനം ആരംഭിച്ചത്. വികസിത കണ്ണൂരിന് വോട്ട് ചോദിച്ച് നീങ്ങിയ പ്രകടനത്തിൽ കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥികളും ഷാളണിഞ്ഞ് മുൻനിരയിൽ അണിനിരന്നു. ഒപ്പം നേതാക്കളും. വോട്ടർമാരെ കൈവീശിക്കാണിച്ച് സ്ഥാനാർഥികൾ നടന്നു. സ്വർണം ചെമ്പായി മാറ്റിയേ.. എന്ന ഗാനം ഇടക്കിടെ മുഴങ്ങി. ബൈക്കിലും അനൗൺസ്‌മെന്റ് വാഹനങ്ങളിലുമായി കൊടിവീശി പ്രവർത്തകരും പ്രകടനത്തിൽ നിരന്നു. റോഡരികിൽ കാഴ്ചക്കാരും ധാരാളമുണ്ടായിരുന്നു.
മുനീശ്വരൻ കോവിലിന് സമീപത്ത് സമാപിച്ചു. കണ്ണൂർ കോർപ്പറേഷന്റെ വികസനത്തിന് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് നോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാറിന്റെ ഹ്രസ്വ പ്രസംഗം. പിന്നെ ഡിജെ അകമ്പടിയോടെ പാട്ട് വന്നു. വേൽമുരുക ഹരോഹര...വേലായുധ ഹരോഹര...സ്ഥാനാർഥികളും പ്രവർത്തകരും നൃത്തംവെച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയസമിതി അംഗം, സി. രഘുനാഥ്, കെ.കെ. വിനോദ് കുമാർ എന്നിവരും ഡാൻസിൽ ഒപ്പം കൂടി. പാലാപ്പള്ളി തിരുപ്പള്ളി...എന്ന പാട്ടിന് താളം ചവുട്ടി പ്രചാരണത്തിന് സമാപനം കുറിച്ചു.
ആവേശമായി എൽഡിഎഫ് കൊട്ടിക്കലാശം
ആവേശം കൊട്ടിക്കയറിയ അവസാന നിമിഷങ്ങളിൽ കണ്ണൂർ നഗരത്തെ ആവേശത്തിലാഴ്ത്തി കോർപ്പറേഷനിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. നൂറുകണക്കിന് ആളുകൾ എത്തിയ കൊട്ടിക്കലാശം കളറായി. കണ്ണൂർ കാൽടെക്സിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ചെങ്കൊടിയേന്തി ചടുലമായ നൃത്തച്ചുവടുകളോടെ എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ ആവേശം നിറച്ചു. എൽഡിഎഫ് നേതാക്കളും പ്രവർത്തകരും 14 ഡിവിഷനുകളിലെ സ്ഥാനാർഥികളും പ്രകടനത്തിൽ അണിചേർന്നു. യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നങ്ങളും കൊടികളുമേന്തി പ്രകടത്തിനൊപ്പം ചേർന്നു.
സമാപനകേന്ദ്രമായ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്ക് പ്രകടനം എത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി. സമാപനത്തിന്റെ അവസാനം സിപിഎം ജില്ലാ സെക്രട്ടറി എൽഡിഎഫിനായി വോട്ടഭ്യർഥിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ, മുതിർന്ന നേതാവ് കെ. പി. സഹദേവൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. പ്രകാശൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എൽഡിഎഫ് നേതാക്കളായ കെ.പി. പ്രശാന്ത്, എം.പി. മുരളി, കെ കെ ജയപ്രകാശ് എന്നിവരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.
Content Highlights: kannur local body election
Published: 10 Dec 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented