കേരളമൊട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ കണ്ണൂർ കോർപ്പറേഷൻ തിരിച്ചുപിടിക്കാമെന്ന എൽഡിഎഫ് മോഹത്തിന് കനത്ത തിരിച്ചടി. കഴിഞ്ഞ തവണ നേടിയ ഡിവിഷനുകൾ നിലനിർത്താൻ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തു. എൻഡിഎ ഡിവിഷനുകൾ വർധിപ്പിച്ചപ്പോൾ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിർണായക സാന്നിധ്യമാകുമെന്നുകരുതിയ മുൻ കോൺഗ്രസ് നേതാവ് പി.കെ. രാഗേഷിനും തിരിച്ചടിയേറ്റു.
കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ സീറ്റ് നേടിക്കൊണ്ടാണ് യുഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷനിൽ അധികാരത്തിലേറിയത്. 56 ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണിയാകട്ടെ 15 ഡിവിഷനുകളില്‍ ഒതുങ്ങി. ഇക്കുറി ഭരണത്തിലേറാമെന്ന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയുമേറ്റു. അതേസമയം സീറ്റുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് എന്‍ഡിഎ ഇടതുവലതു മുന്നണികളെ ഞെട്ടിച്ചു. ഒരു ഡിവിഷനില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയാണ് എന്‍ഡിഎ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ തവണ ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും എൽഡിഎഫ് ജയിച്ചുകയറിയിരുന്നു. പക്ഷേ കണ്ണൂരിൽ മാത്രമാണ് ഭരണം യുഡിഎഫ് സ്വന്തമാക്കിയത്. ഇക്കുറി കോർപ്പറേഷനിലും യുഡിഎഫ് തരംഗം തീർത്തതോടെ കണ്ണൂർ ഒരിക്കൽ കൂടി കൈകൊടുത്തു. 2020 ൽ 55 അംഗ കോർപ്പറേഷനിൽ 34 ഡിവിഷനിലാണ് യുഡിഎഫ് വിജയിച്ചത്. 19 ഇടത്ത് എൽഡിഎഫും. ആദ്യമായി ഒരു വാർഡ് ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. ഒരു വാർഡിൽ സ്വതന്ത്രൻ ജയിച്ചെങ്കിലും പിന്നീട് യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.
ഇക്കുറി ചിത്രം പാടേ മാറി. എൻഡിഎയും എസ്ഡിപിഐയുമടക്കം കോർപ്പറേഷനിൽ സാന്നിധ്യമറിയിച്ചു. കോർപ്പറേഷനിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുന്നതും ആ തിരഞ്ഞെടുപ്പിലായിരുന്നു. യുഡിഎഫിന്റെ സീറ്റായിരുന്ന പള്ളിക്കുന്ന് ഡിവിഷനിലാണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. ഇത്തവണ പള്ളിക്കുന്ന് നിലനിര്‍ത്തുന്നതിന് പുറമേ, കോക്കന്‍പാറ, തുളിച്ചേരി, ടെമ്പിള്‍ ഡിവിഷനുകളിലും എന്‍ഡിഎ ജയിച്ചു. ഗ്രാമങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും നഗരപ്രദേശങ്ങളില്‍ ശക്തി തെളിയിക്കാനായത് ബിജെപിക്ക് ആശ്വാസമാണ്. അറക്കല്‍ ഡിവിഷനിൽനിന്നാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി കെ. സമീറ വിജയിച്ചത്.
പ്രചാരണങ്ങളിലടക്കം എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ കോർപ്പറേഷൻ സാക്ഷ്യം വഹിച്ചത്. ഭരണം തിരിച്ചുപിടിക്കാൻ ഊർജിത പ്രവർത്തനങ്ങളിലായിരുന്നു എൽഡിഎഫ്. എന്നാൽ സംസ്ഥാനത്ത് ഭരണത്തിലുള്ള ഏക കോർപ്പറേഷൻ നിലനിർത്താൻ യുഡിഎഫും പോരാടി. ഇരുമുന്നണികളുടെയും ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്താനുള്ള തന്ത്രങ്ങളുമായി ബിജെപിയും സജീവമായതോടെ കനത്ത പോരാട്ടമായിരുന്നു കണ്ണൂരിൽ. എന്നാൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടു. യുഡിഎഫും ബിജെപിയും നേട്ടമുണ്ടാക്കി.
രാജ്യത്തുതന്നെ സിപിഎമ്മിന് ഏറ്റവും കരുത്തുറ്റ സംഘടനാസംവിധാനമുള്ള ജില്ലയാണ് കണ്ണൂർ. നഗരപ്രദേശത്തെ വ്യത്യസ്ത രാഷ്ട്രീയമാണ് ഇടതുകോട്ടയായിട്ടും കണ്ണൂരിലെ കോർപ്പറേഷൻ മറിച്ചൊരു ഫലം നൽകുന്നത്. കണ്ണൂർ നഗരപ്രദേശത്ത് കോൺഗ്രസിനും മുസ്‌ലിം ലീഗിനും നല്ല സ്വാധീനമുണ്ട്.. നഗരസഭയായിരിക്കെ എന്നും യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കണ്ണൂർ. അതുകൊണ്ടുതന്നെ 2015-ൽ ആദ്യ തിരഞ്ഞെടുപ്പിൽ ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. പക്ഷേ, കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടമാകുന്നത് നോക്കിനിൽക്കേണ്ടിവന്നു മുന്നണിക്ക്.
ആദ്യ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും 27 സീറ്റുകൾ വീതമാണ് നേടിയത്. അതോടെ ഭരണം തുലാസിലായി. തിരഞ്ഞെടുപ്പിൽ ജയിച്ച് നിർണായകസാന്നിധ്യമായി തീർന്ന കോൺഗ്രസ് വിമതൻ പി.കെ.രാഗേഷ് എൽഡിഎഫിന് പിന്തുണ നൽകിയതോടെ ഭരണം ഇടതിനൊപ്പം നിന്നു. സിപിഎമ്മിലെ ഇ.പി.ലത മേയറായി. എന്നാൽ കാലാവധി പൂർത്തിയാകാൻ ഒരുവർഷം മാത്രം ശേഷിക്കേ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പി.കെ.രാഗേഷ് വീണ്ടും യുഡിഎഫ് ക്യാമ്പിലെത്തിയതോടെയാണ് രാഷ്ട്രീയചിത്രം മാറിയത്. അതോടെ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. എന്നാൽ 2020-ൽ പ്രതാപം തിരിച്ചുപിടിച്ച യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിലും 2015-ന് സമാനമായ രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നു. പി.കെ. രാഗേഷ് കോൺഗ്രസിന് പുറത്താണ് എന്നതാണത്. കോൺഗ്രസിൽനിന്ന് പുറത്താക്കിയവർ ചേർന്ന് രൂപവത്കരിച്ച ഐക്യജനാധിപത്യ സംരക്ഷണസമിതി 12 സീറ്റുകളിൽ മത്സരിച്ചു. രാഗേഷ് ഉൾപ്പടെയാണിത്. എന്നാൽ രാഗേഷുൾപ്പെടെ എല്ലാവർക്കും അടിതെറ്റി. ചെറിയ വോട്ടുകൾക്ക് ഫലം നിർണയിക്കപ്പെടുന്ന ഡിവിഷനുകളിൽ സമിതി പിടിക്കുന്ന വോട്ടുകൾ നിർണായകമാവുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎമ്മും ബിജെപിയും. അതൊന്നും ഏശിയില്ല. വാർഡ് പുനർനിർണയം നടത്തിയപ്പോൾ അതിർത്തികളിൽ വന്ന മാറ്റവും ഗുണം ചെയ്യുമെന്ന ഇടതുമുന്നണി വിലയിരുത്തലും പാളി.
Content Highlights: kannur corporation udf ldf nda
Published: 13 Dec 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented