ഇടുക്കിയില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ രണ്ട് നഗരസഭകളും നിലനിര്‍ത്തി ഐക്യമുന്നണിയുടെ തേരോട്ടം. തൊടുപുഴയിൽ 38 സീറ്റുകളിൽ 19 സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. യുഡിഎഫിനും എൽഡിഎഫിനും എൻഡിഎയ്ക്കും ശക്തമായ വേരോട്ടമുള്ള നഗരസഭയിൽ വാശിയേറിയ ത്രികോണ മത്സരമാണ് നടന്നത്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അധികാരത്തിലേത്തിയിരിക്കുന്നത്. എൽഡിഎഫിന് നാണംക്കെട്ട പരാജയമാണ് സംഭവിച്ചത്. മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. ഇതോടെ മുഖ്യപ്രതിപക്ഷമായിരിക്കുകയാണ് ബിജെപി. ഒമ്പത് സീറ്റുകളിലാണ് ബിജെപി ജയം. ഏഴ് സീറ്റുകളിൽ സ്വതന്ത്രൻമാരും വിജയിച്ചിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ എൽഡിഎഫ് സ്വതന്ത്രരാണെങ്കിലും എൽഡിഎഫിന് പ്രതിപക്ഷത്ത് എത്താൻ സാധിക്കില്ല. എന്നാൽ കഴിഞ്ഞ തവണ എട്ടു സീറ്റുകളിൽ വിജയിച്ച എൻഡിഎയ്ക്ക് ഒരു സീറ്റ് കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. രണ്ട് കോൺഗ്രസ് സ്വതന്ത്രരും രണ്ട് കോണഗ്രസ് വിമതയും നഗരസഭയിൽ വിജയിച്ചിട്ടുണ്ട്. കോൺഗ്രസിൻറെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചതോടെ ഇത്തവണ നഗരസഭയിൽ യുഡിഎഫ് കേവലഭൂരിപക്ഷത്തിലേക്കെത്തി. 

To advertise here,

കഴിഞ്ഞ പ്രാവശ്യത്തേക്കൾ കുറവ് പോളിങ്ങാണ് നഗരസഭയിൽ ഇത്തവണ രേഖപ്പെടുത്തിയിരിന്നത്. 78.54 ശതമാനം. 20 സീറ്റുകൾ നേടിയിരുന്നെങ്കിൽ കേവലഭൂരിപക്ഷത്തിൽ എത്താൻ സാധിക്കുമായിരുന്നെങ്കിലും ഒരു സീറ്റിന്റെ കുറവിൽ യുഡിഎഫിന് കേവലഭൂരിപക്ഷത്തിലെത്താൻ സാധിച്ചിട്ടില്ല. എങ്കിലും പ്രതിസന്ധികളില്ലാതെ അഞ്ചുവർഷവും ഭരിക്കാൻ പറ്റുമെന്ന സൂചനകളാണ് നിലവിൽ യുഡിഎഫിനുള്ളിലുള്ളത്. കൗൺസിലിൽ ഒരു തീരുമാനം എടുക്കണമെങ്കിൽ മറ്റ് കക്ഷികളുടെയും പിന്തുണ അത്യാവശ്യമായിരുന്ന സ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കം ലഭിക്കും. ഭരണകക്ഷിയുടെ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടാനുള്ള സധ്യതയും ഇത്തവണ കുറവാണ്.

2020-ൽ യുഡിഎഫിനായിരുന്നു ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചതെങ്കിലും അധികാരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. കോൺഗ്രസ് വിമതന്റെയും ലീഗ് സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ എൽഡിഎഫ് അധികാരത്തിലെത്തി. അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫ് പലപ്രാവശ്യം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ ആറുമാസംമുമ്പ് എൽഡിഎഫ് ചെയർപേഴ്‌സണെ അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

കട്ടപ്പന നഗരസഭയിൽ ഇത്തവണ കേവലഭൂരിപക്ഷവും കടന്നാണ് യുഡിഎഫിന്റെ ഉജ്ജ്വല വിജയം. വിമതശല്യം യുഡിഎഫിനു മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇതിനെയെല്ലാം മറികടന്ന് തിളക്കമാർന്ന വിജയം തന്നെ നേടാൻ കഴിഞ്ഞതിന്റെ ആശ്വസത്തിലാണ് മുന്നണി. അതേസമയം ചെയർമാൻ സ്ഥാനത്തേക്ക് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് കൊണ്ടുവന്ന മുൻ എംഎൽഎ ഇഎം അഗസ്തിയുടെ പരാജയം യുഡിഎഫിന് വിജയത്തിനിടയിലും കയ്പുള്ള പരാജയമാകുന്നു.

35 സീറ്റുകളിൽ 20ലും യുഡിഎഫ് വിജയിച്ചു. 12 സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ സ്വതന്തരും നഗരസഭയിൽ ജയിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നാല് സീറ്റുകളാണ് ലഭിച്ചത്.

കട്ടപ്പന നഗരസഭ ആയതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് നടന്നത്. ആദ്യ വർഷം അധ്യക്ഷ സ്ഥാനം ജനറലായിരുന്നു. ജോണി കുളംപള്ളിയായിരുന്നു പ്രഥമ അധ്യക്ഷൻ. മുന്നണി ധാരണപ്രകാരം ജോണി കുളംപള്ളി രാജിവെക്കുകയും കേരള കോൺഗ്രസി(എം)ലെ അഡ്വ. മനോജ് എം. തോമസ് ചെയർമാൻ ആകുകയും ചെയ്തു. പിന്നീട് ജോയി വെട്ടിക്കുഴിയും അധ്യക്ഷ സ്ഥാനത്തെത്തി. 2020-ൽ വനിതാ സംവരണമായിരുന്നു. മുന്നണി ധാരണപ്രകാരം ആദ്യ ടേമിൽ ബീന ജോബിയും രണ്ടാം തവണ ഷൈനി സണ്ണിയും മൂന്നാമത്തെ ടേമിൽ ബീന ടോമിയും അധ്യക്ഷ സ്ഥാനത്തെത്തി.

ഇത്തവണ അധ്യക്ഷ സ്ഥാനം ജനറൽ‍ ആണ്. എ ഗ്രൂപ്പിലെ ജോയി വെട്ടിക്കുഴി നഗരസഭാധ്യക്ഷനാകുമെന്ന് അഭ്യൂഹങ്ങൾക്കിടയിൽ ഇത് തടയാനാണ് മുൻ എംഎൽഎ ഇഎം അഗസ്തിയെ രംഗത്ത് ഇറക്കിയത്. അഗസ്തി നഗരത്തിൽ പൊതുസമ്മതനല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അഗസ്തിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയാകുമെന്നും കെ.സി. പക്ഷവും എ ഗ്രൂപ്പും ആരോപിച്ചെങ്കിലും തീരുമാനവുമായി നേതൃത്വം മുന്നോട്ടുപോയി. അഗസ്തി പ്രതിനിധാനം ചെയ്യുന്ന ഐ ഗ്രൂപ്പിൽ നിന്നുപോലും സ്ഥാനാർഥിത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, വിമർശനങ്ങൾക്കിടയിലും അഗസ്തിയെ ഇരുപതേക്കറിൽനിന്നു മത്സരിപ്പിക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇവിടെ സിപിഎമ്മിന്റെ സിആർ മുരളിയാണ് വിജയിച്ചത്.

നഗരസഭയായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു കട്ടപ്പനയിൽ വിജയം. മൂന്നാമതും ഭരണം നിലനിർത്താനായത് യുഡിഎഫിന് കരുത്ത് പകരുന്നു. ഇത്തവണ യുഡിഎഫിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന എൽഡിഎഫ് പ്രതീക്ഷ ഫലം കണ്ടില്ല.