ഇടുക്കി: പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി ഇടതിനെ കൈവിടുന്ന കാഴ്ചയാണ് ഇടുക്കി ജില്ലയിൽ കണ്ടത്. ഒരു കാലത്ത് യുഡിഎഫിന്റെ കുത്തകയായിരുന്ന ജില്ലാ പഞ്ചായത്ത് 2020ൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ കരുത്തിൽ പിടിച്ച എൽഡിഎഫിന് ഇത്തവണ ജില്ലാ പഞ്ചായത്ത് നിലനിർത്തനായില്ല. 17ൽ മൂന്ന് ഡിവിഷനുകളിൽ മാത്രമാണ് ചെങ്കൊടി പാറിയത്. ബാക്കി 14 ഡിവിഷനുകളിലും യുഡിഎഫ് വ്യക്തമായ ലീഡോടെ വിജയിച്ചു. ദേവികുളം, രാജാക്കാട്, നെടുങ്കണ്ടം ഡിവിഷനുകളിൽ മത്സരിച്ച സിപിഎം സ്ഥാനാർഥികൾ മാത്രമാണ് എൽഡിഎഫിൽ ജയിച്ചത്. ഒരൊറ്റ കേരളാ കോൺഗ്രസ് എം സ്ഥാനാർഥിയെ പോലും വിജയിപ്പിച്ചെടുക്കാൻ എൽഡിഎഫിന് സാധിച്ചില്ല. റോമിയോ സെബാസ്റ്റ്യൻ അടക്കമുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാക്കളടക്കം പരാജയപ്പെട്ടു.

To advertise here,

16 ആയിരുന്ന ജില്ലാ പഞ്ചായത്ത് സീറ്റ് ഇക്കുറി 17 ആയി വർധിച്ചിരുന്നു. വെള്ളത്തൂവൽ ഡിവിഷനാണ് പുതുതായി ചേർത്തത്. ഇവിടെയും യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. 14 സീറ്റുകളുടെ വ്യക്തമായ ആധിപത്യത്തിലാണ് യുഡിഎഫ് ഇത്തവണ ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിച്ചത്.

2010-ൽ യുഡിഎഫ് ഒറ്റയ്ക്കും 2015-ൽ വലിയ ഭൂരിപക്ഷത്തിലുമാണ് യുഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത്. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയത് 2020ൽ എൽഡിഎഫിന് ഗുണം ചെയ്തിരുന്നു. 16-ൽ 10 സീറ്റ് നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഹൈറേഞ്ചിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽപോലും അന്ന് എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇതെല്ലാം ഇത്തവണ മാറിമറിഞ്ഞു. ഇടതുകോട്ടകൾ പോലും യുഡിഎഫ് അനായാസം കൈപ്പിടിയിലൊതുക്കി. അടിമാലി ഡിവിഷനിൽ ഡിസിസി അംഗമായിരുന്ന ഇൻഫന്റ് തോമസ് വിമതനായി മത്സരിച്ചത് എൽഡിഎഫിന് അനുകൂലമാക്കാൻ സാധിച്ചില്ല. ഇവിടെ കോൺഗ്രസിന്റെ ടി.എസ്. സിദ്ദിഖ് വിജയിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തവണ കോൺഗ്രസിന്റെ തേരോട്ടമായിരുന്നു. എട്ടു ബ്ലോക്ക് പഞ്ചായത്തുകളിൽ നാലുവീതമായിരുന്നു ഇരുമുന്നണികൾക്കും. ഇത്തവണ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് പിടിച്ചെടുത്തു. ദേവികുളം മാത്രമാണ് ഇടതിനൊപ്പം നിന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. അടിമാലി, ഇടുക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ട് ഡിവിഷനുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. ബാക്കി 12 സീറ്റുകളിലും യുഡിഎഫ് വ്യക്തമായ വിജയം നേടി. അഴുത ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് സീറ്റുകൾ മാത്രമാണ് എൽഡിഎഫ് നേടിയത്.

കേരള കോൺഗ്രസ് എമ്മിന്റെ കരുത്തിൽ ഇത്തവണയും ജില്ലാ പഞ്ചായത്തും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളും പിടിച്ചെടുക്കാമെന്ന എൽഡിഎഫ് പ്രതീക്ഷകൾ ഇടുക്കിയിൽ ഫലം കണ്ടില്ല. കോൺഗ്രസിലെ ചേരിപോരുകളും എൽഡിഎഫിന് അനുകൂലമായില്ല. യുവതയ്ക്ക് പ്രാതിനിധ്യം കൊടുക്കാനുള്ള യുഡിഎഫ് നീക്കം ജനങ്ങൾ ഏറ്റെടുത്തു. ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് നിർത്തിയ യുവ നിരയിലെ ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, ടോണി തോമസ് തുടങ്ങിയവർ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ വ്യക്തമായ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയതും യുഡിഎഫിന് കരുത്ത് പകരുന്നു.

ഭൂവിഷയങ്ങൾ എക്കാലത്തും വോട്ട് വിഷയമാകുന്ന ജില്ലയാണ് ഇടുക്കി. വന്യമൃഗശല്യവും കൃഷിനാശവും അടക്കമുള്ള വിഷയങ്ങളിൽ ഇടുക്കിയുടെ ശബ്ദമാകാൻ എൽഡിഎഫിന് കഴിയാതെ പോയതിന്റെ ജനവിധിയാണ് ഇത്തവണയുണ്ടായതെന്നും വിലയിരുത്തലുകളുണ്ട്.