കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. സ്വതന്ത്രകൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തിന് രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. എന്നാൽ ആ ധാരണയിൽ കൗൺസിലർമാർക്കിടയിൽ അതിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനും പ്രതികരിച്ചു. വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച ഡിമാൻഡ് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ആറ് മാസം കഴിയുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം പുളിക്കക്കണ്ടം കുടുംബത്തിന് നൽകാനായിരുന്നു തീരുമാനം. അതായത് ആറ് മാസം പൂർത്തിയാവുമ്പോൾ ദിയ പുളിക്കകണ്ടം ചെയർപേഴ്‌സണായി തുടരുകയും വൈസ് ചെയർമാനായി അതേ കുടുംബത്തിലെ ബിനു പുളിക്കക്കണ്ടം വൈസ് ചെയർമാനാവുകയും ചെയ്യും. ഈ രണ്ട് സ്ഥാനവും ഒരു കുടുംബത്തിൽ തന്നെയാവുന്നത് പറ്റില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. അതുകൊണ്ട് ആറ് മാസം കഴിയുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 ഉം യുഡിഎഫിന് 10 ഉം കൗൺസിലർമാരുണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരുടെ ഉൾപ്പടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്.