നിയമസഭയിലെ പരാജയത്തിന് പിന്നാലെ കട്ടപ്പന നഗരസഭയിലും ഇഎം അഗസ്തിയെ ജനം കൈവിട്ടു. മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇ.എം. അഗസ്തി ജനവിധി തേടുന്നു എന്നതിനാൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒന്നായി കട്ടപ്പന നഗരസഭ മാറിയിരുന്നു. 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്.

To advertise here,

സി.പി.എം. ലോക്കൽ സെക്രട്ടറിയായ സി.ആർ. മുരളി ജനകീയ നേതാവായിട്ടാണ് അറിയപ്പെടുന്നത്. ഈ ജനകീയത വോട്ടാക്കി മുൻ എംഎൽഎ കൂടിയായ അഗസ്തി യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി കൂടിയായിരുന്നു.

നഗരസഭയായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു കട്ടപ്പനയിൽ വിജയം. ഇത്തവണ യുഡിഎഫിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ നിലവിൽ യുഡിഎഫിന് അനുകൂലമാണ് സ്ഥിതിയെങ്കിലും കേവലഭൂരിപക്ഷത്തിലേക്ക് എത്തുമോ എന്നത് ചോദ്യമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഗസ്തി എൽഡിഎഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഒന്നാകെ ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പൻചോല. മുൻ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണിയായിരുന്നു ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർഥി. പ്രതിരോധിക്കാൻ മുതിർന്ന നേതാവ് ഇ.എം. അഗസ്തിയെ കോൺഗ്രസ് കളത്തിലിറക്കി. 20,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടി എം.എം. മണി വിജയിക്കുമെന്ന ഒരു സർവേയുണ്ടായിരുന്നു. പോരാട്ടം കടുത്തപ്പോൾ ആവേശം കൂട്ടി അഗസ്തിയുടെ പഞ്ച് ചലഞ്ചുമെത്തി. ഉടുമ്പൻചോലയിൽ മണി ജയിച്ചാൽ തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്. തിരഞ്ഞെടുപ്പിൽ 30,000-ത്തിൽ പരം വോട്ടുകൾക്ക് എം.എം. മണി ജയിച്ചു. പിന്നാലെ അഗസ്തി മൊട്ടയടിച്ചു. തിരഞ്ഞെടുപ്പിനെ ഒരു മത്സരമായി കണ്ടാൽ മതിയെന്നും അഗസ്തി മൊട്ടയടിക്കാൻ മുതിരരുതെന്നും എം.എം. മണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാക്കുകൾ പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് വേളാങ്കണ്ണിയിലെത്തി അഗസ്തി തല മൊട്ടയടിക്കുകയുമായിരുന്നു.

അപ്രതീക്ഷിതമായായിരുന്നു നഗരസഭയിലേക്കുള്ള അഗസ്തിയുടെ പ്രവേശനം. . എ ഗ്രൂപ്പിലെ ജോയി വെട്ടിക്കുഴിയായിരുന്നു നഗരസഭാധ്യക്ഷനാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഇത് തടയാനാണ് അഗസ്തിയെ രംഗത്ത് ഇറക്കുന്നതെന്ന് ആരോപിച്ച് എ ഗ്രൂപ്പ് സ്ഥാനാർഥിത്വത്തെ എതിർത്തു.