അങ്കമാലി: യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സര രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് വിത്സൺ മുണ്ടാടൻ. കന്നിയങ്കത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ജയിക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. ആദ്യ മത്സരത്തിൽ ഏറ്റുമുട്ടേണ്ടിവന്നത് പ്രമുഖരുമായാണ്. 2005-ൽ കന്നിയങ്കത്തിൽ അങ്കമാലി നഗരസഭ 18-ാം വാർഡിൽനിന്ന് 122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിത്സൺ മുണ്ടാടൻ വിജയിച്ചുകയറി.
പിന്നീട് തുടർച്ചയായി മൂന്നുവട്ടംകൂടി സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. രണ്ടുവട്ടം 18-ാം വാർഡിൽനിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവട്ടം ഒൻപതാം വാർഡിൽനിന്നും വിജയിച്ചുകയറി. ഇക്കുറിയും വിത്സൺ സ്വതന്ത്രനായിത്തന്നെ മത്സര രംഗത്തുണ്ട്. ഇത്തവണ 20-ാം വാർഡിലാണ് മത്സരിക്കുന്നത്.
യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു വിത്സൺ മുണ്ടാടൻ. ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യൂത്തിന് അർഹമായ പരിഗണന കിട്ടാതെ വന്നപ്പോഴാണ് 36-ാം വയസ്സിൽ സ്വതന്ത്രനായി മത്സരിക്കുന്നത്.
2005-ൽ വിജയിച്ചപ്പോൾ വിത്സൺ മുണ്ടാടനെ കോൺഗ്രസ് ഒപ്പംകൂട്ടി. മൂന്നര വർഷക്കാലം വൈസ് ചെയർമാനായി. 2010-ൽ നാലുവർഷക്കാലം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2015-ൽ എൽഡിഎഫ് ആണ് നഗരസഭ ഭരിച്ചത്. അന്നത്തെ ചെയർപേഴ്സണെയാണ് 2020-ൽ വിത്സൺ മുണ്ടാടൻ സ്വതന്ത്രനായി മത്സരിച്ച് തോൽപ്പിച്ചത്.
അഞ്ചാംവട്ടവും ജനങ്ങൾ തന്നോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് വിത്സൺ. ജനങ്ങളോടൊപ്പം നിൽക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നതിനാലാണ് സ്വതന്ത്രനായി മത്സരിക്കുന്ന തന്നെ പല വാർഡുകളിൽനിന്ന് വിജയിപ്പിച്ചതെന്ന് വിത്സൺ മുണ്ടാടൻ പറയുന്നു.
Content Highlights: Learn about Wilson Mundadan, a 4-time independent winner in Angamaly Municipality who protested for youth recognition. He`s running again!
Published: 21 Nov 2025, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented