കൊച്ചി: എറണാകുളം പറവൂർ ബ്ലോക്ക് പഞ്ചായത്ത് കെടാമംഗലം ഡിവിഷനിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർഥിയുമായ നിമിഷ രാജുവിന് പരാജയം. യുഡിഎഫ് സ്ഥാനാർഥി പി. പത്മകുമാരിയോട് 308 വോട്ടുകൾക്കാണ് അവർ തോറ്റത്. തുടക്കംമുതൽ തന്നെ നിമിഷയുടെ സ്ഥാനാർഥിത്വം മുന്നണിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു.

To advertise here,

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.എം. ആർഷോക്കെതിരേ പരാതി കൊടുത്ത വനിത നേതാവായ നിമിഷ രാജുവിന്റെ സ്ഥാനാർഥിത്വത്തെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും എതിർത്തെങ്കിലും അത് അവഗണിച്ചുകൊണ്ടായിരുന്നു സിപിഐ പ്രഖ്യാപനം നടത്തിയത്.

സിപിഎം എതിർപ്പ് അവഗണിച്ച് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സിപിഐക്കുള്ളിലെ ഭിന്നതകളും പുറത്തേക്ക് വന്നു. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സിപിഐയിൽ രാജി ഭീഷണിയും ഭിന്നതയും ഉടലെടുത്തിരുന്നു.

2021-ലെ എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ ജാതിപ്പേര് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമായിരുന്നു നിമിഷയുടെ പരാതി. സംഭവത്തിൽ ആർഷോയ്ക്കെതിരെ നിമിഷ പൊലീസ് പരാതി നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

നിലവിൽ സിപിഐ പറവൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി നിലകളിൽ പ്രവർത്തിക്കുകയാണ് നിമിഷ രാജു. അഭിഭാഷകയും സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്റെ മരുമകളും ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡിവിൻ ദിനകരന്റെ ഭാര്യയുമാണ് നിമിഷ.