തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കംപാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ലെന്നും പിണറായി പറഞ്ഞു. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി-കോൺഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.
2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.
-----------------------------------------------------------------------------------------------------
മറ്റത്തൂരിൽ സംഭവിച്ചത് ഇത്
തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസാധ്യത അട്ടിമറിച്ച് ബിജെപി-കോൺഗ്രസ് അംഗങ്ങൾ കൈകോർക്കുകയായിരുന്നു. കോൺഗ്രസ് വിമതയായി മത്സരിച്ചുജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെയാണ് കോൺഗ്രസ്, എൻഡിഎ അംഗങ്ങൾ ചേർന്ന് പ്രസിഡന്റായി തിരഞ്ഞെടുത്തത്. എൽഡിഎഫ് 10, യുഡിഎഫ് എട്ട്, എൻഡിഎ നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടെടുപ്പിനു തൊട്ടുമുമ്പ് അപ്രതീക്ഷിതനീക്കത്തിലൂടെ എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിസ്ഥാനം രാജിവെച്ചതായി പ്രഖ്യാപിച്ച് ടെസി ജോസിന് പിന്തുണ നൽകി.
എൻഡിഎയിലെ നാല് അംഗങ്ങളിൽ മൂന്നുപേരും ടെസി ജോസിന് വോട്ടുചെയ്തതോടെ ആകെ 12 വോട്ട് ലഭിച്ചു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. 10 അംഗങ്ങളുള്ള എൽഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതൻ കെ.ആർ. ഔസേഫിന് 11 വോട്ടാണ് ലഭിച്ചത്.
Content Highlights: pinarayi vijayan on mattathoor panchayat president election
Published: 28 Dec 2025, 01:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented