കുമരകം (കോട്ടയം): രാഷ്ട്രീയകേരളത്തിന് ഞെട്ടലുണ്ടാക്കിയാണ് കുമരകം പഞ്ചായത്തിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് സ്വതന്ത്രനെ പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ചത്. മുൻ സിപിഎം പ്രവർത്തകനും ഇപ്പോൾ സ്വതന്ത്രനുമായ എ.പി.ഗോപിയാണ് പ്രസിഡന്റായത്. വരുംദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയവിവാദം ആകുമെന്ന അറിയിപ്പ് നൽകി സിപിഎം എതിരാളികൾക്ക് എതിരേ ആഞ്ഞടിച്ചു.
അതേസമയം, വിപ്പ് ലംഘിച്ചാണ് വോട്ടിങ് നടന്നതെന്നും ബന്ധത്തെ അംഗീകരിക്കില്ലെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അറിയിച്ചു. വിപ്പ് ലംഘിച്ച അംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കും. അംഗങ്ങൾക്ക് വാട്സാപ്പിൽ വിപ്പ് അയച്ചിരുന്നു. ഇത് കൈപ്പറ്റാത്ത അംഗങ്ങളുടെ വീടിന്റെ ഭിത്തിയിൽ വിപ്പ് പതിപ്പിച്ചതായും ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ പറഞ്ഞു.
മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അധികാര മോഹത്താലാണ് വർഗീയ പാർട്ടിയുമായി സഖ്യം ചേർന്നതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. വർഗീയകക്ഷികളുമായി കോൺഗ്രസ് കേരളത്തിലുണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ല.
16 അംഗ പഞ്ചായത്തിലെ കക്ഷിനില ഇങ്ങനെ ആയിരുന്നു: എൽഡിഎഫ്-8, യുഡിഎഫ്- 4, എൻഡിഎ- 3, മറ്റുള്ളവർ- 1. എട്ട് അംഗങ്ങളുമായി ഏറ്റവുംവലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഭരണം നേടാനാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷ തകർത്താണ് പുതിയ കൂട്ടായ്മ രൂപപ്പെട്ടത്. യുഡിഎഫും ബിജെപിയും ചേർന്ന് സ്വതന്ത്ര അംഗത്തിന് വോട്ട് രേഖപ്പെടുത്തുകയും പിന്നാലെ നടന്ന നറുക്കെടുപ്പിലൂടെ ഗോപി പ്രസിഡന്റാവുകയുമായിരുന്നു.
പാർട്ടി കോട്ടയായ കുമരകത്ത് ഈ നീക്കം എൽഡിഎഫിന് മുൻകൂട്ടി കാണാനുമായില്ല. 2005-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ കാരണക്കാരായ വ്യക്തികൾക്ക് എതിരേ പാർട്ടി നടപടി എടുത്തില്ലെന്ന കാരണത്താൽ 2005 മുതൽ സിപിഎമ്മിൽനിന്ന് വിട്ടുനിൽക്കുന്ന എ.പി.ഗോപി 2010-ൽ സ്വതന്ത്രനായി വിജയിച്ചിരുന്നു. 2015-ൽ രണ്ടാംതവണയും വിജയിച്ച ഇദ്ദേഹം 2020-ൽ പരാജയപ്പെട്ടു.
ഇക്കുറി രണ്ടാംവാർഡിൽനിന്നാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ ഉണ്ടായില്ല. ഗോപി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. എൽഡിഎഫിന്റെ രമ്യാ ഷിജോ വൈസ്‌പ്രസിഡന്റായി.
Content Highlights: kumarakom panchayat udf nda alliance panchayat president election
Published: 28 Dec 2025, 10:23 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented