കടമക്കുടി: ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. എൽസിജോർജിന്റെ പത്രിക തള്ളിയത് കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരെയും ഒരുപോലെ വെട്ടിലാക്കി. നിലവിൽ എൽഡിഎഫും എൻഡിഎയും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.

To advertise here,

ജില്ലാ പഞ്ചായത്തിലേക്ക് എന്തുനിലപാട് എടുക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു വ്യക്തതയുമില്ല. എന്തുനിലപാടെടുത്താലും അതു വിമർശനങ്ങൾക്ക് ഇടയാക്കുമെന്നതും നേതൃത്വത്തിന് തലവേദനയാണ്. ഇതിനോടകംതന്നെ ജില്ല-ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് സ്ഥാനാർഥിത്വം തള്ളുന്നതിനു കാരണമെന്ന വിമർശനവും ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നുമുണ്ട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ എൽസിജോർജിന്റെ പത്രികസമർപ്പണ വേളയിൽ പ്രധാന കോൺഗ്രസ് നേതൃത്വം ഉണ്ടായിരുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. നാമനിർദേശം ചെയ്തത് എൽസിജോർജിന്റെ മരുമകളാണ്. ഇവർതന്നെയാണ് നാമനിർദേശപത്രിക പൂരിപ്പിച്ചതും. എന്നാൽ ഇക്കാര്യത്തിൽ യാതൊരു പരിശോധനയും നടത്താൻ ചുമതലപ്പെട്ട കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ജില്ലാ പഞ്ചായത്തിലേക്ക് ആർക്ക് വോട്ടുചെയ്യുമെന്നതാണ് ഡിവിഷനിലെ കോൺഗ്രസ് പ്രവർത്തകരെ അലട്ടുന്ന പ്രധാന വിഷയം. ബിജെപി-കോൺഗ്രസ് ധാരണയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതൃത്വം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടാതിരുന്നതെന്ന വിമർശനംതന്നെ എൽഡിഎഫ് ഉയർത്തുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെടുകയോ വോട്ട് ഉയരുകയോ ചെയ്താൽ സംസ്ഥാനതലത്തിൽ തന്നെ അതു ചൂടുപിടിച്ച രാഷ്ട്രീയവിവാദങ്ങൾക്ക് ഇടനൽകുമെന്ന പ്രതിസന്ധിയും കോൺഗ്രസ് നേതൃത്വം നേരിടുന്നുണ്ട്.

ജില്ല-ബ്ലോക്ക് നേതൃത്വത്തിനെതിരേ പരാതി നൽകി മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി

കടമക്കുടി: ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ നേതൃത്വത്തിനെതിരേ പരാതി നൽകി മുൻ വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി.

ജില്ല-ബ്ലോക്ക് നേതൃത്വത്തിന്റെ കുറ്റകരമായ അനാസ്ഥയാണ് കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ കടമക്കുടി ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിയതെന്ന് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. റെബിൻസൻ മണവാളൻ കോൺഗ്രസ് നേതാക്കൾക്ക് നൽകിയ പരാതിയിൽ പറയുന്നു.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ അടുത്തയിടെ കോൺഗ്രസ് പദവികളിൽനിന്നും രാജിവെച്ചയാളാണ് റെബിൻസൻ മണവാളൻ. രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുടെ പത്രിക സമർപ്പിക്കുന്ന വേളയിൽ കോൺഗ്രസ് നേതാക്കൾ എത്താതിരുന്നത് ദുരൂഹമാണെന്നും റെബിൻസൻ ആരോപിച്ചു.