കടമക്കുടി(കൊച്ചി): ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയും നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എൽസി ജോർജിന്റെ നാമനിർദേശപത്രിക തള്ളി. പത്രികയിൽ നാമനിർദേശം ചെയ്തിട്ടുള്ളയാൾ ഡിവിഷന്റെ പരിധിക്ക് പുറത്തുള്ള വോട്ടറാണെന്നതാണ് പത്രിക തള്ളാൻ കാരണമായത്.

To advertise here,

കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകളും മുളവുകാട് പഞ്ചായത്തിന്റെ ഏഴുവാർഡുകളും ഏഴിക്കര പഞ്ചായത്തിലെ ഒരു ബ്ലോക്ക് ഡിവിഷനും ഉൾപ്പെട്ടതാണ് കടമക്കുടി ഡിവിഷൻ. എൽസി ജോർജ് നൽകിയിട്ടുള്ള മൂന്ന് പത്രികകളിലും നാമനിർദേശം ചെയ്തിട്ടുള്ളത് ഒരേ ആളാണ്. ഡമ്മിയായി സ്ഥാനാർഥിയുണ്ടായിരുന്നില്ല.

കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റാണ് ഇവിടെ സിപിഎമ്മിന്റെ സ്ഥാനാർഥി. രജനിപ്രതാപനാണ് ബിജെപി സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥികൾ തുടർച്ചയായി മത്സരിച്ചുവിജയിക്കുന്ന ഡിവിഷനാണ് കടമക്കുടി.

'തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ദുഷ്ടലാക്കോടെ പ്രവർത്തിക്കരുത്'

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

എൽസി ജോർജിന്റെ പത്രിക നൽകുന്ന വേളയിൽ പിന്താങ്ങിയ ആളുടെ വോട്ട് സംബന്ധിച്ച സംശയം അപ്പോൾതന്നെ സ്ഥാനാർഥിയും ഒപ്പമുള്ളവരും അവിടെ ബോധിപ്പിച്ചതാണ്. ചുമതലയുള്ള ഉദ്യോഗസ്ഥർ രണ്ടുതവണ വോട്ടർപട്ടിക പരിശോധിച്ചശേഷമാണ് പത്രിക സ്വീകരിച്ചത്.

പിന്നീട് വീണ്ടും സംശയം തോന്നി സ്ഥാനാർഥിയും ഒപ്പമുള്ളവരും കളക്ടറേറ്റിൽ എത്തിയപ്പോൾ അവരെ പോലീസ് അകത്തേക്ക് കയറ്റിവിട്ടിരുന്നില്ല. ഇതിൽനിന്നും ബോധപൂർവമായ ക്രമക്കേട് നടത്തുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നത് വ്യക്തമാണ്. വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും ഏതറ്റംവരെയും പോകുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.