കാക്കനാട്: നാടകീയതയും ബഹളവും ആകാംക്ഷയും മുറുകിയ മണിക്കൂറുകൾക്കൊടുവിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാനാർഥികളുടെ നാമനിർദേശപത്രികയിൽ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിൽ 520 പത്രികകൾ തള്ളി.

To advertise here,

ചിലയിടങ്ങളിൽ രാഷ്ടീയപാർട്ടികളുടെ ബഹളം കാരണം പത്രികകളുടെ സൂക്ഷ്മപരിശോധന കുറേനേരം തടസ്സപ്പെട്ടു. ഗുരുതരമായ കാരണങ്ങൾ കണ്ടെത്തിയാൽ മാത്രമേ പത്രിക തള്ളാൻ പാടുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ടായിരുന്നതിനാൽ നിസ്സാരകാരണങ്ങൾ ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥികളുടെ പത്രികകൾ നിരസിക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടത് ഉദ്യോഗസ്ഥരെ വലച്ചു.

ജില്ലയിലെ പല തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വരണാധികാരികൾ കർശന നിലപാട് സ്വീകരിച്ചാണ് വൈകീട്ടോടെയെങ്കിലും സൂക്ഷ്മപരിശോധന പൂർത്തിയാക്കിയത്. സൂക്ഷ്മപരിശോധനയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് ഉൾപ്പെടെയുള്ള സ്ഥാനാർഥികളുടെ ആറുപത്രികകളാണ് നിരസിച്ചത്.

82 ഗ്രാമപ്പഞ്ചായത്തുകളിലായി 382 പത്രികകളും 13 മുനിസിപ്പാലിറ്റികളിലായി 56 പത്രികകളും 14 ബ്ലോക്ക് പഞ്ചായത്തുകളിൽ 48 പത്രികകളും നിരസിച്ചു.

കൊച്ചി കോർപ്പറേഷനിൽ 28 പത്രികകൾ തള്ളി. ശനിയാഴ്ച രാത്രി 11 വരെയുള്ള കണക്കാണിത്. പലയിടങ്ങളിലും സൂക്ഷ്മ പരിശോധന വൈകിയതിനാൽ സ്വീകരിച്ച പത്രികകളുടെയും നിരസിച്ച പത്രികകളുടെയും എണ്ണം അപ്‌ലോഡ് ചെയ്യുന്ന നടപടി രാത്രി വൈകിയും തുടരുകയാണ്. അവസാന കണക്ക് ഞായറാഴ്ച പുലർച്ചയെ ലഭിക്കുകയുള്ളു. തിങ്കളാഴ്ച വരെ പത്രികകൾ പിൻവലിക്കാം.