ആലപ്പുഴ: ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിൽ ഹരിപ്പാട് ഒഴികെ എട്ടും എൽ.ഡി.എഫിന്റെ കൈയിലാണെങ്കിലും അവിടങ്ങളിലേക്ക് യു.ഡി.എഫ്. കടന്നുകയറുന്നതാണ് തദ്ദേശതിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഇതു വ്യക്തമാണ്. അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. മേൽക്കൈ നിലനിർത്തി. കായംകുളത്ത് ഇരുമുന്നണികളും തുല്യനിലയിലാണ്. ഹരിപ്പാട്ട് യു.ഡി.എഫ്. മേധാവിത്വം തുടരുന്നു. തദ്ദേശഫലമനുസരിച്ച് ഒൻപതു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്ത് യു.ഡി.എഫിനു മേൽക്കൈയുണ്ട്.

To advertise here,

അരൂർ മണ്ഡലത്തിലെ ആകെ 10 പഞ്ചായത്തുകളിൽ ഏഴിടത്തും എൽഡിഎഫാണു ജയിച്ചത്. ചേർത്തല മണ്ഡലത്തിനു കീഴിലെ എട്ടു തദ്ദേശ സ്ഥാപനങ്ങളിൽ നഗരസഭ ഉൾപ്പെടെ അഞ്ചിടത്തു വിജയിക്കാനും അവർക്കു കഴിഞ്ഞു.

ആലപ്പുഴ മണ്ഡലത്തിൽ നഗരസഭയിലെ 28 വാർഡുകളും നാലു ഗ്രാമപ്പഞ്ചായത്തുകളുമാണ് വരുന്നത്. ഇതിൽ നഗരസഭയിലെ 12 വാർഡിൽ എൽ.ഡി.എഫ്. ജയിച്ചു. നാലു ഗ്രാമപ്പഞ്ചായത്തുകളും നിലനിർത്തി. നഗരത്തിലെ 11 വാർഡുകളിലാണ് യു.ഡി.എഫ്. മുൻതൂക്കം. അഞ്ചിടത്ത് എൻ.ഡി.എ.യാണ്. അമ്പലപ്പുഴ മണ്ഡലം ഉൾപ്പെടുന്ന 25 നഗരവാർഡുകളിൽ 13 ഉം യു.ഡി.എഫ്. നേടി. രണ്ടു ഗ്രാമപ്പഞ്ചായത്തുകളിലും ജയിക്കാനായി.

കുട്ടനാട് മണ്ഡലത്തിലെ 13 പഞ്ചായത്തുകളിൽ എട്ടിലും യു.ഡി.എഫ്. വിജയിച്ചു. ഒരിടത്ത് തുല്യതയാണ്. ഹരിപ്പാടു മണ്ഡലത്തിൽ നഗരസഭ ഉൾപ്പെടുന്ന അഞ്ചു തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ്. മേൽക്കൈ നേടി. രണ്ടിടത്തു തുല്യതയിലെത്താനും കഴിഞ്ഞു. മൂന്നു ഗ്രാമപ്പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിനു മുൻതൂക്കം.

കായംകുളം മണ്ഡലത്തിലെ ഏഴു തദ്ദേശ സ്ഥാപനങ്ങളിൽ നഗരസഭയിലും ഒരു പഞ്ചായത്തിലും യു.ഡി.എഫ്. ഭരണം പിടിച്ചു. ബാക്കി അഞ്ചിടത്തും എൽ.ഡി.എഫാണ്. ഇവിടെ ഇരുമുന്നണികളും തുല്യ രീതിയിലാണ്. മാവേലിക്കര മണ്ഡലത്തിലെ നഗരസഭാഭരണത്തിനു പുറമേ മൂന്നു ഗ്രാമപ്പഞ്ചായത്തുകളിൽ തുല്യതയിലെത്താനും യു.ഡി.എഫിനായി. നാലു ഗ്രാമപ്പഞ്ചായത്തു വിജയം മാത്രമാണ്‌ എൽ.ഡി.എഫിന് ആശ്വാസം.

മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ ആകെയുള്ള 11 തദ്ദേശ സ്ഥാപനങ്ങളിൽ നഗരസഭയും മൂന്നു ഗ്രാമപ്പഞ്ചായത്തും യു.ഡി.എഫ് നേടി. ഒരു പഞ്ചായത്തിൽ തുല്യതയിലെത്താനുമായി. ഇവിടെ എൻ.ഡി.എ.യും എൽ.ഡി.എഫും മൂന്നു ഗ്രാമപ്പഞ്ചായത്തുവീതം നേടിയിട്ടുണ്ട്.