ആലപ്പുഴ: സീറ്റു നൽകാത്തതിന്റെ പേരിൽ കഴിഞ്ഞ തവണ വിമതരായി മത്സരിച്ചവരെയും ഇടഞ്ഞവരെയും ഒപ്പംകൂട്ടി വോട്ടുറപ്പിക്കാൻ പാർട്ടികളുടെ തകൃതിയായ ശ്രമം. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർഥിനിർണയത്തിൽ ഇതു വ്യക്തമാണ്.
ആലപ്പുഴ ലജ്നത്ത് വാർഡിൽ സിപിഎം സ്ഥാനാർഥിയായി നിശ്ചയിച്ചത് മുഹമ്മദ് ഷിറാസിനെയാണ്. കഴിഞ്ഞതവണ സീറ്റു നൽകാത്തതിന്റെ പേരിൽ വിമതനായി മത്സരിച്ചയാളാണ് ഷിറാസ്. അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയപ്പോൾത്തന്നെ ഒരുവിഭാഗം ഇക്കാര്യം ഉന്നയിച്ചു. എന്നാൽ, ജയസാധ്യത പരിഗണിച്ച് നേൃത്വം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
തിരുമല വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ടി.എ. വാഹിദാണ് മറ്റൊരാൾ. കഴിഞ്ഞ തവണ സീറ്റു നൽകാത്തതിനാൽ മുല്ലയ്ക്കൽ വാർഡിൽ സ്വതന്ത്രനായി ജനവിധി തേടി വാഹിദ് ഒട്ടേറെ വോട്ടു പിടിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ കനത്ത തോൽവിയായിരുന്നു അനന്തരഫലം. ഇതെല്ലാം കണക്കിലെടുത്താണ് ഇത്തവണ അദ്ദേഹത്തിനു സീറ്റു നൽകിയതെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം.
തോണ്ടൻകുളങ്ങര വാർഡിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് ബി. മെഹബൂബിനെയാണ്. പാർട്ടിയോടിടഞ്ഞ് കഴിഞ്ഞതവണ അദ്ദേഹം പൂന്തോപ്പ് വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. സീറ്റുറപ്പായതോടെ കൗൺസിലർ സ്ഥാനം രാജിവെച്ച് മെഹബൂബ് കോൺഗ്രസിലേക്കു മടങ്ങി.
കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ കുറ്റവിമുക്തനായിട്ടും തിരിച്ചെടുക്കാതിരുന്ന ലതീഷ് ബി. ചന്ദ്രനെ കഴിഞ്ഞദിവസം സിപിഎം തിരിച്ചെടുത്തു. കഴിഞ്ഞതവണ മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിൽ സ്വതന്ത്രനായി ലതീഷ് ജയിച്ചിരുന്നു. മുൻപ് നടപടി നേരിട്ടവരെ പരമാവധി ഉൾക്കൊള്ളാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമാണ് ലതീഷിന്റെ തിരിച്ചുവരവും.
വിമതർക്ക് അവസാനമില്ല
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ വിമതരായവരെ ഒപ്പംകൂട്ടിയെന്നു കരുതി നേതാക്കൾ ആശ്വസിക്കേണ്ടാ. സ്ഥാനാർഥിനിർണയം ഏറക്കുറെ പൂർത്തിയായപ്പോൾ പലയിടത്തും മുറുമുറുപ്പ് തുടങ്ങി. സീറ്റുകിട്ടാത്തവരിൽ ചിലർ സ്വതന്ത്രരായി ഇറങ്ങിയേക്കും. നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കാനുള്ള തീയതിയും കഴിഞ്ഞാലേ ചിത്രം വ്യക്തമാകൂ.
Content Highlights: Strategic Move: CPM and Congress working to secure votes by wooing back rebel and alienated leaders ahead of local body elections
Published: 16 Nov 2025, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented