ആലപ്പുഴ: ചില വാർഡുകളുടെ പേരുകൾ മറ്റു നാടുകളിലുള്ളവരെ ചിരിപ്പിക്കും, ചിലത് ചരിത്രം പറയിക്കും. ചിലതു കേട്ടാൽ ഇതൊരു വാർഡിന്റെ പേരാണോ എന്നു തോന്നും. അങ്ങനെ ചിലത് ജില്ലയിലുമുണ്ട്. മൾട്ടി പർപ്പസ് മുതൽ സ്വിച്ച് ഗിയർ വരെ വാർഡുകളുടെ പേരുകളിൽ ഇടംപിടിക്കും.

To advertise here,

സ്ഥലത്തിന്റെ പ്രത്യേകത, അവിടെയുണ്ടായിരുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ, ഇപ്പോഴുള്ള സ്ഥാപനങ്ങൾ, ചില റോഡുകളുടെ പേര്, ചരിത്രത്തിന്റെ ഭാഗമായുണ്ടായ പേരുകൾ എന്നിങ്ങനെ പലവിധ ഘടകങ്ങളാണ് പേരിനു പിന്നിൽ. ചില പേരുകൾക്കു പിന്നിൽ എന്താണെന്ന് ആർക്കും കാര്യമായ പിടിയില്ല. പലരും പല കഥകൾ പറയും. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടും പേരുകൾ വന്നിട്ടുണ്ടാകാം.

അരൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ പേരാണ് ‘മൾട്ടി പർപ്പസ്’. ദേശീയപാതയിൽനിന്ന് അരൂക്കുറ്റി റോഡിലേക്കു കയറുന്ന ഇടറോഡിന്റെ പേരാണിത്. ഇവിടെ ഇതേപേരിലൊരു സൊസൈറ്റിയുമുണ്ട്. ഇതാണ് വാർഡിനും ഈ പേരുവന്നതിനു കാരണം. രാജഭരണകാലത്ത് കുതിരപ്പന്തയത്തിനെത്തിയിരുന്ന കുതിരകളെ പാർപ്പിച്ചിരുന്ന സ്ഥലമാണ് പിന്നീട് ‘കുതിരപ്പന്തി’യെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആലപ്പുഴ നഗരസഭയിലെ 25-ാം വാർഡാണിത്. പ്രശസ്തമായ ജലമേള ‘നെഹ്‌റുട്രോഫി’യുടെ പേരിലുമുണ്ട് ആലപ്പുഴ നഗരസഭയിൽ വാർഡ്. പുലിയൂർ പഞ്ചായത്തിൽ ലങ്കയുണ്ട്. പാടശേഖരത്തിന്റെ നടുവിൽ ദ്വീപുപോലെയൊരു സ്ഥലമായിരുന്നു പണ്ട് ഇത്. അതുകൊണ്ട് ലങ്കയെന്നു പേരു വന്നതാണത്രേ. ഇപ്പോൾ അവിടെയെല്ലാം റോഡുകളായി.

ചേർത്തല നഗരസഭയിലുണ്ട് ‘ശില്പി’യും ‘എക്സ്-റേ’യും. അവിടത്തെ ഒരു വായനശാലയുടെ പേരാണ് ശില്പി. താലൂക്കിൽ ആദ്യമായി എക്സ്-റേ സംവിധാനം ആരംഭിച്ച ആശുപത്രിയുടെ പേര് എക്സ്‌-റേ എന്നാണ്. അവിടത്തെ ജങ്ഷനും ഇതേപേരുണ്ട്.

മാന്നാർ ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിന്റെ പേരാണ് മറ്റൊരാകർഷണം. ‘സ്വിച്ച് ഗിയർ’- ഒരു സൊസൈറ്റിയുടെ പേരാണ് വാർഡിനു നൽകിയത്. പുന്നപ്ര ഗ്രാമപ്പഞ്ചായത്തിൽ ‘ഫിഷ്‌ലാൻഡും’ ‘സമരഭൂമി’യുമുണ്ട്. സമൂഹികപരിഷ്കർത്താവായിരുന്ന ടി.കെ. മാധവന്റെ പേരിൽ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിൽ ഒരു വാർഡുണ്ട്. അദ്ദേഹത്തിന്റെ സ്മൃതികുടീരവും ഇവിടെയാണ്. തിരുവൻവണ്ടൂരിൽ പ്രാവിൻകൂട് എന്ന വാർഡുണ്ട്. ഇവിടെ പ്രാവുകൾക്കായി ഒരാൾ നേരത്തേ പ്രാവിൻകൂട് ഉണ്ടാക്കിയിരുന്നു.

നവീകരിച്ചത് ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഈ പേരുവന്നതെന്നു പറയുന്നു. ഒരു വിദേശ പൗരൻ എത്തി കൊച്ചിയിൽനിന്ന് ബോട്ട് വാങ്ങി അത് കരയ്ക്കടുപ്പിക്കുന്നതിനായി ഒരു ജെട്ടി നിർമിച്ചതിലൂടെയാണ് ആറാട്ടുപുഴ പഞ്ചായത്തിൽ ‘കൊച്ചിയുടെ ജെട്ടി’യുണ്ടായതെന്ന് പഴമക്കാർ പറയുന്നു. അതും വാർഡിന്റെ പേരായി.

പഞ്ചായത്തിനുള്ളിലൊരു പഞ്ചായത്ത്

പെരുമ്പളം പഞ്ചായത്തിലെ ഒരു വാർഡിന്റെ പേര് ‘പഞ്ചായത്ത്’ എന്നു തന്നെയാണ്. പാണ്ടനാട് പഞ്ചായത്തിലെ രണ്ടാം വാർഡിന്റെ പേര് ഒരു പഞ്ചായത്തും ജില്ലയും ചേരുന്നതാണ്. ‘പാണ്ടനാട് കോട്ടയം’. നെടുമുടി പഞ്ചായത്തിൽ തൊട്ടടുത്ത പഞ്ചായത്തായ ‘ചമ്പക്കുള’ത്തിന്റെ പേരിലും വാർഡുണ്ട്.

പറയാൻ പ്രയാസം

ചേർത്തല നഗരസഭയിലെ ‘പള്ളുവള്ളുവെളി’ എന്നു പറയാൻ അല്പം പ്രയാസപ്പെടും. പുന്നപ്ര നോർത്ത് പഞ്ചായത്തിന് അങ്ങു തിരുവനന്തപുരത്താണ് പിടി. വാർഡിന്റെ പേര് അസംബ്ലി, കൈനകരിയിലെ ‘ഐലൻഡ്’, വെൺമണിയിൽ ‘പൊയ്ക’, ചേപ്പാട്ടിൽ ‘ചൂണ്ടുപലക’, പുളിങ്കുന്നിൽ ‘കണ്ണാടി’, നൂറനാട്ട് ‘കോട്ട’, ബുധനൂരിൽ ‘ഗ്രാമം’, ചെറുതനയിൽ പാണ്ടി, പോച്ച, എടത്വായിൽ ‘പച്ച’ എന്നിവയൊക്കെ വാർഡിന്റെ പേരുകളാണ്.

ടാഗോർ മുതൽ മദർ തെരേസ വരെ

പ്രമുഖ വ്യക്തികളുടെ പേരിലുമുണ്ട് വാർഡുകൾ. തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിൽ ടാഗോറുണ്ട്. മാരാരിക്കുളം നോർത്ത് -കസ്തൂർബ, ആര്യാട്- രാമവർമ. മണ്ണഞ്ചേരി- നേതാജി, മുഹമ്മ- മദർ തെരേസ, ജില്ലാ പഞ്ചായത്ത് തണ്ണീർമുക്കം ഡിവിഷനിലെ ലൂഥറൻ തുടങ്ങിയവയാണ് മറ്റു ചിലത്.