ചേർത്തല: നഗരസഭ തിരിച്ചുപിടിക്കാനിറങ്ങിയ കോൺഗ്രസിനു വലിയ തിരിച്ചടി. സംസ്ഥാനത്താകെ പാർട്ടിക്ക് അനുകൂലമായപ്പോൾ ചേർത്തലയിൽ മേധാവിത്വമുള്ള വാർഡുകളിലടക്കം തിരിച്ചടി നേരിട്ടാണ് കോൺഗ്രസ് തോറ്റത്. സ്ഥാനാർഥിനിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും പ്രവർത്തനങ്ങളിലെ പോരായ്മയുമടക്കം തോൽവിയിൽ പ്രതിഫലിച്ചതായാണ് വിമർശനം. ഇത്തരത്തിൽ പരാതികളുയർത്തി മത്സരിച്ച സ്ഥാനാർഥികളടക്കം രംഗത്തുവന്നിട്ടുണ്ട്.

To advertise here,

പ്രവർത്തനങ്ങൾ വിലയിരുത്തിയ കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ തിരഞ്ഞെടുപ്പിനുശേഷം ചേർത്തലയിൽ തിരിച്ചടിയുണ്ടാകുമെന്നു പറഞ്ഞിരുന്നു. അതിനാൽ പരാജയത്തിൽ പാർട്ടിതലത്തിൽ അന്വേഷണമുണ്ടാകുമെന്നാണ് വിവരം. പാർട്ടിയുടെ ശക്തികേന്ദ്രമായ ടൗൺ വെസ്റ്റ് മേഖലയിലാണ് തകർന്നത്. ഇവിടെനിന്നും 17 സീറ്റുവരെ പ്രതീക്ഷിച്ചെങ്കിലും ആറു സീറ്റിലൊതുങ്ങി. പാർട്ടിക്കു വ്യക്തമായ സ്വാധീനമുള്ള 26, 27, 28, 31 വാർഡുകളിലെ തോൽവി വലിയ തിരിച്ചടിയായി.

ചേർത്തല തെക്കിൽ കോൺഗ്രസിന് മിന്നും ജയം

അർത്തുങ്കൽ: ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്തിൽ ഭരണം കോൺഗ്രസ് പിടിച്ചെടുത്തു. 24 വാർഡുകളിൽ 13 എണ്ണത്തിൽ വിജയിച്ചാണ് ഭരണമുറപ്പിച്ചത്. 10 വാർഡുകളിൽ വിജയിക്കാനേ എൽ.ഡി.എഫിനായുള്ളൂ. ഒരു വാർഡിൽ ബി.ജെ.പി.യും വിജയിച്ചു. പ്രസിഡന്റു സ്ഥാനാർഥി പട്ടികജാതിസംവരണമായ പഞ്ചായത്തിൽ 22-ാം വാർഡിൽ വിജയിച്ച അഭിനയ പ്രസിഡന്റാകും. എൽ.ഡി.എഫിന് അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചത്. നിലവിലെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാർഡുകളിൽ കോൺഗ്രസിന് വിജയിക്കാനായി.

പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിന്റെ മേരി ലിൻഡ ഡിക്സൺ പരാജയപ്പെടുത്തിയത്. ഇവിടെ 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ജയിച്ചത്. തീരദേശ വാർഡുകളിൽ മിക്കതും ഒപ്പംനിന്നതാണ് കോൺഗ്രസിന് വലിയ വിജയം സമ്മാനിച്ചത്. 16-ാം വാർഡിൽ ബി.ജെ.പി.യാണു വിജയിച്ചത്. ഇവിടെ ബി.ജെ.പി. സ്ഥാനാർഥി ജിജിമോൾ 202 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് 13 വാർഡുകളിൽ വിജയിച്ചപ്പോൾ എട്ടു വാർഡുകളിൽ സി.പി.എമ്മും രണ്ടു വാർഡുകളിൽ സി.പി.ഐ.യും ഉൾപ്പെടെ എൽ.ഡി.എഫിന് 10 വാർഡുകളിലാണ് വിജയിക്കാനായത്. മുൻമന്ത്രി പി. തിലോത്തമന്റെ മകൻ സി.പി.ഐ. സ്ഥാനാർഥിയായി 10-ാം വാർഡിൽ വിജയിച്ചതും ശ്രദ്ധേയമായി. കോൺഗ്രസിന് വിമത സ്ഥാനാർഥിയുണ്ടായിരുന്ന 24-ാം വാർഡിലും കോൺഗ്രസിനു വിജയിക്കാനായി.

കഞ്ഞിക്കുഴി ചെങ്കോട്ടയായി

കഞ്ഞിക്കുഴി :പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഞ്ഞിക്കുഴിയിലെ ഇടതിന്റെ കോട്ടയ്ക്ക് ഒരു കുലുക്കവും സംഭവിച്ചില്ല. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിൽ 19 -ൽ 17 സീറ്റും എൽ.ഡി.എഫ്. നേടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ 14- ൽ 13 സീറ്റും എൽ.ഡി.എഫ്. നേടി. ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ വിജയിച്ച എസ്.രാധാകൃഷ്ണനാണ് ജില്ലാ പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം . 11,179 വോട്ടിന്റെ ഭൂരിപക്ഷമാണ് രാധാകൃഷ്ണന് ലഭിച്ചത്. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിൽ നാലു പേർക്ക് അഞ്ഞൂറിൽക്കൂടുതൽ ഭൂരിപക്ഷം ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മായിത്തറ ഡിവിഷനിൽ മത്സരിച്ച അഡ്വ. ബിനീഷ് വിജയനാണ് ബ്ലോക്ക് സ്ഥാനാർഥികളിൽ വലിയ ഭൂരിപക്ഷം. 2,571 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

വെള്ളാപ്പള്ളിയുടെ വാർഡിൽ ഇക്കുറിയും കോൺഗ്രസ്

എസ്‌.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.ഡി.എ. കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവർ വോട്ടർമാരായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വിജയം. എൻ. ഷൈലജയാണ് ജയിച്ചത്. ഇതേ വാർഡിൽ ഇവരുടെ തുടർച്ചയായ അഞ്ചാമത്തെ ജയമാണിത്. 295 വോട്ടുകളുടെ ഭൂരിപക്ഷം. കോൺഗ്രസിന് 599 വോട്ടും എൽ.ഡി.എഫിന് 304 വോട്ടും എൻ.ഡി.എ. യ്ക്ക് 93 വോട്ടുമാണ് ലഭിച്ചത്.

മാരാരിക്കുളം തെക്ക്: ഞെട്ടലിൽ എൽഡിഎഫ് ക്യാമ്പ്

കലവൂർ: മാരാരിക്കുളം തെക്കിൽ പ്രമുഖ നേതാക്കന്മാർ അടിതെറ്റി വീണത് എൽ.ഡി.എഫിനെ പിടിച്ചു കുലുക്കി. സി.പി.എം. മാരാരിക്കുളം ഏരിയ സെന്റർ അംഗം കെ.എസ്. വേണുഗോപാൽ, സി.പി.എം പാതിരാപ്പള്ളി എൽ.സി. സെക്രട്ടറി ജയൻ തോമസ്, സി.പി.ഐ. മാരാരിക്കുളം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി. അവിനാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഷാജി എന്നിവരാണ് പരാജയത്തിന്റെ കയ്‌പു നീരറിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടായിരുന്ന ആളായിരുന്ന കെ.എസ്. വേണുഗോപാലിന്റെ പതനം സി.പി.എമ്മിൽ വരും നാളുകളിൽ വലിയ വിവാദങ്ങൾക്കിടയാകും.

വിഭാഗീയതയാണ് പരാജയത്തിന്റെ കയ്‌പുനീരറിയാൻ കാരണമായതെന്ന് ഫലമറിഞ്ഞപ്പോൾത്തന്നെ പാർട്ടി അംഗങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. പത്തൊമ്പതാം വാർഡിൽ 18 വോട്ടിനാണ് ബി.ജെ.പി. സ്ഥാനാർഥി എ.ആർ. ലൈജുവിനോട് കെ.എസ്. വേണുഗോപാലിന്‌ അടിയറവ് പറയേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 303 വോട്ടിന് സി.പി.എം. ജയിച്ച വാർഡിൽ ഇക്കുറി അട്ടിമറി നടന്നത് സി.പി.എമ്മിനെ പിടിച്ചു കുലുക്കിയിട്ടുണ്ട്.

കഴിഞ്ഞതവണ 327 വോട്ട് കിട്ടിയപ്പോൾ ഇക്കുറി 366 ആയി കോൺഗ്രസിന്റ നില മെച്ചപ്പെടുത്തി. കണക്കിലെ ഈ വ്യത്യാസം ആണ് സി.പി.എം. ലെ വിഭാഗീയതയിലേക്ക് വിരൽ ചൂണ്ടുന്നത്. എൽ.സി. സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയെടുത്താണ് ജയൻ തോമസ് മത്സരത്തിനിറങ്ങിയത്. കോൺഗ്രസ് അംഗത്തിനോട് 121 വോട്ടിനാണ് തോറ്റത്. സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. അവിനാശ് സിപിഐയുടെ റിബൽ സ്ഥാനാർഥി കെ.പി. അശോകനോട് 180 വോട്ടിനാണ് തോറ്റത്.

വാർഡിലെ സി.പി.എം. വോട്ടുകളും ഇനി ചർച്ചയാകും. 222 വോട്ടുകൾക്കാണ് കോൺഗ്രസിലെ ആന്റണി മത്തായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഷാജിയെ അടിയറവ് പറയിച്ചത്.