ചേർത്തല: ഇല്ലായ്മയിൽ നിന്നുള്ള സൃഷ്ടിയാണ് ചേർത്തല നഗരസഭ. സാധാരണമായി പഞ്ചായത്തുകളോ ടൗൺഷിപ്പുകളോ കൂട്ടിച്ചേർത്താണ് നഗരസഭകളുണ്ടാക്കിയിരുന്നതെങ്കിൽ ഇവിടെ നഗരസ്വഭാവമുള്ള ഒരു പ്രദേശത്തെ നഗരസഭയാക്കുകയായിരുന്നു. ദീർഘവീക്ഷണമുള്ള ചില സംഘടനകൾ ഇതിനായി ആവശ്യമുയർത്തിയതിനാലായിരുന്നു നടപടി. കോടതിയും താലൂക്ക് ഓഫീസും പോലീസ് മേധാവി ഓഫീസുമെല്ലാം ഉണ്ടായിരുന്ന ചേർത്തലയ്ക്ക് പണ്ടേ നഗരസ്വഭാവമുണ്ടായിരുന്നു. അമ്പലപ്പുഴയ്ക്കു വടക്കും ഇടക്കൊച്ചിക്കു തെക്കുമായി പച്ചപിടിച്ചു കിടന്നിരുന്ന പ്രദേശമായിരുന്നു ചേർത്തല താലൂക്ക്. ഇതിന്റ തലയായാണ് ചേർത്തല നഗരസഭയുണ്ടായത്.

To advertise here,

ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേരിയ മേൽക്കൈ ഇടതിന്

കഴിഞ്ഞവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ തോറ്റെങ്കിലും നഗരസഭയിൽ 72 വോട്ടിന്റെ മുൻതൂക്കം എൽഡിഎഫിനായിരുന്നു. എൽഡിഎഫിലെ എ.എം. ആരിഫ് 10,555 വോട്ടു നേടിയപ്പോൾ കെ.സി. വേണുഗോപാലിന് 10,483 വോട്ടുകിട്ടി. 7,540 വോട്ടു നേടി ബിജെപിയുടെ ശോഭാസുരേന്ദ്രൻ കരുത്തുകാട്ടി. ഇക്കുറി 36 വാർഡുകളായി ഉയർന്ന നഗരസഭയിൽ ഭരണത്തുടർച്ചയ്ക്കായാണ് എൽഡിഎഫ് പോരാട്ടം. തിരിച്ചുവരാൻ യുഡിഎഫും കരുത്തുകൂട്ടാൻ എൻഡിഎയും ശക്തമായുണ്ട്.

കഴിഞ്ഞ തവണ 35-ൽ 21 സീറ്റും നേടിയുള്ള ആധികാരിക വിജയം ഇക്കുറിയുമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കാര്യമായ തർക്കങ്ങളില്ലാതെ നേരത്തേ സീറ്റുവിഭജനം പൂർത്തിയാക്കാനായതും വിമത നീക്കങ്ങളില്ലാത്തതുമെല്ലാം മുൻതൂക്കമാകുമെന്നാണ് വിലയിരുത്തൽ.

ഇക്കുറി ഭരണമാറ്റത്തിലുറച്ചാണ് യുഡിഎഫ് നീക്കം. സീറ്റുവിഭജനത്തിൽ ചില തർക്കങ്ങളുയർന്നെങ്കിലും അതെല്ലാം പരിഹരിക്കാനായതും വിമതനീക്കങ്ങൾക്കു തടയിടാനായതും ഗുണമാകുമെന്നാണ് പ്രതീക്ഷ. 19 സീറ്റെന്ന കടമ്പയും കടന്നുള്ള മുന്നേറ്റമാണ് പ്രതീക്ഷ.

ശക്തികൂട്ടുന്നതിനുമപ്പുറം ഭരണം പിടിക്കുയെന്ന ലക്ഷ്യത്തിലാണ് എൻഡിഎയുടെയും നീക്കങ്ങൾ. നാലുവാർഡുകളിൽ സ്ഥാനാർഥിയില്ലാത്തതിന്റെ ക്ഷീണമുണ്ടെങ്കിലും അതെല്ലാം മറികടക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണിയുടെ നീക്കങ്ങലൾ.

ചരിത്രം 1953-ൽ തുടങ്ങുന്നു

1953-ജനുവരി ഒന്നിനാണ് ചേർത്തല നഗരസഭയുടെ പിറവി. ചേർത്തല ചുവന്നായിരുന്നു തുടക്കം. സി.കെ. കുമാരൻവക്കീൽ ചെയർമാനും വി.ഡി. ഷേണായി വൈസ് ചെയർമാനുമായുള്ള കമ്യൂണിസ്റ്റ്‌ പാർട്ടി ഭരിച്ചു. 1956-ലും 62-ലും നടന്ന തിരഞ്ഞെടുപ്പിലും ചേർത്തല ചുവന്നു തന്നെയായിരുന്നു. 1968-ൽ കോൺഗ്രസ് നഗരഭരണത്തിലെത്തി. എൻ.എ. ഉപേന്ദ്ര നായിക്കിന്റെ നേതൃത്വത്തിലായിരുന്നു ഭരണം. തിരഞ്ഞെടുപ്പു നടക്കാതെ വന്നതോടെ ഈ ഭരണം 1979 വരെ നീണ്ടു. 1979-ൽ വന്ന ഭരണസമിതിയിൽ വി.വി. ജയറാമും കെ.സി. വിജയനും വി.സി. തോമസും മാറിമാറി ചെയർമാൻമാരായി. 1988-ൽ കെ. രവീന്ദ്രൻപിള്ളയിലൂടെ ഇടതുപക്ഷം നഗരസഭ തിരിച്ചുപിടിച്ചു.

1995-ൽ ആദ്യം കെ.സി. വിജയന്റെ നേതൃത്വത്തിൽ കോൺഗ്രസാണ് അധികാരത്തിലെത്തിയത്. മാസങ്ങൾക്കുശേഷം ഭരണം തിരിഞ്ഞ് പി. ഷാജിമോന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്തെത്തി. തുടർന്ന് വി.വി. ജയറാം അധികാരത്തിലെത്തി. 2000-ൽ ഇടതുപക്ഷം തിരിച്ചുപിടിച്ചു.

ഏലിക്കുട്ടിജോണും 2005-ൽ ഭരണത്തുടർച്ചയിൽ പി. ഷാജിമോഹനും ചെയർമാന്മാരായി. 2010-ൽ കോൺഗ്രസ് നഗരം തിരിച്ചുപിടിച്ചു. ജയലക്ഷ്മി അനിൽകുമാറായിരുന്നു ചെയർപേഴ്സൺ. 2010-ൽ യുഡിഎഫിനു തുടർഭരണംകിട്ടി. ഈ കാലയളവിൽ ഐസക് മാടവനയും പി. ഉണ്ണിക്കൃഷ്ണനും വി.ടി. ജോസഫും ചെയർമാൻമാരായി. 2020-ൽ ഇടതുപക്ഷം നഗരം തിരിച്ചുപിടിച്ചു. ഷേർളി ഭാർഗവൻ ചെയർപേഴ്സണായി.