കോഴിക്കോട്: ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയും ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമണിക്കു തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

To advertise here,

16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.

ചൂരൽമലയിൽ രണ്ട് ബൂത്തുകൾ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 10, 12 വാർഡുകളിലെ വോട്ടർമാർക്കായി രണ്ടു ബൂത്തുകൾ ചൂരൽമലയിലും 11-ാം വാർഡിൽ ഉൾപ്പെട്ടവർക്കായി മേപ്പാടി സ്കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏർപ്പെടുത്തി. ദുരന്തമേഖലയിൽനിന്ന് വിവിധ താത്കാലിക പുനരധിവാസമേഖലയിൽ താമസിക്കുന്നവർക്കായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ പ്രത്യേക സൗജന്യ വാഹനസർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

ചേലക്കരയിൽ ആറ് സ്ഥാനാർഥികൾ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം. തുടർന്ന് സ്വതന്ത്രസ്ഥാനാർഥികളാണ്. നാല്- ലിൻഡേഷ് കെ.ബി.(മോതിരം), അഞ്ച്-സുധീർ എൻ. കെ. (ഓട്ടോറിക്ഷ), ആറ്-ഹരിദാസൻ (കുടം).

കൈയിൽ കരുതണം തിരിച്ചറിയൽ രേഖകൾ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർകാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോപതിച്ച പോസ്റ്റ് ഓഫീസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴിൽവകുപ്പ് നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, എൻ.പി.ആർ. സ്മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ്, എം.പി/എം.എൽ.എ. അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽകാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാർ/ പി.എസ്.യു., പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫോട്ടോപതിച്ച സർവീസ് തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.