വോട്ടെടുപ്പ് ദിനങ്ങളില്‍ ഉയരുന്ന വിവാദങ്ങള്‍ ഇടതുപക്ഷത്തിന് ഒരിക്കല്‍ കൂടി തലവേദന സൃഷ്ടിക്കുകയാണ്. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന വിവാദങ്ങളുടെ സൃഷ്ടാക്കള്‍ സ്വന്തം നേതാക്കള്‍തന്നെയാണ് എന്നതാണ് സി.പി.എമ്മിനെ കൂടുതല്‍ കുഴക്കുന്നത്. പോളിങ് ബൂത്തുകളില്‍ ജനം വിധിയെഴുതുമ്പോള്‍ ഇ.പി. ജയരാജന്‍ ഇത് രണ്ടാം തവണയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിലായിരുന്നു ഇ.പിയുടെ ആദ്യവെടി. കേരള ചുമതലയുള്ള ബി.ജെ.പി. പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വോട്ടെടുപ്പുദിനം രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സ്ഥിരീകരിച്ചു. ഇപ്പോള്‍ പാലക്കാട് അടക്കം വാശിയേറിയ പോരാട്ടം നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്കിടെ 'കട്ടന്‍ചായയും പരിപ്പുവട'യുടെയും രൂപത്തിലാണ് ഇ.പി. പാര്‍ട്ടിക്ക് പ്രഹരം നല്‍കിയിരിക്കുന്നത്. കുറച്ചുകാലമായി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പിയുടെ നീക്കങ്ങള്‍ സി.പി.എം. കരുതലോടെയാണ് കാണുന്നത്. വോട്ടെടുപ്പുദിനത്തില്‍ പാര്‍ട്ടിക്ക് ആഘാതമേല്‍പ്പിക്കുന്നതില്‍ വി.എസ്. അച്യുതാനന്ദനാണ് ഇ.പിക്ക് മുന്‍ഗാമി.
ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നിലപാടിനോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തിയിരുന്ന വി.എസ്.അച്യുതാനന്ദന്‍ നിര്‍ണായകമായിരുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനം തന്നെ ടി.പിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി തിരഞ്ഞെടുത്തു. പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആര്‍.ശെല്‍വരാജിനെതിരെ അഭിമാനപോരാട്ടമായിരുന്നു നെയ്യാറ്റിന്‍കരയിലേത്. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടുകള്‍ക്ക് സി.പി.എം. സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെടുന്നതില്‍ വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനവും പ്രധാന കാരണമായെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.
സമാനമായ നീക്കമാണ് രണ്ടുതവണയും ഇ.പി.ജയരാജനില്‍നിന്ന് സി.പി.എം. നേരിട്ടത്. ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇരുമുന്നണികളും പരസ്പരം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കെയായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഇ.പി. ജയരാജന്‍ സ്ഥിരീകരിക്കുന്നത്.
ജാവഡേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജന്‍തന്നെ തുറന്നുപറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് ഇ.പി.വിശദീകരിച്ചെങ്കിലും അപകടം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പരസ്യമായി കുറ്റപ്പെടുത്തി ഉടന്‍ രംഗത്തെത്തുകയും ചെയ്തു. സി.പി.എം. സംഘടന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ പരസ്യശാസനയായിരുന്നു അത്. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ വിവാദമായ കൂടിക്കാഴ്ചയും കാരണമായിട്ടുണ്ടെന്ന് പിന്നീട് പാര്‍ട്ടി സെക്രട്ടറി തന്നെ പറയുന്ന സാഹചര്യമുണ്ടായി.
ഇതിന് പിന്നാലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജന്‍ തെറിച്ചുവെന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ നിര്‍ണായകമായ മറ്റൊരു വിധിയെഴുത്ത് ജനകീയ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഇ.പിയുടെ പേരില്‍ വീണ്ടും സി.പി.എം. പ്രതിരോധത്തിലാകുന്നത്.
പല അപ്രിയസത്യങ്ങളുടെയും തുറന്നുപറച്ചിലുകളുമായി കട്ടന്‍ ചായയും പരിപ്പുവടയും എന്ന പേരുള്ള ഇ.പി. ജയരാജന്റെ പുസ്തകം ഉടന്‍ വരുന്നുവെന്ന് കഴിഞ്ഞദിവസം അതിന്റെ പ്രസാധകര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വോട്ടെടുപ്പുദിനത്തില്‍ അതിലെ വിവരങ്ങള്‍ എന്നരീതിയില്‍ ഏതാനും പേജുകള്‍ പുറത്തുവന്നത്. പുറത്തുവന്ന വിവരങ്ങള്‍ ഇ.പി. പാടേ നിഷേധിക്കുന്നുണ്ട്.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന പരാമര്‍ശവും ഇതിലുണ്ട്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങള്‍ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സര്‍ക്കാരിനില്ല എന്ന് മാത്രമല്ല, താരതമ്യേന ദുര്‍ബലമാണെന്ന പരാമര്‍ശവുമുണ്ട്. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് സംശയമുണ്ടെന്നും പുറത്തുവന്ന ഭാഗങ്ങളിലുണ്ട്.
കോണ്‍ഗ്രസ് വിട്ടെത്തിയ പി.സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പാലക്കാട്ട് പോരാട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി. അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങളുള്ളത്. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും പറയുന്നുണ്ട്. തന്നെ കേള്‍ക്കാതെയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇതില്‍ പറയുന്നു.
അതേസമയം, താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വിശദീകരണമാണ് ഇ.പി.യുടെ ഭാഗത്തു നിന്നുണ്ടായത്. പിന്നാലെ പുസ്തകത്തിന്റെ പ്രകാശനം.നീട്ടിവെച്ചതായി പ്രസാധകരും വ്യക്തമാക്കി. പുസ്തകത്തിലുള്ളതായി പുറത്തുവന്ന വിവരങ്ങളും പ്രസാധകര്‍ നിഷേധിച്ചിട്ടില്ല. ഇ.പി.ജയരാജന്‍ പറയുന്നതാണ് തത്കാലം പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ എഴുതാത്ത കാര്യങ്ങള്‍ എഴുതിയതായി സൃഷ്ടിക്കുകയായിരുന്നുവെന്നും ഇത് ഗൂഢാലോചനയാണെന്നും ഇ.പി. പറയുന്നു. പുസ്തകത്തിന്റെ പ്രസാധനത്തിന് ആരുമായും കരാറിലേര്‍പ്പെട്ടില്ലെന്നും ഇ.പി. പറഞ്ഞതോടെ വിവാദത്തിന് പുതിയ മാനം വന്നു. ഇ.പി. എഴുതിയ ഭാഗങ്ങളാണോ പുറത്തുവന്നത് അതോ ഇ.പിയറിയാതെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ അതിന് പിന്നില്‍ ആര് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒന്നും രണ്ടുമല്ല 178 പേജ് ലേഔട്ട് ചെയ്തത് പുറത്തുവന്നതിനാല്‍ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായിരുന്നുവെന്ന് വിലയിരുത്തുന്നവരും ചുരുക്കമല്ല. രാഷ്ട്രീയ ത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ഇതിലുണ്ട്. അച്ചടിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പ്രസാധകര്‍ വെളിപ്പെടുത്തുന്നില്ല. കുറച്ചുദിവസത്തേക്ക് പ്രകാശനം ചെയ്യുന്നത് മാറ്റിവെച്ചുവെന്ന് മാത്രമാണ് അവരുടെ വിശദീകരണം.
ഏതായാലും വോട്ടെടുപ്പുദിനം കൃത്യമായി വിവാദം സൃഷ്ടിക്കുന്ന ടൈമിങ്ങ് പാര്‍ട്ടി ഗൗരവത്തിലെടുക്കാനാണ് സാധ്യത. ഇ.പിയുടെ വിശദീകരണം ഇന്ന് വിശ്വാസത്തിലെടുത്ത പാര്‍ട്ടിയും സെക്രട്ടറിയും വരുംദിവസങ്ങളില്‍ ഇതിനെ എങ്ങനെ വിലയിരുത്തും എന്നതും ശ്രദ്ധേയമാണ്. പുറത്തുവന്ന ഭാഗങ്ങള്‍ അതേ പോലെ പുസ്തകത്തില്‍ ഇനി ഉണ്ടാവുമോ എന്നതും ചോദ്യമായി നില്‍ക്കുന്നു. അതേപടി വന്നാൽ ഇ.പിയുടെ വിശദീകരണം അമ്പേ പാളും.
Content Highlights: voting day controversies-ep jayarajan new book-kattan chayayum parippu vadayum book
Published: 13 Nov 2024, 01:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented