മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പൊതുജീവിതത്തിലെ നിര്‍ണായകസംഭവങ്ങളും തീരുമാനങ്ങളും വിവാദങ്ങളും ചര്‍ച്ചയാക്കുന്ന ആത്മകഥയുടെ ആമുഖം വായിക്കാം.. 

To advertise here,

അറുപതു വർഷത്തിലേറെയായി രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രവർത്തനം. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ചാണ് തുടങ്ങിയത്. എല്ലാ ഘട്ടത്തിലും പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. മുപ്പതു വർഷം മുമ്പ് മരണത്തിൽനിന്നു രക്ഷപ്പെട്ടത് ഒരു പേടിസ്വപ്‌നംപോലെ ഇന്നും മനസ്സിലുണ്ട്. സാധാരണഗതിയിൽ അവിശ്വസനീയമായ അതിജീവനം. തൊട്ടടുത്തുനിന്ന്, അതും ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽവെച്ച് കഴുത്തിന് വെടിയേറ്റിട്ടും ജീവൻ ബാക്കിയായെന്നത് എന്നെത്തന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. മറ്റാർക്കെങ്കിലും ഇങ്ങനെ അതിജീവനമുണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ആ സംഭവത്തിനുശേഷം പല തവണ എനിക്കെതിരേ വധശ്രമമുണ്ടായി. തോക്കുകൊണ്ടല്ല, ബോംബുകളെറിഞ്ഞ്. അതിൽ രണ്ടു തവണ ഞാൻ സഞ്ചരിച്ച വാഹനത്തിൽ ബോംബേറേറ്റു. ഒരു തവണ ബോംബിന്റെ ചില്ലുകൾ കൊണ്ട് പരിക്കേറ്റു. ആ വധശ്രമങ്ങളെയെല്ലാം അതിജീവിക്കാൻ സാധിച്ചുവെന്നത് അദ്ഭുതമായിത്തന്നെ കാണുന്നു.

എന്നാൽ, പ്രത്യക്ഷമായ ഈ വധശ്രമങ്ങളെപ്പോലെ രാഷ്ട്രീയമായ പരോക്ഷ വധശ്രമങ്ങൾക്കും പല തവണ ഞാൻ ഇരയായി. അതിൽ രണ്ടു സംഭവങ്ങൾ എന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെതന്നെ ആസൂത്രിതമായി നടന്നതാണ്. ഒരാളുടെ ആത്മകഥ അയാളറിയാതെ പ്രസിദ്ധപ്പെടുത്തുകയെന്ന, മുമ്പൊരിക്കലും കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണ് എനിക്കെതിരേയുണ്ടായത്; അതും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പുപോരാട്ടത്തിന്റെ മൂർദ്ധന്യത്തിൽ. 2024 നവംബർ 12ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ സമയത്താണ് എന്റെ ആത്മകഥയെന്ന പേരിൽ വ്യാജപുസ്തകം ചാനലുകളിൽ ബ്രെയ്ക്ക് ചെയ്തത്. രാഷ്ട്രീയജീവിതത്തെക്കുറിച്ചും എനിക്കെതിരായ വിവാദങ്ങളുടെ സത്യാവസ്ഥ സംബന്ധിച്ചും ഒരു പുസ്തകം തയ്യാറാക്കുന്നതിന്റെ ഭാഗമായി കുറേ കുറിപ്പുകൾ എഴുതിയിരുന്നു. അതിലെ ഭാഷാപരവും ശൈലീപരവുമായ പിഴവുകൾ തിരുത്താൻ ഒരാളുടെ സഹായം തേടുകയുണ്ടായി. പുസ്തകം എഴുതിപ്പൂർത്തിയാക്കുകയോ അന്തിമരൂപത്തിലാക്കുകയോ പുസ്തകത്തിനു പേരിടുകയോ ചെയ്തിരുന്നില്ല. ഏതെങ്കിലും പ്രസാധകരുമായി പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതിന് കരാറുണ്ടാക്കുകയോ അതിനുള്ള ചർച്ച നടത്തുകയോപോലും ചെയ്തിരുന്നില്ല. പഴയ കാലത്തെയും പുതിയ കാലത്തെയും ജീവിതാവസ്ഥകളെക്കുറിച്ച് താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു യോഗത്തിൽ സാന്ദർഭികമായി ഞാൻ പറഞ്ഞ വാചകമാണ് ‘കട്ടൻചായയും പരിപ്പുവടയും’ എന്നത്. സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ആ വാചകം എനിക്കെതിരേ പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു കുറേക്കാലമായി ചിലർ.

എന്നെ ആക്ഷേപിക്കാൻ ഉപയോഗിച്ചുവന്ന ആ വാചകം ആത്മകഥയുടെ തലക്കെട്ടായി പ്രചരിപ്പിച്ചു. ഞാൻ പറയുകയോ എഴുതുകയോ ചെയ്യാത്ത കുറേ കാര്യങ്ങൾ എന്റേതെന്ന മട്ടിൽ എഴുതിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ആദ്യം അത് ബ്രേക്കിങ്ങെന്ന മട്ടിൽ പ്രചരിപ്പിച്ചത്. അതു പിന്നീട് ചാനലുകൾ ഏറ്റുപിടിച്ചു. വോട്ടെടുപ്പുദിവസം മുഴുവൻ അത് പ്രചരിപ്പിച്ചു. വലിയ ഗൂഢാലോചനയാണ് നടന്നത്. ഞാൻ നൽകിയ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റം ചെയ്തവരെ കണ്ടെത്തുകയും നടപടിയുണ്ടാവുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയിലൂടെ ഇങ്ങനെയൊരു കള്ളവാർത്ത പുറത്തുവന്നത് സംബന്ധിച്ച് പിന്നീട് ഒരന്വേഷണവും നടന്നതായി അറിയില്ല. അത്തരമൊരു മാധ്യമം അടിസ്ഥാനരഹിതമായ ഒരു വാർത്ത, അതിപ്രധാനമായ ഒരു ദിവസം പ്രസിദ്ധീകരിക്കണമെങ്കിൽ അതിന്റെ ആഴം എവിടെവരെയുണ്ടാകും! ഇന്നല്ലെങ്കിൽ നാളെ ആ ഗൂഢാലോചന പുറത്തുവരും എന്നു ഞാൻ വിശ്വസിക്കുന്നു. വാസ്തവത്തിൽ രാഷ്ട്രീയമായ വധശ്രമമമാണ് എനിക്കെതിരേ നടന്നത്. സത്യം എന്റെ ഭാഗത്തായതിനാൽ ആ വധശ്രമത്തെയും അതിജീവിക്കാൻ സാധിച്ചു.

2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പുദിവസവും എനിക്കെതിരേ ഇതേവിധത്തിൽ മറ്റൊരു വധശ്രമം നടന്നു. ഞാൻ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന് ആ പാർട്ടിയുടെ ഒരു നേതാവ് പറഞ്ഞതായി വാർത്ത. ബി.ജെ.പിയുടെ ഒരു നേതാവ് എന്റെ മകന്റെ വീട്ടിൽ വന്നുകയറിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്രചാരണം നടത്തിയത്. ആ അസംബന്ധപ്രചാരണത്തിനെതിരേ ഞാൻ ശക്തിയായി പ്രതികരിക്കുകയും വസ്തുത വ്യക്തമാക്കുകയും ചെയ്തു. സത്യമെന്തെന്ന് വ്യക്തമാക്കിയതിന്റെ പേരിലും എന്നെ ക്രൂശിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളടക്കം ശ്രമിച്ചത്. അതിന്റെ വിശദാംശങ്ങൾ ഈ പുസ്തകത്തിലുണ്ടെന്നതിനാൽ ആമുഖമായി കൂടുതൽ കടക്കുന്നില്ല.

1964–ൽ രാഷ്ട്രീയരംഗത്ത് സജീവപ്രവർത്തനം തുടങ്ങിയ ആളാണ് ഞാൻ. എന്റെ രാഷ്ട്രീയജീവിതത്തിലെ കുറേ കാര്യങ്ങളാണ് ഇവിടെ പകർത്തുന്നത്. ഡയറിയെഴുതുന്ന ശീലമില്ലാത്തതിനാൽ ഓർമ്മകളെ മാത്രം ആശ്രയിച്ചാണ് ഇതെഴുതിയത്. എന്നോട് സ്‌നേഹവാത്സല്യം കാണിച്ച നേതാക്കളോടും പ്രവർത്തകരോടും പ്രിയപ്പെട്ട സഖാക്കളോടും ഞാൻ എന്നും കടപ്പെട്ടവനാണ്. രാഷ്ട്രീയമായി എന്നെ നശിപ്പിക്കാൻ ശ്രമിച്ചവരോട്‌ പകയോ വിദ്വേഷമോ ഇല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രവർത്തകനെന്ന നിലയിൽ അത്തരം എതിർപ്പുകളും വൈരാഗ്യവും സ്വാഭാവികമാണെന്ന് തുടക്കത്തിലേതന്നെ തിരിച്ചറിഞ്ഞതാണ്. ആ തിരിച്ചറിവാണ് പ്രതിസന്ധികളെ നേരിടാൻ കരുത്തു നൽകിയത്–ആ നിലയിൽ അവരോടും കടപ്പെട്ടിരിക്കുന്നു.