കണ്ണൂര്‍: തന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് ഇടയാക്കിയ വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ.പി. ജയരാജന്‍. തെറ്റുപറ്റിയെന്ന് പ്രസാധകര്‍തന്നെ പറഞ്ഞു. സംഭവത്തിന് കാരണക്കാരനായ വ്യക്തിയെ ഓഫീസില്‍നിന്ന് പുറത്താക്കിയതായും പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തുടര്‍നടപടിക്ക് പോകുന്നില്ലെന്നും ഇ.പി. പറഞ്ഞു.

To advertise here,

പ്രസാധകര്‍ക്കയച്ച വക്കീല്‍ നോട്ടീസിന്, അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മറുപടി ലഭിച്ചിരുന്നതായി ഇ.പി. വ്യക്തമാക്കുന്നു. തന്നെയുമല്ല, ഈ കുറ്റം ചെയ്ത ശ്രീകുമാര്‍ എന്ന വ്യക്തിയ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതായും പ്രസാധകര്‍ അറിയിച്ചു. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുപറയുകയും തെറ്റ് ചെയ്തയാളെ പുറത്താക്കുകയും ചെയ്ത സ്ഥിതിക്ക്, ഇനി തുടര്‍നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും ഇ.പി. കൂട്ടിച്ചേർത്തു.

‘കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്നപേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും പരാമര്‍ശങ്ങളുള്ള ഇ.പി.യുടെ ആത്മകഥ പുറത്തിറങ്ങുന്നുവെന്ന പരസ്യം പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ആത്മകഥയെന്ന പേരില്‍ പ്രചരിച്ച കുറിപ്പുകള്‍ സിപിഎമ്മിനും തലവേദനയായി.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും രണ്ടാംപിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി പ്രചരിച്ചു. വാര്‍ത്തകള്‍ തള്ളിയ ജയരാജന്‍ പിന്നീട് പ്രസാധക സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു.

പിന്നീടാണ് ഇ.പി.യുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ സന്നദ്ധമായി മാതൃഭൂമി എത്തിയത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇ.പി.യുടെ ആത്മകഥ 'ഇതാണെന്റെ ജീവിതം' ഇക്കഴിഞ്ഞ നവംബര്‍ മൂന്നിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തിരുന്നു.