കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജന്‍. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. താന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. 

To advertise here,

'തിരുവനന്തപുരത്തെ ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മുമ്പ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു. പക്ഷേ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ്  ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല.' -പ്രകാശ് ജാവദേക്കറെ കണ്ടതിനെ കുറിച്ച് ഇ.പി. ജയരാജന്‍ പറഞ്ഞു.

'അദ്ദേഹമൊക്കെ പറഞ്ഞാല്‍ ഞാന്‍ മാറുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാന്‍ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജന്‍. ജനകീയനായ എല്‍.ഡി.എഫ്. പ്രവര്‍ത്തകനെന്ന നിലയില്‍ പലരും എന്നെ കാണാന്‍ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബി.ജെ.പി. നേതാക്കള്‍, മറ്റുപാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലിയാര്‍മാര്‍, തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും എന്നെ കാണാന്‍ വരും.' -ഇ.പി. പറഞ്ഞു. 

ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഇ.പി. മറുപടി പറഞ്ഞു. 'എന്റെ മകനും ശോഭ സുരേന്ദ്രനും തമ്മില്‍ ഒരു ബന്ധവുമില്ല. കൊച്ചിയിലെ ഒരു ഹോട്ടലില്‍ അവനൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് ശോഭ സുരേന്ദ്രന്‍ അവനോട് നമ്പര്‍ ചോദിച്ചു. ശോഭ സുരേന്ദ്രനും മോദിയും ചില ബി.ജെ.പി. നേതാക്കളുമുള്ള ഫോട്ടോകള്‍ അവര്‍ മകന്റെ ഫോണിലേക്ക് അയച്ചു. അവരുടെ മെസേജിനോടോ കോളിനോടോ അവന്‍ പ്രതികരിച്ചില്ല. ഇവരുടെ വഴിയൊന്നും ശരിയല്ലെന്ന് തോന്നിയ അവനത് ക്ലോസ് ചെയ്തു.' -ഇ.പി. പറഞ്ഞു.  

'ദല്ലാള്‍ പല രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. അതിലൊന്നും ഞങ്ങളെ ഭാഗഭാക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കില്ല. ഇതൊരു ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.' -ജയരാജന്‍ പറഞ്ഞു.