പാലക്കാട്: ബിജെപിയും സിപിഎമ്മും നടത്തിയ വര്‍ഗീയ പ്രചാരണങ്ങളാണ് പാലക്കാട് പരാജയപ്പെട്ടതെന്ന് ഷാഫി പറമ്പില്‍. വടകരയിലെ കാഫിറും പാലക്കാട്ടെ പത്രപ്പരസ്യവും പരാജയപ്പെട്ടു. ഈ പാത സിപിഎം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ തയ്യാറാവണം. ബിജെപിയുടെയും സിപിഎമ്മിന്റെയും ഒരേ സ്വരം കേരള രാഷ്ട്രീയം ശ്രദ്ധിക്കേണ്ടതാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

"വിവാദങ്ങളുണ്ടാക്കിയും വ്യക്തിഹത്യ നടത്തിയും ഉണ്ടാക്കുന്ന മാധ്യമങ്ങളിലെ പ്രാധാന്യം വോട്ടായി മാറില്ലെന്നതിന്റെ ഉദാഹരണമാണിത്. അന്ന് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് എന്റെ തലയില്‍ കെട്ടിവച്ചിട്ട് അവര്‍ പറഞ്ഞൊരു വാചകമുണ്ട്. തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞുപോകില്ലേ നാടിനിയും മുന്നോട്ട് പോകില്ലേ എന്ന്. ആ ചോദ്യം ഇപ്പോള്‍ അവരോട് തിരിച്ചു ചോദിക്കുകയാണ്. പാലക്കാട്ടെ ജനങ്ങള്‍ക്കിടയിലുള്ള സാഹോദര്യവും ഐക്യവും അതുപോലെ മുന്നോട്ട് പോകും. ഇത് സംഘര്‍ഷങ്ങളുടെ നാടല്ല. വ്യക്തിഅധിക്ഷേപങ്ങളുടെയോ വേട്ടയാടലുകളുടെയോ നാടല്ല. അവനവന്റെ രാഷ്ട്രീയം മുറുകെപ്പിടിക്കുമ്പോഴും പരസ്പരം സ്‌നേഹിക്കുന്ന ജനതയുള്ള നാടാണ്. ആ സ്‌നേഹത്തെ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന ജനതയുടെ തീരുമാനമാണ്", ഷാഫി പറഞ്ഞു.

രാഹുൽ ജയിക്കുമെന്ന് നേരത്തെ പറഞ്ഞത് ജനങ്ങളുടെ സ്നേഹം കണ്ടിട്ടാണെന്നും ഷാഫി പറഞ്ഞു.

"എല്ലാ സ്ഥലത്തും കോണ്‍ഗ്രസിന് വോട്ട് കൂടിയിട്ടുണ്ട്. വോട്ട് വര്‍ധിച്ച ഇടങ്ങള്‍ക്ക് ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ല. രാഹുലാണ് ഇവിടെ നിന്ന് ജയിക്കുക എന്ന് നേരത്തെ  പറഞ്ഞിരുന്നു. അത് ജനങ്ങളുടെ സ്‌നേഹം കണ്ടിട്ട് പറഞ്ഞതാണ്. പാലക്കാട് ജയിച്ചിട്ടല്ലേ ഇനി ഇങ്ങോട്ട് തിരിച്ചുവരൂ എന്നാണ് വടകരക്കാര് ചോദിച്ചത്. അവരോടുമുള്ള നന്ദി അറിയിക്കുന്നു. ജനങ്ങളാണ് രാഷ്ട്രീയത്തില്‍ വലുത്. ഒരു കള്ളപ്രചാരണത്തിനും അത് തകര്‍ക്കാന്‍ കഴിയില്ല". ബിജെപിയുടെയും സിപിഎമ്മിന്റെയും ഒരേ സ്വരം കേരള രാഷ്ട്രീയം ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഒരു മന്ത്രി നേരിട്ട് നിന്നിട്ടാണ് ഇത്തരം തിരക്കഥകള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.