പാലക്കാട് ഇന്നോളം കണ്ടിട്ടില്ല ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് ആവേശം. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ഒന്നിന് പിറകേ ഒന്നായി വിവാദങ്ങൾ. അവസാന ലാപ്പ് വരെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ. ഒരു ഉപതിരഞ്ഞെടുപ്പ് ആയിരുന്നിട്ട് പോലും അതിന്റെ യാതൊരു ആലസ്യവും പ്രകടമാകാത്ത കൊണ്ടുപിടിച്ച പ്രചാരണങ്ങൾ. നാടകാന്ത്യം റെക്കോഡ് ഭൂരിപക്ഷത്തോടെ മണ്ഡലം വലതിനൊപ്പം തന്നെ അടിയുറച്ചുനിന്നു. ചരിത്ര വിജയത്തോടെ ഷാഫി പറമ്പിൽ എം.പിയുടെ പിൻഗാമിയായി പാലക്കാട്ട് ഇനി രാഹുൽ മാങ്കൂട്ടത്തിൽ വാഴും. 

To advertise here,

ഇക്കാലമത്രയും വലിയ ഭൂരിപക്ഷത്തിൽ ഒരു സ്ഥാനാർഥിയും വിജയിക്കാത്ത മണ്ഡലമായിരുന്നു പാലക്കാട്. 2016 ൽ ഷാഫി നേടിയ 17,483 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ആ റെക്കോഡും പഴങ്കഥയാക്കിയാണ് നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തിൽ രാഹുൽ കൊടിപാറിച്ചത്. ഭൂരിപക്ഷം 18840 വോട്ടുകൾ. കഴിഞ്ഞ തവണ മെട്രോമാനെതിരേയുള്ള പോരാട്ടത്തിൽ ഷാഫി കയറിക്കൂടിയത് 3859 വോട്ടിനായിരുന്നു. 2011ൽ മണ്ഡലത്തിലെ ആദ്യ അങ്കത്തിൽ ഷാഫിക്ക് കിട്ടിയ ഭൂരിപക്ഷം 7403 വോട്ടും. ശക്തമായ ത്രികോണ മത്സരം നടന്നിട്ടും ഭൂരിപക്ഷം നാലിരട്ടിയിലേറെ വർധിപ്പിക്കാൻ രാഹുലിനായത് ചില്ലറക്കാര്യമല്ല. 

രാഹുലിന്റെ മിന്നും വിജയം ഷാഫിക്കും വലിയ നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല. ഷാഫിയുടെ നോമിനിയാണ് രാഹുൽ എന്നതായിരുന്നു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്ന വിമർശനം. മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഹുലിനൊപ്പം മണ്ഡലത്തിലെ മുക്കും മൂലയും നന്നായി അറിയുന്ന ഷാഫി ഒരു നിഴൽപോലെ പ്രചാരണത്തിലുടനീളം ഒപ്പംനിന്നു. കെ മുരളീധരന്റെ പേര് ഉൾപ്പെടെ ഉയർന്നുകേട്ട മണ്ഡലത്തിൽ, സ്ഥാനാർഥിയായി രാഹുലിന് അവസരം കൊടുത്ത വി.ഡി സതീശനും ഈ വിജയം വലിയൊരു പൊൻതൂവലാണ്. ഒരുപക്ഷേ വാശിയേറിയ പോരാട്ടത്തിൽ രാഹുൽ എങ്ങാനം തോറ്റിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽനിന്ന് തന്നെ ഉയരുന്ന പല ചോദ്യങ്ങൾക്കും സതീശൻ ഉത്തരം പറയേണ്ടി വന്നേനെ. 

വിവാദങ്ങളുടെ സ്വന്തം പാലക്കാട്

ഇത്രയധികം വിവാദങ്ങളുണ്ടായ ഒരു തിരഞ്ഞെടുപ്പിന് കേരളം ഇതിനുമുമ്പ് സാക്ഷ്യംവഹിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ തുടങ്ങിയതാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പാർട്ടിക്കെതിരേ പരസ്യ നിലപാടെടുത്ത സരിൻ നേരംപുലർന്നപ്പോഴേക്കും മറുകണ്ടം ചാടി ഇടത് സ്ഥാനാർഥിയായി. പിന്നാലെയെത്തി കത്തുവിവാദം. പാതിരാത്രി നടന്ന ട്രോളി വിവാദം പോലുള്ള അതിക്രമങ്ങളും വലിയ ചർച്ചയായി.

ഇരട്ട വോട്ട് വിവാദവും പരസ്യവിവാദവും എല്ലാമായി സംഭവബഹുലമായിരുന്നു പ്രചാരണ കാലഘട്ടം. ഏറ്റവും ഒടുവിൽ കടുത്ത കോൺഗ്രസ് വിമർശകനായ സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ നാടകീയ രംഗങ്ങൾക്കും പാലക്കാടൻ ഉപതിരഞ്ഞെടുപ്പ് സാക്ഷിയായി. ഇങ്ങനെ വിവാദമൊഴിഞ്ഞ് ഒരുനാൾ പോലുമില്ലായിരുന്നു പ്രാചരണത്തിൽ.

വോട്ടെണ്ണലിലുമുണ്ടായിരുന്നു ആ സസ്‌പെൻസ്. ആദ്യം എണ്ണിത്തുടങ്ങിയത് പാലക്കാട് നഗരസഭയിലെ വോട്ടുകളായിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രം. അവിടെ ലീഡ് പിടിക്കാൻ സാധിച്ചെങ്കിലും കഴിഞ്ഞ തവണ നേടിയ അത്രത്തോളം വോട്ടുകൾ നഗരസഭാ പരിധിയിൽ ബിജെപി അക്കൗണ്ടിൽ വീണില്ല. തുടർന്നിങ്ങോട്ട് തങ്ങളുടെ ശക്തികേന്ദ്രമായ പിരായിരിയിൽ ശക്തമായ മുന്നേറ്റം നടത്തിയതോടെ കാര്യങ്ങൾ രാഹുലിന് അനുകൂലമായി. ഇടതിന് ആധിപത്യമുള്ള കണ്ണാടിയിലും മാത്തൂരും വലതിനൊപ്പം നിന്നതോടെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും രാഹുൽ പോക്കറ്റിലാക്കി. 

എ ക്ലാസ് മണ്ഡലത്തിൽ കാലിടറി ബിജെപി 

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ ഷാഫി പറമ്പിൽ വടകര വഴി പാർലമെന്റിലേക്ക് വണ്ടി കയറിയതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. ഇതോടെ തങ്ങളുടെ എ ക്ലാസ് മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാൻ വീണുകിട്ടിയ സുവർണാവസരം മുതലെടുക്കാൻ ബിജെപി ഒരുപിടി മുമ്പേ കരുക്കൾ നീക്കി. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു എന്നതിലായിരുന്നു ബിജെപി പ്രതീക്ഷ.

മണ്ഡലത്തിനുള്ളിൽ സുപരിചിതനായ ഏറെ സ്വാധീനമുള്ള സി കൃഷ്ണകുമാറിനെ തന്നെ അവർ സ്ഥാനാർഥിയാക്കി. എന്നാൽ 2021-ൽ വ്യക്തിപ്രഭാവത്തിൽ ശ്രീധരനുണ്ടാക്കിയ നേട്ടം കൊയ്യാൻ കൃഷ്ണകുമാറിനായില്ല. കഴിഞ്ഞ തവണ ഇ ശ്രീധരൻ 50220 വോട്ടുകൾ പിടിച്ച സ്ഥാനത്ത് സി കൃഷ്ണകുമാറിന് കിട്ടിയതാകട്ടെ 40000ത്തോളം വോട്ടുകൾ മാത്രം. ബിജെപി സംസ്ഥാന സമിതി അംഗവും പാലക്കാട് ജില്ലക്കാരൻ കൂടിയായ സന്ദീപ് വാര്യർ പാർട്ടി വിട്ടതും ബിജെപിക്ക് തിരിച്ചടിയേകിയെന്നു വേണം അനുമാനിക്കാൻ. 

മണ്ഡലത്തിൽ ബിജെപിയിൽ തലയെടുപ്പുള്ളവർ സ്ഥാനാർഥികളായി വരുമ്പോഴൊക്കെ വോട്ട് വിഹിതം വലിയ തോതിൽ കൂടാറുണ്ട്. രാജ്യത്ത് ബിജെപി ചുവടുറപ്പിച്ചു തുടങ്ങിയ ഈ കാലത്തല്ല, അതിനും നാലഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, 1970 ൽ, അന്നത്തെ ജനസംഘം സ്ഥാനാർഥിയായ ഒ രാജഗോപാലിന് 27.42 ശതമാനം വോട്ട് ഷെയറുണ്ടായിരുന്നു പാലക്കാട്ട്. സിപിഎം സ്ഥാനാർഥി ആർ കൃഷ്ണനാണ് അന്ന് ജയിച്ചത്. എന്നിട്ടും അന്ന് സിപിഎമ്മിന് നഷ്ടമായത്, തൊട്ടു മുമ്പത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ പിടിച്ച 14 ശതമാനം വോട്ട്. ബിജെപിക്ക് കൂടിയത് 17 ശതമാനം വോട്ട്. ആ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ നേടിയതിൽ കൂടുതൽ വോട്ടു വിഹിതം പിന്നെ ആ മുന്നണി നേടുന്നത് 2016 ൽ ശോഭാ സുരേന്ദ്രനിലൂടെയാണ്. ഇടയ്ക്ക് 2006 ൽ രാജഗോപാൽ പാലക്കാട്ടെ അദ്ദേഹത്തിന്റെ നാലാമങ്കത്തിൽ നേടിയത് 24.84 ശതമാനം വോട്ടാണ്. പക്ഷേ അന്ന് സിപിഎമ്മിനേക്കാൾ നഷ്ടം സംഭവിച്ചത് കോൺഗ്രസിനാണ്.

എവി ഗോപിനാഥൻ അന്ന് കോൺഗ്രസ്സുകാരനായി മത്സരിച്ചപ്പോൾ കുറഞ്ഞത് മുൻ തിരഞ്ഞെടുപ്പിനേക്കാൾ 13 ശതമാനം വോട്ടാണ്. സിപിഎമ്മിന് രണ്ടു ശതമാനവും. എന്നാൽ, ശോഭ സുരേന്ദ്രൻ മത്സരിച്ച 2016 ൽ ബിജെപിക്ക് പത്ത് ശതമാനം വോട്ട് കൂടിയപ്പോൾ എൽഡിഎഫിന് കുറഞ്ഞത് ഏഴ് ശതമാനം, കോൺഗ്രസിന് 0.7 ശതമാനം. 2021 ൽ മെട്രോമാൻ മത്സരിച്ചപ്പോൾ എൽഡിഎഫിന് കുറഞ്ഞത് മൂന്ന് ശതമാനം യുഡിഎഫിനും മൂന്ന്. ചുരുക്കിപ്പറഞ്ഞാൽ എൻഡിഎക്ക് വോട്ടു വിഹിതം കൂടുമ്പോൾ പലപ്പോഴും നഷ്ടം എൽഡിഎഫിനാണ്.

മൂന്നാം തവണയും എൽഡിഎഫ് മൂന്നാമത് 

സരിനിലൂടെ ബിജെപിയുടെയും യുഡിഎഫിന്റെയും വോട്ട് ഭിന്നിപ്പിക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടലും പാടെ പിഴച്ചു. വോട്ടെണ്ണൽ ആരംഭിച്ച്‌ തുടക്കത്തിൽ മാത്രമായിരുന്നു സരിൻ ചെറിയൊരു മുന്നേറ്റമെങ്കിലും നടത്തിയത്. പിന്നീടിങ്ങോട്ട് രാഹുലിന്റെ തേരോട്ടമായിരുന്നു. ആവനാഴിയിലെ അവസാന അസ്ത്രമെന്നോളം സരിനെ ഒപ്പംകൂട്ടിയ രാഷ്ട്രീയ നീക്കം എൽഡിഎഫിന് കാര്യമായ നേട്ടം നൽകിയില്ല എന്നണ് തിരഞ്ഞെടുപ്പ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളെടുത്താൽ എൽഡിഎഫ് വോട്ട് വിഹിതം കുത്തനെ കുറഞ്ഞുവരുന്നതുകാണാം. 1996 ലെ തിരഞ്ഞെടുപ്പിൽ 43.20 ശതമാനം വോട്ട് ഷെയറുണ്ടായിരുന്ന എൽഡിഎഫ് 2021 ലെത്തുമ്പോൾ 25.64 ശതമാനം വോട്ട് ഷെയറുള്ള മണ്ഡലത്തിലെ മൂന്നാം സ്ഥാനത്തുള്ള പാർട്ടിയായി മാറി. കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽഡിഎഫിന് ഇത്തവണയും മണ്ഡലത്തിൽ ജീവവായു കിട്ടിയില്ല. മൂന്നാം തവണയും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 850 വോട്ടാണ് അധികമായി പിടിക്കാൻ കഴിഞ്ഞത്. സരിനെ ഒപ്പംകൂട്ടിയിട്ടും 27 ശതമാനം വോട്ട് മാത്രമാണ് എൽഡിഎഫിന് കിട്ടിയത്. 35.34 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ടുവിഹിതവും കുത്തനെ കുറഞ്ഞ് 28.63 ശതമാനത്തിലേക്കെത്തി. കഴിഞ്ഞ തവണ പിടിച്ചതിനെക്കാൾ നാല് ശതമാനത്തോളം അധിക വോട്ട് പിടിച്ച രാഹുൽ വോട്ടുവിഹിതം 42.27 ശതമാനത്തിലേക്കും ഉയർത്തി. 

മണ്ഡല ചരിത്രം...

കേരളപ്പിറവിക്ക് ശേഷം 1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ പാലക്കാട് മണ്ഡലമുണ്ട്. എന്നാൽ ഇതാദ്യമായിട്ടായിരുന്നു പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 57-ലെ ആദ്യ പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമായിരുന്നു മണ്ഡലം. 60ലും പാലക്കാട് വലത്തോട്ട് തന്നെ ചാഞ്ഞു. എന്നാൽ പിന്നീടുള്ള രണ്ട് തവണ ആർ കൃഷ്ണനിലൂടെ മണ്ഡലം ചുവന്നു. തുടർന്നിങ്ങോട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സിഎം സുന്ദരം പാലക്കാടിന്റെ മുഖമായി മാറി. തുടർച്ചയായ അഞ്ച് തവണ സുന്ദരം പാലക്കാട് നിന്ന് നിയമസഭയിലേക്കെത്തി.

1996-ൽ ടികെ നൗഷാദിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് കോൺഗ്രസിന്റെ കെ ശങ്കരനാരായണനും 2006-ൽ എൽഡിഎഫിന്റെ കെകെ ദിവാകരനും മണ്ഡലത്തിൽ ജയിച്ചുകയറി. പിന്നീട് 2009-ലെ മണ്ഡല പുനസംഘടനക്ക് ശേഷം പാലക്കാട് നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ജയിച്ചത് ഷാഫി പറമ്പിലാണ്. അഞ്ചുതവണ ജയിച്ച സി.എം സുന്ദരത്തിന് ശേഷം പാലക്കാട് ഏറ്റവും കൂടുതൽ തവണ ജയിപ്പിച്ചു വിട്ടതും ഷാഫിയെ തന്നെ.