ഉപതിരഞ്ഞെടുപ്പില്‍ നിറംമങ്ങി പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ഡി.എം.കെ. ചേലക്കരയില്‍ ഏറെ പ്രതീക്ഷയോടെ മത്സരിച്ചെങ്കിലും പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് നേടാനായത് 3920 വോട്ടുകള്‍ മാത്രം. മുന്‍ കോണ്‍ഗ്രസ് നേതാവായ എന്‍.കെ. സുധീറിനെയാണ് പി.വി. അന്‍വര്‍ ചേലക്കരയില്‍ കളത്തിലിറക്കിയത്. എന്നാല്‍, ചേലക്കരയില്‍ വ്യക്തമായ ലീഡ് നേടിയായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപിന്റെ ജയം. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനും ഡി.എം.കെ. സ്ഥാനാര്‍ഥി കാര്യമായ വെല്ലുവിളിയായില്ല.
സൈബറിടത്തില്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും 'കടന്നല്‍രാജ' എന്ന് വിശേഷിപ്പിച്ചിരുന്ന പി.വി. അന്‍വര്‍ ഉപതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് പാര്‍ട്ടിയുമായും സര്‍ക്കാരുമായും ഇടഞ്ഞത്. ആദ്യം പോലീസിനെതിരേയും എ.ഡി.ജി.പി. അജിത്കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേയും കലാപക്കൊടി ഉയര്‍ത്തിയ പി.വി. അന്‍വര്‍ പിന്നാലെ മുഖ്യമന്ത്രിക്കെതിരേ തന്നെ തുറന്നടിച്ചു. ഇതോടെ ഇടതുമുന്നണി പി.വി. അന്‍വറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. തുടര്‍ന്നാണ് പി.വി. അന്‍വര്‍ സ്വന്തം രാഷ്ട്രീയ കൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡി.എം.കെ) രൂപവത്കരിച്ചത്.
ഇടതുമുന്നണിയുമായി ഇടഞ്ഞ പി.വി. അന്‍വര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാടും ചേലക്കരയിലും തന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കാണ് പിന്തുണയെന്നും പ്രഖ്യാപിച്ചു. പാലക്കാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലി നടത്തിയ അതേവേദിയിലാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണെന്ന് പി.വി. അന്‍വര്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി. ജയിക്കാതിരിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ നിരുപാധികം പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അന്‍വറിന്റെ ഡി.എം.കെ.യുടെ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.
മുന്‍ കോണ്‍ഗ്രസ് നേതാവായിട്ട് പോലും എന്‍.കെ. സുധീറിന് ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ട് കാര്യമായ വോട്ടൊന്നും നേടാനായില്ല. ഇതോടെ ഉപതിരഞ്ഞെടുപ്പിലൂടെ കരുത്ത് കാണിക്കാമെന്ന പി.വി. അന്‍വറിന്റെ പ്രതീക്ഷയും പാളി. ഇനി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എങ്ങനെയായിരിക്കും ഡി.എം.കെ.യുടെ രാഷ്ട്രീയതന്ത്രങ്ങളെന്ന് കാത്തിരുന്ന് കാണണം. ഇടതുമുന്നണി വിട്ട അന്‍വറിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നതും കാത്തിരുന്ന് കാണാം.
Content Highlights: pv anvar dmk votes in chelakkara byelection
Published: 23 Nov 2024, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented